Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> പ്രത്യാശയുടെ പൂര്‍ത്തീകരണം സ്വര്‍ഗരാജ്യമാണ്

പ്രത്യാശയുടെ പൂര്‍ത്തീകരണം സ്വര്‍ഗരാജ്യമാണ്

ഡോ. കൊച്ചുറാണി ജോസഫ്

ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ മതബോധനപരമ്പര അതിന്‍റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു. പ്രത്യാശയുടെ പൂര്‍ത്തീകരണമായ സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള ദീപ്തമായ പഠനമാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ കഴിഞ്ഞ ബുധനാഴ്ച കൂടിക്കാഴ്ചയില്‍ പാപ്പ നല്‍കിയത്.

പറുദീസ ഒരു ഭാവനാസൃഷ്ടിയല്ല, വശീകരണ ഉദ്യാനവുമല്ല. അത് ദൈവത്തിന്‍റെ വാഗ്ദാനമാണ്. സ്വര്‍ഗമെന്നത് ദൈവത്തിന് നമ്മോടുള്ള അപരിമേയമായ സ്നേഹത്താല്‍ നിമഗ്നമാവുന്ന കരുതലും സമ്മാനവുമാണ്. തന്‍റെ കുരിശുമരണത്തിന്‍റെ അവസാനമണിക്കൂറിലും കുരിശില്‍ കിടന്നുകൊണ്ട് തന്നെ സമീപിച്ച പാപിയോട് യേശു പറുദീസയെപറ്റി പരാമര്‍ശിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മരണത്തിന്‍റെ അവസാനവിനാഴികയിലും അനുതപിച്ച പാപിക്ക് സ്വര്‍ഗരാജ്യത്തിന്‍റെ വാതിലുകള്‍ യേശു തുറന്നു കൊടുക്കുന്ന ദൈവിക സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമാണ് പറുദീസ.

നല്ല കള്ളന്‍ വിനയത്തോടും ധൈര്യത്തോടും യേശുവിനോട് ചോദിച്ചു “യേശുവെ എന്നെയും ഓര്‍ക്കണമെ” (ലൂക്കാ 23:42). വളരെ ലളിതവും പ്രൗഢവുമായ പ്രാര്‍ത്ഥനയാണത്. അയാളുടെ അനുതാപം യേശുവിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. യേശുവിന്‍റെ ഹൃദയത്തെ അലിയിക്കാന്‍ നല്ല കള്ളന്‍റെ കരുണയ്ക്കുവേണ്ടിയുള്ള യാചന മാത്രം മതിയായിരുന്നു. ഇതിനോട് സമാനമായ അവസ്ഥകള്‍ ഇന്നും ജയിലുകളിലും ആശുപത്രികളി ലും ധാരാളമായി ആവര്‍ത്തിക്കുന്നുണ്ട്. അനുതപിക്കുന്ന പാപിക്ക് യേശു ഏതു നിമിഷവും സമീപസ്ഥനാണ്. ദൈവത്തിന്‍റെ സ്നേഹം അവനിലേക്ക് കൃപയായി ഒഴുകുന്നു. അതുകൊണ്ട് ആരും നിരാശപ്പെടരുത്. ഈ സംഭവം നമ്മളെ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ചുങ്കക്കാരനെയും ധൂര്‍ത്തപുത്രനെയും ഓര്‍മ്മിപ്പിക്കുന്നു. ജീവിതത്തിന്‍റെ ഏതു വിനാഴികയിലും ക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അവിടുന്നിലേക്ക് നമുക്ക് തിരിയാം. അതായത് പരാജയങ്ങള്‍ക്കും തെറ്റുകള്‍ക്കും വിരാമമിട്ടുകൊണ്ട് അനുതപിച്ച് നമ്മുടെ പാപങ്ങള്‍ക്ക് മോചനം പ്രാപിച്ച് പിതാവിന്‍റെ ഭവനത്തിലേക്ക് എത്താന്‍ ആര്‍ക്കും എപ്പോഴും സാധിക്കും.

നല്ല കള്ളന്‍ വാച്യാര്‍ത്ഥത്തിലും നല്ല കള്ളന്‍തന്നെയാണ്. അവസാനനിമിഷം സ്വര്‍ഗവും മോഷ്ടിച്ചെടുത്തു. നല്ല കള്ളന്‍ ഒരു പ്രതീകവും കൂടിയാണ്. നിരാശപ്പെടാതെ പ്രത്യാശയോടെ ദൈവത്തിന്‍റെ കരുണയിലാണ് ആശ്രയിക്കേണ്ടത് എന്ന് അത് നമ്മളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും ഉപേക്ഷിച്ചാലും യേശു നമ്മുടെ അടുത്ത് ഉണ്ട്. ഏറ്റവും നല്ല സ്ഥലത്തേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുവാന്‍ അവിടുന്ന് തയ്യാറായി നില്‍ക്കുന്നു.

നമ്മളെ പാപത്തില്‍നിന്ന് രക്ഷിച്ച് ജീവനിലേക്ക് വീണ്ടെടുക്കുവാനായിട്ടാണ് യേശു കുരിശില്‍ മരിച്ചത്. നമ്മളാരും നഷ്ടപ്പെടരുതെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അവനില്‍ പ്രത്യാശയര്‍പ്പിക്കുന്ന എല്ലാവരിലേക്കും ദൈവത്തിന്‍റെ കൃപ ഒഴുകുന്നു. അതുകൊണ്ട് മരണത്തിന്‍റെ അന്ത്യനിമിഷത്തില്‍പോലും നമുക്ക് അവന്‍റെ നേരെ തിരിഞ്ഞു പറയാം “യേശുവേ എന്നെയും ഓര്‍ക്കണമെ.” ആ നിമിഷങ്ങളില്‍ മറ്റൊന്നും നമ്മള്‍ ആഗ്രഹിക്കുകയില്ല. നമ്മള്‍ ചെയ്ത നന്മപ്രവൃത്തികള്‍ നമ്മളെ അനുധാവനം ചെയ്യുകയും ചെയ്യും.

സ്വര്‍ഗരാജ്യ അനുഭവം ഈ ലോകത്ത് തന്നെ തുടങ്ങുന്നു. എന്നാല്‍ ഇവിടെ അവസാനിക്കുന്നില്ല. മരണശേഷവും എന്‍റെ ആത്മാവും ദൈവത്തിന്‍റെ ആത്മാവും അനേക വിശുദ്ധരോടൊപ്പം ദൈവത്തില്‍ ഒന്നാകുന്ന അവസ്ഥയാണത്. അതുകൊണ്ടാണ് പുണ്യവാന്മാരുടെ ഐക്യത്തിലും ഞാന്‍ വിശ്വസിക്കുന്നു എന്ന് വിശ്വാസപ്രമാണത്തില്‍ നമ്മള്‍ ഏറ്റുപറയുന്നത്. ഇംഗ്ളണ്ട്, നോര്‍വെ, ഇന്‍ഡ്യ, മലേഷ്യ, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ഫിലിപ്പൈന്‍സ്, കാനഡാ, അമേരിക്ക എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍നിന്നായി 25,000-ത്തില്‍പരം തീര്‍ത്ഥാടകരും വിശ്വാസികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Leave a Comment

*
*