കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം

കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം

കാലാവസ്ഥാവ്യതിയാനത്തിന്‍റെ ദോഷവശങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. 2015-ലെ പാരീസ് ഉച്ചകോടിയില്‍ ഒരു സംഘാതപ്രതികരണം ഇക്കാര്യത്തിലുണ്ടാകണമെന്ന അവബോധം വര്‍ദ്ധിപ്പിക്കണമെന്ന് ധാരണയായെങ്കിലും രാജ്യങ്ങള്‍ അതിനായി നടത്തിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. നിര്‍ണയിച്ച ലക്ഷ്യങ്ങള്‍ നേടുന്നതില്‍നിന്നും വളരെയകലെയാണു നാം ഇപ്പോഴും. കാലാവസ്ഥാവ്യതിയാനത്തിന്‍റെ നിഷേധാത്മകാഘാതങ്ങള്‍ ഇല്ലാതാക്കുന്നതിനായി കൂടുതല്‍ മാനവശേഷി, സാമ്പത്തിക, സാങ്കേതിക സ്രോതസ്സുകള്‍ നീക്കിവയ്ക്കാന്‍ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടോ എന്ന ചോദ്യം ഉയര്‍ത്തേണ്ടതുണ്ട്. ദരിദ്രവും ബലഹീനവുമായ ജനതകളെ സംരക്ഷിക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതുണ്ട്.

നമ്മുടെ കാലത്തെ ഏറ്റവും ഗുരുതരവും ആകുലപ്പെടുത്തുന്നതുമായ ഒരു പ്രതിഭാസമാണ് കാലാവസ്ഥാവ്യതിയാനം. അതിനെതിരെ പോരാടാന്‍ എല്ലാ രാജ്യങ്ങള്‍ക്കും കടമയുണ്ട്. ഇതുവരെയുള്ള നമ്മുടെ പ്രതികരണം മോശമായിരുന്നെങ്കിലും അവസരത്തിന്‍റെ ഒരു ജനല്‍ ഇപ്പോഴും തുറന്നു കിടക്കുന്നുണ്ട്. സമയം വൈകിയിട്ടില്ല. ഈ ജനല്‍ കൂടി അടഞ്ഞുപോകാന്‍ അനുവദിക്കരുത്. സമഗ്രമനുഷ്യവികസനം സാദ്ധ്യമാക്കുന്നതിനും ഭാവി തലമുറകള്‍ക്കു മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനും ഉള്ള നിശ്ചദാര്‍ഢ്യത്തോടെ നമുക്കതു തുറക്കാം. ഇത് പുതിയ തലമുറകളുടെ ഭാവിയുടെ കാര്യമാണ്, നമ്മുടേതല്ല.

ധാര്‍മ്മികത, സമത്വം, സാമൂഹ്യനീതി തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് കാലാവസ്ഥാവ്യതിയാനം. മാനവികവും ധാര്‍മ്മികവും സാമൂഹ്യവുമായ അപചയവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഉത് പാദന-ഉപഭോഗ മാതൃകകളുടെ അര്‍ത്ഥത്തെക്കുറിച്ചു ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. കാലാവസ്ഥാവ്യതിയാനം ഒരു പരിസ്ഥിതിപ്രശ്നം മാത്രമല്ല. മറിച്ചു പൊതുനന്മയ്ക്കുവേണ്ടി നമ്മുടെ നാഗരികതയ്ക്കു നേരെ ഉയരുന്ന ഒരു വെല്ലുവിളിയാണ്. അതിനാല്‍ എല്ലാവര്‍ക്കും ഭാഗമാകാന്‍ കഴിയുന്ന അനേകം പരിഹാരമാര്‍ഗങ്ങള്‍ ഈ പ്രശ്നത്തിനുണ്ട്. സത്യസന്ധതയും ധീരതയും ഉത്തരവാദിത്വവും ഉള്ള ഒരു ജീവിതശൈലി വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും നാം സ്വീകരിക്കണം.

(ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക്അയച്ച വീഡിയോ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org