വൈദികാധിപത്യചിന്തയും ശാഠ്യങ്ങളും ക്രിസ്തുവിനെ അറിയുന്നതിനു തടസ്സമാകുന്നു

വൈദികാധിപത്യചിന്തയും ശാഠ്യങ്ങളും ക്രിസ്തുവിനെ അറിയുന്നതിനു തടസ്സമാകുന്നു

മുന്‍വിധിയോടെയുള്ള സമീപനങ്ങള്‍ക്കു ക്രൈസ്തവര്‍ അടിമകളായാല്‍ ക്രിസ്തുവിന്‍റെ ദിവ്യതയെ തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെടും. അവ വിശ്വാസത്തിനു മാര്‍ഗതടസ്സങ്ങളായി മാറും. വൈദികാധിപത്യചിന്ത, ശാഠ്യങ്ങള്‍, ധനത്തോടുള്ള മാനസീകബന്ധം എന്നിവ ക്രൈസ്തവരെ അടിമകളാക്കുകയും ക്രിസ്തുവിനെ പൂര്‍ണമായി മനസ്സിലാക്കുന്നതില്‍ നിന്ന് അവ അവരെ തടയുകയും ചെയ്യും. സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നതാണ് ഇവയുടെയെല്ലാം പൊതുവായ ഘടകം. സ്വാതന്ത്ര്യമില്ലാതെ ആര്‍ക്കും ക്രിസ്തുവിനെ പിന്‍ചെല്ലാനാകില്ല.

ക്രിസ്തുവിനെ ശരിയായി അറിയുന്നതില്‍നിന്ന് ആളുകളെ തടയുന്ന ഒരു പ്രധാന കാര്യം ധനമാണ്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയില്‍കൂടി കടക്കുന്നതിനേക്കാള്‍ പ്രയാസമാണെന്ന യേശുവിന്‍റെ വാക്യത്തില്‍നിന്ന് അതു വ്യക്തമാണ്. സ്വത്തുവകകള്‍ മുമ്പോട്ടുള്ള പ്രയാണത്തിനു തടസ്സങ്ങളാകുന്നു. നാം നിര്‍ധനരാകണമെന്നാണോ അതിനര്‍ത്ഥം? അല്ല. പക്ഷേ ധനത്തിന് അടിമകളാകരുത്. ധനത്തിനു വേണ്ടി ജീവിക്കരുത്. കാരണം, ധനം ഒരു യജമാനനാണ്. ലോകത്തിന്‍റെ യജമാനന്‍. രണ്ടു യജമാനന്മാരെ നമുക്കു സേവിക്കാനാകില്ല.

വിശ്വാസപരമായ കാര്‍ക്കശ്യങ്ങളും ശാഠ്യങ്ങളും വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്ന അജപാലകര്‍ നിരവധിയുണ്ട്. ഈ ശാഠ്യങ്ങള്‍ യേശുവാകുന്ന വാതില്‍ കടക്കാന്‍ നമ്മെ സഹായിക്കുന്നവയല്ല. നിയമങ്ങള്‍ അവ അക്ഷരാര്‍ത്ഥത്തില്‍ എന്നതിനേക്കാള്‍, നമ്മുടെ അനുയോജ്യമായ വ്യാഖ്യാനമനുസരിച്ചു പാലിക്കപ്പെടുക എന്നതാണു പ്രധാനം. യേശുവിനെ അനുഗമിച്ചുകൊണ്ടു മുന്നേറുന്നതിനുള്ള സ്വാതന്ത്ര്യമാണത്.

വിശ്വാസികളുടെ വിശ്വാസത്തിന്‍റെ സ്വാതന്ത്ര്യം എടുത്തു മാറ്റുന്ന ഒരു രോഗമാണ്, കത്തോലിക്കാസഭയിലെ വൈദികാധിപത്യചിന്ത. യേശുവിന്‍റെ അജഗണത്തിന്‍റെ ഭാഗമാകുന്നതില്‍നിന്ന് അതു നമ്മെ തടയുന്നു.

(താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org