ഭക്ഷണം പാഴാക്കുന്നത് കുറ്റകരമായ ഉദാസീനത

വിശപ്പെന്ന മാരകവിപത്തിനെതിരായ പോരാട്ടത്തിനു ഭക്ഷണമാലിന്യത്തിനെതിരായ പോരാട്ടമെന്നും അര്‍ത്ഥമുണ്ട്. ഭക്ഷണം കഴിക്കാനില്ലാത്തവരോടു പുലര്‍ത്തുന്ന ക്രൂരമായ ഉദാസീനതയാണ് മാലിന്യം വെളിവാക്കുന്നത്. അവഗണനയുടെ ഏറ്റവും പരുക്കനായ രൂപമാണ് പാഴാക്കല്‍.

ഭക്ഷണം വലിച്ചെറിയുക എന്നു പറഞ്ഞാല്‍ മനുഷ്യരെ വലിച്ചെറിയുക എന്നു തന്നെയാണ് അര്‍ത്ഥം. ഭക്ഷണത്തിന്‍റെ വില മനസ്സിലാക്കാതിരിക്കുന്നത് ശരിയല്ല. ഭക്ഷണവിതരണത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവകാരുണ്യസംഘടനകള്‍ അതു കാര്യക്ഷമമായി നിര്‍വഹിക്കണം. നന്മയുടെ നിര്‍വഹണത്തിനു ബുദ്ധിയും ആസൂത്രണമികവും തുടര്‍ച്ചയും ഇതിനായി ഒന്നിക്കുന്ന വ്യക്തികളുടെ സമഗ്രദര്‍ശനവും ഉണ്ടാകണം. പരസ്പരം കരുതലുള്ളവരാകാതെ നന്മ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന നല്ല സംരംഭങ്ങള്‍ പോലും അനാവശ്യമായ ഉദ്യോഗസ്ഥസംവിധാനവും ഭരണച്ചിലവുകളും മൂലം ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നല്‍കാത്തവയായി മാറാം.

മറ്റുള്ളവര്‍ക്കു വേണ്ടി സംസാരിക്കുക എപ്പോഴും എളുപ്പമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി നല്‍കുക കൂടുതല്‍ ദുഷ്കരമാണ്. പക്ഷേ അപ്രകാരം നല്‍കുന്നതുകൊണ്ടു മാത്രമേ കാര്യമുള്ളൂ. ഭക്ഷണം പാഴാക്കുന്ന ദൂഷിതവലയത്തെ നന്മവലയം ആക്കി മാറ്റാന്‍ ഭക്ഷ്യബാങ്കുകള്‍ ഉപകരിക്കും.

നന്മയ്ക്കായി കാര്യങ്ങള്‍ക്കു മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവരെ നാം പിന്തുണയ്ക്കേണ്ടതുണ്ട്. സാമൂഹ്യസമത്വത്തില്‍ അധിഷ്ഠിതമായ വളര്‍ച്ചയുടെ മാതൃകകളെ നാം പ്രോത്സാഹിപ്പിക്കണം. മനുഷ്യവ്യക്തികളുടേയും കുടുംബങ്ങളുടേയും അന്തസ്സിലും യുവജനങ്ങളുടെ ഭാവിയിലും പരിസ്ഥിതിസംരക്ഷണത്തിലും അധിഷ്ഠിതമായ മാതൃകകളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.

(യൂറോപ്യന്‍ ഭക്ഷ്യബാങ്കുകളുടെ ഫെഡറേഷനിലെ അംഗങ്ങള്‍ പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org