നമുക്ക് ആദ്യപടികള്‍ തുടങ്ങാം

നമുക്ക് ആദ്യപടികള്‍ തുടങ്ങാം

കൊളംബിയ സന്ദര്‍ശനത്തിന്‍റെ മിഴിവാര്‍ന്ന ഓര്‍മകളുമായി ബന്ധിപ്പിച്ചാണ് ഫ്രാന്‍സിസ് പാപ്പ തന്‍റെ ഈ ആഴ്ചയിലെ പൊതുജനങ്ങള്‍ക്കായുള്ള പ്രത്യാശയുടെ മതബോധനം നല്‍കിയത്. ഈ സന്ദര്‍ശനത്തിലൂടെ തന്‍റെ മുന്‍ഗാമികളായിരുന്ന പോള്‍ ആറാമന്‍ പാപ്പയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെയും പാത പിന്തുടര്‍ന്ന് ചരിത്രവഴികളിലൂടെ നമ്മളെ നയിക്കുന്ന ദൈവാത്മാവിന്‍റെ ഇടപെടലുകളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണുണ്ടായത്.

ദൈവം തന്‍റെ ജനത്തെ എന്നും നയിക്കുന്നു. മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പോലെ കൊളംബിയയും ശക്തമായ ക്രൈസ്തവവേരുകള്‍ ഉള്ള രാജ്യമാണ്. എന്നാല്‍ യുദ്ധവും വിഭാഗീയതയും സൃഷ്ടിച്ച മുറിവുകളും ധാരാളമുണ്ട്. പക്ഷെ ദൈവത്തിന്‍റെ അനന്തമായ കരുണ പാപത്തെക്കാളും മരണത്തേക്കാളും ശക്തമായി അവിടെ അനുഭവപ്പെടുന്നുമുണ്ട്. അതുകൊണ്ട് അനുരഞ്ജനത്തിന്‍റെയും പുനഃസൃഷ്ടിയുടേയും സന്ദേശമാണ് ഏറെ അനിവാര്യമായിരിക്കുന്നത്.

തന്‍റെ യാത്രയുടെ ഉദ്ദേശംതന്നെ "നമുക്ക് ആദ്യപടികള്‍ തുടങ്ങാം" എന്ന പ്രമേയത്തിലൂന്നിയതായിരുന്നു എന്ന് പാപ്പ പ്രസ്താവിച്ചു. കൊളംബിയയിലെ ജനങ്ങളുടെ സാക്ഷ്യജീവിതം സഭയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. അരനൂറ്റാണ്ടിലേറെ അവിടെ നിലനിന്ന സംഘര്‍ഷത്തിനിടയിലും ക്രൈസ്തവവേരുകള്‍ പ്രത്യാശയും സമാധാനവും നിലനിര്‍ത്തിക്കൊണ്ടുപോവുന്നതില്‍ സഹായിച്ചു. അത് എല്ലാവര്‍ക്കുമുള്ള പ്രത്യാശയുടെ അടയാളമാണ്. എന്‍റെ സന്ദര്‍ശനത്തിലൂടെ ജനങ്ങളുടെ എല്ലാ പരിശ്രമങ്ങളെയും ഞാന്‍ ആശിര്‍വദിച്ചു. വിശ്വാസത്തിലും പ്രത്യാശയിലും ഉറപ്പിച്ചു. അവരുടെ ജീവിതസാക്ഷ്യം അതിശയത്തോടെ സ്വീകരിച്ചു. അവിടെ നിലനില്‍ക്കുന്ന അസ്വസ്ഥതയ്ക്കും വിഭാഗീയതയ്ക്കും പകരം അനുരഞ്ജനത്തിന്‍റെ പ്രക്രിയയെ പ്രോത്സാഹിപ്പിച്ചു.

രാഷ്ട്രത്തിന്‍റെ പ്രതീക്ഷയായ യുവജനങ്ങളില്‍നിന്ന് തനിക്ക് വലിയ സ്വാഗതമാണ് ലഭിച്ചത് എന്ന് പാപ്പ ഓര്‍മിപ്പിച്ചു. സങ്കീര്‍ത്തകന്‍ പ്രസ്താവിക്കും പോലെ നീതിയും കരുണയും സത്യവും സമാധാനവും പുതുജീവിതത്തിലേക്കുള്ള ഉണര്‍വ് സാധ്യമാക്കുന്നു. കൃപയുടെ ഈ വാക്കുകള്‍ കൊളംബിയയിലെ മുറിവേറ്റ മനുഷ്യര്‍ക്ക് ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും സന്ദേശം പകരാന്‍ സഹായകമായി. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട രണ്ടു രക്തസാക്ഷികളുടെയും ജീവചരിത്രം വേദനയും സന്തോഷവും ഒരുമിച്ച് അനുഭവിക്കുന്ന ധന്യമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത് എന്ന് പാപ്പ അനുസ്മരിച്ചു.

തന്‍റെ യാത്രയെ സാധ്യമാക്കിയ എല്ലാവര്‍ക്കും പാപ്പ നന്ദി പറഞ്ഞു. പല മാതാപിതാക്കളും സന്ദര്‍ശനത്തിനെത്തിയതും അവരുടെ മക്കളെ ഉയര്‍ത്തി ആശിര്‍വാദത്തിനായി കാത്തുനിന്നതും സന്തോഷത്തോടെ എടുത്തുപറയുകയുണ്ടായി. എന്‍റെ യാത്രയിലുടനീളം ആ രാജ്യത്തിന്‍റെ ഹൃദയത്തില്‍നിന്നുതിര്‍ന്ന ജീവനും സമാധാനത്തിനും വേണ്ടിയുള്ള ക്രിസ്തുവിന്‍റെയും സഭയുടെയും അനുഗ്രഹം നല്‍കാനായിരുന്നു ശ്രമിച്ചത്.

യാത്രയ്ക്കിടയില്‍ തനിക്കുണ്ടായ ചെറിയ അപകടവും അതിനെതുടര്‍ന്ന് കരിവാളിച്ചുകിടക്കുന്ന കവിള്‍തടവുമുണ്ടെങ്കിലും പാപ്പ വലിയ ആവേശത്തിലായിരുന്നു. സന്ദര്‍ശകരെ സ്വീകരിക്കുന്നതിലും കുഞ്ഞുങ്ങളെ ചുംബിക്കുന്നതിലും അത്യുത്സാഹമാണ് പാപ്പ പ്രകടമാക്കിയത്. സന്ദര്‍ശകരിലുണ്ടായിരുന്ന ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ സമ്മേളനത്തിനുശേഷം പാപ്പയെ അഭിവാദനം ചെയ്തു. ഇംഗ്ളണ്ട്, സ്കോട്ട്ലന്‍റ,് ഐര്‍ലന്‍റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, സൗത്ത് ആഫ്രിക്കാ, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലപ്പിയന്‍സ്, യുഎസ്എ എന്നീ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ സമൂഹം ഇത്തവണ വത്തിക്കാനില്‍ എത്തിച്ചേര്‍ന്നിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org