വ്യക്തിപരമായ മാനസാന്തരം അടിയന്തിരമായ ആവശ്യം

Published on

വ്യക്തിപരമായ മാനസാന്തരം അടിയന്തിരമായ ആവശ്യമാണ്. ഇതില്ലെങ്കില്‍ സാത്താന്‍റെ പ്രലോഭനങ്ങളും തിന്മയുടെ സാന്നിദ്ധ്യവും ചേര്‍ന്ന് ഭൂമിയില്‍ നരകം സൃഷ്ടിക്കും. യേശുവിന്‍റെ മരണ, ഉത്ഥാനങ്ങളുടെ സദ്വാര്‍ത്ത ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതില്‍ നിന്ന് ക്രൈസ്തവമായ ആനന്ദം പ്രവഹിക്കുന്നു. നമ്മുടെ ജീവിതം നമ്മുടെ സ്വന്തമാണെന്നും അതുകൊണ്ട് നമുക്കെന്തും ചെയ്യാമെന്നുമുള്ള നുണയെ നിരാകരിക്കുന്നവരാണ് സദ്വാര്‍ത്തയില്‍ വിശ്വസിക്കുന്നവര്‍. നുണകളുടെ പിതാവിന്‍റെ പ്രലോഭനീയമായ ശബ്ദത്തിനു ചെവി കൊടുക്കുമ്പോള്‍ നാം അസംബന്ധത്തിലേയ്ക്കും ഭൂമിയിലെ നരകാനുഭവത്തിലേയ്ക്കും ആണ്ടു പോകുകയാണു ചെയ്യുന്നത്.

നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ക്രൈസ്തവജീവിതത്തിന്‍റെ മൂലക്കല്ല് യേശുവിന്‍റെ മരണവും ഉത്ഥാനവുമാണ്. അതിനായി ഒരുങ്ങാനുള്ള ഒരവസരമാണ് നോമ്പുകാലത്തിലൂടെ ദൈവം കത്തോലിക്കര്‍ക്കു നല്‍കുന്നത്. ഉദാസീനത വെടിയാനും കൃതജ്ഞതാഭാവത്തോടെ ഉണരാനും നോമ്പിനെ ഒരവസരമാക്കണം.

കുരിശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവിന്‍റെ നീട്ടിയ കരങ്ങളില്‍ നിങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുക. വീണ്ടും വീണ്ടും രക്ഷിക്കപ്പെടാന്‍ സ്വയം അനുവദിക്കുക. പാപങ്ങള്‍ കുമ്പസാരിക്കാന്‍ പോ കുമ്പോള്‍ കുറ്റബോധത്തില്‍ നിന്നു സ്വതന്ത്രരാക്കുന്ന അവിടുത്തെ കാരുണ്യത്തില്‍ ഉറച്ചു വിശ്വസിക്കുക. മഹാസ്നേഹത്തോടെ അവനില്‍ നിന്നൊഴുകുന്ന രക്തത്തെ ധ്യാനിക്കുക, അതില്‍ സ്വയം ശുദ്ധീകരിക്കപ്പെടുക. ഇപ്രകാരം വീണ്ടും പുതുതായി ജനിക്കുക. പ്രാര്‍ത്ഥന വെറുമൊരു കടമയല്ല. ദൈവസ്നേഹത്തോടുള്ള നമ്മുടെ പ്രതികരണമാണത്. അതാണു നമ്മെ നിലനിറുത്തുന്നത്. അര്‍ഹതയില്ലെങ്കിലും തങ്ങള്‍ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോദ്ധ്യത്തോടെയാണു ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുന്നത്.

(നോമ്പുകാല സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org