Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> കഷ്ടപ്പാടുകള്‍ക്കിടയിലും ചിരിക്കാന്‍ മറക്കരുത്

കഷ്ടപ്പാടുകള്‍ക്കിടയിലും ചിരിക്കാന്‍ മറക്കരുത്

Sathyadeepam

ജീവിതം എത്ര ദുഷ്കരമായി തീര്‍ന്നാലും പ്രത്യാശ കൈവിടരുത്. ആ പ്രത്യാശയെ ചിരിയിലൂടെ പ്രകാശിപ്പിക്കുകയും ചെയ്യുക. പുറപ്പാടു വേളയില്‍ മരുഭൂമിയില്‍ ഇസ്രായേല്‍ക്കാര്‍ വലിയ ദുരിതമനുഭവിച്ചു. ഉപേക്ഷിക്കപ്പെട്ടതായി കരുതിയ അവര്‍ പ്രത്യാശ ഇല്ലാത്തവരായി. മരുഭൂമി ജീവിക്കാന്‍ ബുദ്ധിമുട്ടേറിയ സ്ഥലമാണ്. പക്ഷേ ഈ മരുഭൂമിക്കുള്ളില്‍ വച്ചു തന്നെയാണു വീണ്ടും മുന്നോട്ടു നടക്കാനും വാഗ്ദത്തഭൂമിയിലേയ്ക്കും ദൈവത്തിലേയ്ക്കും തിരികെയെത്താനും വീണ്ടും ചിരിക്കാനും അവര്‍ പ്രാപ്തരായത്.

അന്ധകാരത്തിലും ബുദ്ധിമുട്ടിലുമായിരിക്കുമ്പോള്‍ ചിരി വരില്ല. പക്ഷേ ദൈവത്തെ കണ്ടെത്താനുള്ള പാതയില്‍ മുന്നേറുമ്പോള്‍ ചിരിക്കാന്‍ പ്രത്യാശ നമ്മെ പഠിപ്പിക്കുന്നു. ഒരാള്‍ ദൈവത്തില്‍ നിന്നു അടര്‍ന്നു മാറിയെന്നതിന്‍റെ തെളിവ് ചിരിയുടെ അഭാവമാണ്. ഈ മനുഷ്യര്‍ പൊട്ടിച്ചിരിക്കുകയോ തമാശ പറയുകയോ ചെയ്യുന്നുണ്ടാവാം. ഇല്ലാത്തത് പുഞ്ചിരിയാണ്. അതു ദൈവത്തിനു മാത്രമേ നല്‍കാനാവൂ.

ജീവിതം പലപ്പോഴും ഒരു മരുഭൂമി പോലെയാണ്. അതിലൂടെ നടക്കുക കഠിനമാണ്. പക്ഷേ നാം നമ്മെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചാല്‍ അതു മനോഹരമാകുകയും പ്രധാനപാത പോലെ വിശാലമാകുകയും ചെയ്യും. പ്രത്യാശ നഷ്ടപ്പെടാതിരിക്കുക, വിശ്വാസത്തില്‍ തുടരുക, അതു മാത്രം മതിയാകും. ഒരു കൊച്ചുകുഞ്ഞിനെ കാണുമ്പോള്‍ നമ്മുടെ മുഖത്ത് നാമറിയാതെ പുഞ്ചിരി വിടരുന്നു. കാരണം കുഞ്ഞ് ഒരു പ്രത്യാശയാണ്. ബുദ്ധിമുട്ടേറിയ ദിവസങ്ങളിലും പുഞ്ചിരിക്കുക. കാരണം നാം പ്രത്യാശ കാണുന്നുണ്ട്.

(വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ബുധനാഴ്ചകളിലെ പൊതുദര്‍ശനവേളയില്‍ നല്‍കിയ പ്രഭാഷണത്തില്‍ നിന്ന്.)

Leave a Comment

*
*