Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> ജ്ഞാനസ്നാനം ക്രൈസ്തവവിശ്വാസത്തിന്‍റെ മുദ്രയാണ്

ജ്ഞാനസ്നാനം ക്രൈസ്തവവിശ്വാസത്തിന്‍റെ മുദ്രയാണ്

ഡോ. കൊച്ചുറാണി ജോസഫ്

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ എല്ലാ ബുധനാഴ്ചയും ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന തുടര്‍ മതബോധനപരമ്പരയില്‍ കൂദാശകളുടെ തുടക്കമായ ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള പഠനം തുടര്‍ന്നു. ഓരോ കൂദാശകളുടെയും തനിമയും ഉള്ളടക്കവും മനസ്സിലാക്കിയാല്‍ മാത്രമെ അതിന്‍റെ കാതലായ അര്‍ത്ഥവും വ്യാപ്തിയും നമുക്ക് ഉള്‍ക്കൊള്ളാനാവുകയുള്ളു. മാമ്മോദീസാ ക്രൈസ്തവവിശ്വാസത്തിന്‍റെ അടയാളവും മുദ്രയുമാണ്. ജ്ഞാനസ്നാനത്തിലുപയോഗിക്കുന്ന പദങ്ങളും പ്രതീകങ്ങളും മനസ്സിലാക്കുന്നത് ക്രിസ്തുവിലുള്ള പുതുജീവിതം കൂടുതല്‍ ഫലദായകമാക്കാന്‍ ഉപകരിക്കും.

മാമ്മോദീസായുടെ തുടക്കത്തില്‍തന്നെ കുട്ടിക്ക് എന്തു പേരിടണമെന്ന് ജ്ഞാനസ്നാന മാതാപിതാക്കളോട് കാര്‍മികന്‍ ചോദിക്കുന്നു. അന്ന് സ്വീകരിക്കുന്ന പേര് വളരെ പ്രധാനപ്പെട്ടതാണ്. പേര് ചൊല്ലി വിളിക്കുന്നത് നമ്മുടെ ക്രൈസ്തവ വ്യക്തിത്വത്തിന്‍റെ സവിശേഷമായ അനന്യതയെ സൂചിപ്പിക്കുന്നു. നമ്മളോരോരുത്തരും പ്രത്യേകമായ വിധത്തില്‍ വ്യക്തിപരമായി ദൈവത്താല്‍ സ്നേഹിക്കപ്പെട്ടവരാണ് എന്ന് ഈ പേര് വ്യക്തമാക്കുന്നു. അനുദിനജീവിതത്തിലെ ഓരോ നിമിഷവും ആ സ്നേഹത്തിന് പ്രത്യുത്തരമായി ജീവിക്കേണ്ടതാണെന്നും ഈ പേര് നമ്മളെ നിരന്തരം ഓര്‍മപ്പെടുത്തുന്നു. അതുകൊണ്ട് മാമ്മോദീസ വ്യക്തിപരമായ പ്രത്യുത്തരമാണ്, അല്ലാതെ കമ്പ്യൂട്ടര്‍ സ്ക്രീനിലെ പോലെ വെറും കട്ട് ആന്‍റ് പേസ്റ്റ് അഥവാ കോപ്പി എടുത്ത് പതിക്കലല്ല.

ക്രൈസ്തവജീവിതത്തില്‍ “വിളിയും പ്രത്യുത്തരവും” എപ്പോഴും നിരന്തരം ഇഴചേര്‍ന്നുനില്‍ക്കുന്നതാണ്. ജ്ഞാനസ്നാനത്തിലൂടെ ആരംഭിക്കുന്ന വിശ്വാസത്തിലും വിശുദ്ധിയിലുമുള്ള യാത്രയും അതിന്‍റെ വളര്‍ച്ചയും നിരന്തരം തുടരേണ്ടതാണ്. മാമ്മോദീസ സ്വീകരിക്കുന്ന ശിശുവിന്‍റെ നെറ്റിത്തടത്തില്‍ പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാന്മാവിന്‍റെയും നാമത്തില്‍ കുരിശടയാളം വരയ്ക്കുന്നു. മുന്‍ പ്രബോധനങ്ങളില്‍ പറഞ്ഞതുപോലെ ഈ കുരിശുവരയും നമ്മുടെ ദൈനംദിനജീവിതചര്യയായി മാറണം. തുടര്‍ന്ന് തൈലം പൂശി അഭിക്ഷേകം നടത്തുന്നു. ജലത്താലും പരിശുദ്ധാത്മാവിലും വീണ്ടും ജനിച്ച് നമ്മള്‍ ദൈവമക്കളായിത്തീര്‍ന്ന് പിതാവായ ദൈവത്തിന്‍റെ അനശ്വരപുത്രനായ ക്രിസ്തുവിനോടൊപ്പം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ബന്ധത്തിലേക്കുള്ള ആദ്യപടിയാണിത്. തുടര്‍ന്ന് യേശുക്രിസ്തുവിലും അവിടുത്ത സഭയിലുമുള്ള വിശ്വാസത്തില്‍ കുഞ്ഞിനെ വളര്‍ത്തിക്കൊള്ളാമെന്ന് ജ്ഞാനസ്നാന മാതാപിതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

മാമ്മോദീസ ഒരു ആഘോഷമാണ്. ഈ ആഘോഷം ക്രിസ്തുവിന്‍റെ സ്വന്തമായിത്തീര്‍ന്ന് ക്രൈസ്തവജീവിത രക്ഷാകരരഹസ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവയ്പാണ്. അനുനിമിഷം നമ്മള്‍ അനുധാവനം ചെയ്യുന്ന ജീവസ്സുറ്റതും ശക്തവുമായ ജീവിതക്രമത്തിലേക്കാണ് ഈ ആഘോഷം നമ്മളെ എത്തിക്കുന്നത്.

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. പേരിലാണ് എല്ലാം ഇരിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്. മാമ്മോദീസയില്‍ സ്വീകരിച്ച പേരിനെ എത്ര പേര്‍ ഗൗരവപരമായി എടുക്കുന്നുണ്ട് എന്നത് ഏറെ ചിന്തിക്കേണ്ടതാണ്. മാമ്മോദീസ ദിവസം നടത്തുന്ന ആഘോഷങ്ങളിലും അനുബന്ധസല്‍ക്കാരങ്ങളിലും ഈ കൂദാശയുടെ തനിമയും വിളിയും നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം. ഐര്‍ലന്‍റ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, മലേഷ്യ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് വിശ്വാസികള്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു. ഡബ്ളിനില്‍ നടക്കാന്‍ പോവുന്ന ലോകകുടുംബസമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ക്ക് ഐര്‍ലന്‍റിലെ സഭ നല്‍കുന്ന എല്ലാ പിന്തുണയ്ക്കും പാപ്പ നന്ദി പറഞ്ഞു.

Leave a Comment

*
*