സഭയുടെ നേതൃപദവികളില്‍ കൂടുതല്‍ സ്ത്രീകള്‍ ആവശ്യം

സഭയുടെ നേതൃരംഗത്ത് ഉപദേശകരായും ഭരണാധികാരികളായും കൂടുതല്‍ സ്ത്രീകളെ ഭയലേശമെന്യേ കൊണ്ടു വരേണ്ടതുണ്ട്. വത്തിക്കാന്‍ കാര്യാലയങ്ങളുടെ അദ്ധ്യക്ഷരായും സ്ത്രീകള്‍ വരേണ്ടതുണ്ട്. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്‍റെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് രണ്ടു സ്ത്രീകളെ കഴിഞ്ഞയാഴ്ച ഞാന്‍ പരിഗണിച്ചിരുന്നു. അതു സാദ്ധ്യമായില്ല. സ്ത്രീകളുടെ ഉപദേശം വളരെ പ്രധാനമാണ്. സഭാസംവിധാനത്തില്‍ സ്ത്രീകളുടെ പങ്കിന്‍റെ കാര്യത്തില്‍ നാമിനിയും വളരെ ദൂരം പോകാനുണ്ട്. ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വത്തിക്കാന്‍ അല്മായ-കുടുംബകാര്യാലയത്തില്‍ അണ്ടര്‍ സെക്രട്ടറിമാരായി രണ്ടു സ്ത്രീകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ രണ്ടു പേരും വിവാഹിതരും മക്കളുള്ളവരുമാണ്.

അല്മായപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതിന്‍റെ അര്‍ത്ഥം അല്മായരെ വൈദികവത്കരിക്കുക എന്നതാകരുത്. പലപ്പോഴും ഇതു സംഭവിക്കാറുണ്ട്. അര്‍ജന്‍റീനയില്‍ ആര്‍ച്ചുബിഷപ്പായിരുന്നപ്പോള്‍ ഒരു ഇടവകവികാരി എന്‍റെയടുക്കല്‍ വന്നു പറഞ്ഞു, "ഒരു നല്ല അല്മായന്‍ ഇടവകയിലുണ്ട്. എല്ലാ കാര്യങ്ങളും അറിയുന്നയാള്‍. അദ്ദേഹത്തെ ഡീക്കനാക്കിയാലോ?" അതല്ല ആവശ്യം. സ്ഥിരം ഡീക്കന്മാരെന്നാല്‍ ഒന്നാം ക്ലാസ് അള്‍ത്താര ശുശ്രൂഷികളോ രണ്ടാം ക്ലാസ് വൈദികരോ ആയി മാറുന്നതാണു പലപ്പോഴും കാണുന്നത്. ഇതു വൈദികവത്കരണമാണ്.

(വത്തിക്കാന്‍ അത്മായ-കുടുംബ കാര്യാലയത്തിന്‍റെ വാര്‍ഷികസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org