പാവങ്ങളെ കാണുക, യേശുവിന്‍റെ ഹൃദയത്തോടെ അവരോടു സംസാരിക്കുക

പാവങ്ങളെ കാണുക, യേശുവിന്‍റെ ഹൃദയത്തോടെ അവരോടു സംസാരിക്കുക

പുറത്തേയ്ക്കു പോയി പാവപ്പെട്ടവരെ കാണുക, അവരെ കേള്‍ക്കുക, യേശുവിന്‍റെ ഹൃദയത്തോടെ അവരോടു സംസാരിക്കുക. തന്നോടു കരയുന്ന തന്‍റെ പാവപ്പെട്ടവരുടെ അടുത്തേയ്ക്കു നാം പോകുകയും അവരെ കാണുകയും തന്‍റെ ഹൃദയത്തോടു കൂടി അവരെ കേള്‍ക്കാന്‍ തയ്യാറാകുകയും ചെയ്യുമ്പോള്‍ കര്‍ത്താവ് ആഹ്ലാദിക്കും. മറ്റുള്ളവരെ കാണുക, അവരുമായി സംഭാഷണത്തിലേര്‍പ്പെടുക, അവരെ എളിമയോടെ ശ്രവിക്കുക. ഇതൊരു ഭാരമേറിയ പ്രവൃത്തിയായിട്ടല്ല, ആത്മീയ ലാഘവത്വത്തോടെ ചെയ്യുക. പ്രവര്‍ത്തനങ്ങളുടെ ആകുലതകളില്‍ പെടാതെ ദൈവസാന്നിദ്ധ്യവും ദൈവകര്‍മ്മവും അറിയാന്‍ കഴിയുന്ന തരത്തില്‍ കാഴ്ച വിപുലമാക്കുക എന്നതാണു പ്രധാനം. സ്നേഹത്തില്‍ നിന്നുത്ഭവിക്കുന്ന ധ്യാനമാണത്.

വിശ്വാസത്തില്‍നിന്നും സഭയില്‍ നിന്നും അകന്നു കഴിയുന്നവരെ സമീപിക്കാന്‍ അജപാലകര്‍ക്കു സാധിക്കണം. ക്രിസ്തുവിനു ആവശ്യമില്ലാത്തതോ വീണ്ടും ജനിക്കാന്‍ കഴിയാത്തതോ ആയ മാനവഹൃദയങ്ങള്‍ ഒന്നുപോലുമില്ല എന്ന ബോദ്ധ്യത്തോടെയാകണം ഇതു ചെയ്യേണ്ടത്. പാപികളായിട്ടുളള നമ്മുടെ ജീവിതത്തില്‍ നാം പലപ്പോഴും കര്‍ത്താവില്‍നിന്ന് മുഖം തിരിക്കുകയും ആത്മാവിനെ അണച്ചു കളയുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ആലയങ്ങളായ നമ്മെ സ്വയം നശിപ്പിക്കുന്നു. പക്ഷേ ഇതൊന്നും അന്തിമമല്ല. നമുക്കുള്ളിലെ തന്‍റെ ആലയം പുനഃനിര്‍മ്മിക്കാന്‍ കര്‍ത്താവിനു മൂന്നു ദിനങ്ങള്‍ മതി.

സുവിശേഷവും യേശുക്രിസ്തുവുമാകണം സഭയുടെ അടിത്തറ. ഇതല്ലാത്ത മറ്റെന്തെങ്കിലും കൂടുതല്‍ ലൗകിക വിജയമോ ദ്രുത തൃപ്തിയോ നല്‍കുന്നുണ്ടെങ്കില്‍ അത് അനിവാര്യമായും തകരും. ആ തകര്‍ച്ചയാകട്ടെ മൊത്തം ആത്മീയഘടനയുടേയും തകര്‍ച്ചയായിരിക്കും. ശക്തമായി പ്രവര്‍ത്തിക്കാനും സമൂലമായ മാറ്റങ്ങള്‍ക്കു വിധേയരാകാനും അജപാലകര്‍ തയ്യാറാകണം. നിരവധി വിശുദ്ധര്‍ അങ്ങനെയുണ്ട്. അത്തരം ചില വിശുദ്ധരുടെ പെരുമാറ്റങ്ങള്‍ മനുഷ്യയുക്തി കൊണ്ടു മനസ്സിലാക്കാനായില്ലെന്നു വരും. ദൈവത്തിന്‍റെ ചിന്തകള്‍ മനുഷ്യരുടെ ചിന്തകള്‍ പോലെയല്ലെന്നു മനുഷ്യരെ അറിയിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്നവരാണ് അവര്‍.

(വി. ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍, ദരിദ്രര്‍ക്കു വേണ്ടിയുള്ള പ്രത്യേക വാരാചരണം ആരംഭിച്ചുകൊണ്ട് അര്‍പിച്ച ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org