ദൈവവചനം നമ്മുടെ ഹൃദയങ്ങളെ ആനന്ദം കൊണ്ടു നിറയ്ക്കുന്നു

ദൈവവചനം നാം ശ്രദ്ധാപൂര്‍വം ശ്രവിച്ചാല്‍ നാം ആനന്ദം കൊണ്ടു നിറയും. ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയുന്ന തരത്തിലാകരുത് നാം ദൈവവചനം ശ്രവിക്കുന്നത്. ദൈവവചനവുമായുള്ള സമാഗമം ദൈവവുമായുള്ള സമാഗമമാണ്. ദൈവവചനം ശ്രവിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ക്കെന്തു സംഭവിക്കുന്നു? അതെന്‍റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ നാം അനുവദിക്കുന്നുണ്ടോ? ദൈവവചനം നമ്മുടെ ഹൃദയങ്ങളിലെത്താന്‍ നാം സ്വയം ഒരുങ്ങുന്നുണ്ടോ? ദൈവചനം നമ്മുടെ ഹൃദയങ്ങളിലെത്തുമ്പോള്‍ അവിടെ ആനന്ദത്തിന്‍റെ കണ്ണീരും ആഘോഷവും ഉണ്ടാകുന്നുണ്ടോ? ദുഃഖമല്ല നമ്മുടെ ശക്തി. ദൈവവചനം നമ്മെ ആഹ്ലാദചിത്തരാക്കുകയാണു വേണ്ടത്. ഈ ആഹ്ലാദമാണു നമ്മുടെ ശക്തി.

ദൈവവചനം ശ്രവിക്കുന്നതെങ്ങനെയാണെന്ന ആത്മപരിശോധനയ്ക്കു നാം തയ്യാറാകണം. ബൈബിള്‍ നാം ഉപയോഗിക്കുന്നതെങ്ങനെയാണ്? കര്‍ത്താവിന്‍റെ സന്തോഷമാണ്, ദുഃഖമല്ല നമ്മുടെ ശക്തിയെന്ന ബോദ്ധ്യം നമുക്കുണ്ടോ? ദുഃഖിതമായ ഹൃദയങ്ങളില്‍ സാത്താന്‍ പെട്ടെന്ന് ആധിപത്യം സ്ഥാപിക്കുന്നു. കര്‍ത്താവിന്‍റെ സന്തോഷമാകട്ടെ നമ്മെ ഉയര്‍ത്തുന്നു. ബാബിലോണിയന്‍ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യം നേടിയ യഹൂദ ജനതയ്ക്ക് അതു വിശ്വസിക്കാനായില്ല. തങ്ങള്‍ സ്വപ്നം കാണുകയാണോ എന്നവര്‍ ആശ്ചര്യപ്പെടുന്നത് സങ്കീര്‍ത്തകന്‍ വിവരിക്കുന്നുണ്ട്. നമ്മുടെ അനുഭവവും സമാനമാണ്. കര്‍ത്താവിനെ വചനത്തില്‍ കണ്ടുമുട്ടുമ്പോള്‍ നമുക്ക് ആശ്ചര്യപ്പെടാം, ഇതൊരു സ്വപ്നമാണോ, ഇത്രമാത്രം സുന്ദരമാണോ ഈ അനുഭവം എന്ന്.

(താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രഭാതബലിയര്‍പ്പിച്ചുകൊണ്ടു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org