നിത്യവസന്തത്തിലേക്ക് വിടരുക എന്നതാണ് പ്രത്യാശ

നിത്യവസന്തത്തിലേക്ക് വിടരുക എന്നതാണ് പ്രത്യാശ

ഒരു അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതുപോലെ, മാതാപിതാക്കള്‍ മക്കളെ അഭ്യസിപ്പിക്കുന്നതുപോലെ, പഠിക്കാന്‍ താല്‍പര്യമുള്ള ആരെയും പ്രത്യാശയില്‍ അഭ്യസിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനപരമ്പര ഫ്രാന്‍സിസ് പാപ്പ ഈ ആഴ്ചയും തുടര്‍ന്നത്.

നിങ്ങളോട് വ്യക്തിപരമായി, പ്രത്യേകിച്ച് യുവജനങ്ങളോട് പ്രോത്സാഹനത്തിന്‍റെയും മാര്‍ഗനിര്‍ദേശത്തിന്‍റെയും വാക്കുകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യാശയില്‍ സ്ഥിരതയുള്ളവരാകുവിന്‍. നിരാശപ്പെടാതെ പിതാവായ ദൈവത്തിന്‍റെ പരിപാലനയിലും ക്രിസ്തുവിന്‍റെ സ്നേഹത്തിലും എല്ലാത്തിനെയും നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിലും ആശ്രയിക്കുവിന്‍. ജനങ്ങളെ തകര്‍ക്കുന്ന നിഷേധാത്മകവികാരങ്ങള്‍ക്ക് നിങ്ങള്‍ അടിപ്പെടാതെ ദൈവികപദ്ധതിക്ക് അനുരൂപമായി ഈ ലോകത്തെ കൂടുതല്‍ മനോഹരമായി പണിയുവിന്‍. നിങ്ങള്‍ക്കു ചുറ്റും കാണുന്ന സുന്ദരമായ ലോകത്തിലേക്ക് കണ്ണുകള്‍ തുറക്കുവിന്‍. ഹൃദയത്തില്‍ വിശ്വാസത്തിന്‍റെ ദീപം കത്തട്ടെ. ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിനായി പ്രത്യാശയോടെ കാത്തിരിക്കുക.

ദൈവം നിങ്ങള്‍ക്ക് തന്നിരിക്കുന്ന കഴിവുകള്‍ ഉപയോഗിച്ച് മാനവകുടുംബത്തെ സ്വാതന്ത്ര്യം, നീതി, മാന്യത എന്നിവയില്‍ വളരാന്‍ സഹായിക്കുക. വിഭാഗീയതയും വൈരാഗ്യവും പാപവും നിറഞ്ഞ ലോകത്തെ തന്‍റെ സ്നേഹവും കരുണയുംകൊണ്ട് ക്രിസ്തു നേടിയതുപോലെ നിങ്ങളും മൂല്യങ്ങളോട് വിശ്വസ്തതപുലര്‍ത്തുക. ഓരോ വീഴ്ചയില്‍നിന്നും എഴുന്നേല്‍ക്കുക. ജീവിക്കുക, സ്നേഹിക്കുക, വിശ്വസിക്കുക, സ്വപ്നം കാണുക. അങ്ങനെ ദൈവകൃപയാല്‍ നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ളവര്‍ക്ക് പ്രത്യാശയുടെ ദീപസ്തംഭങ്ങളായി മാറുക.

പ്രത്യാശയുടെ ശത്രു ലോകത്തിലല്ല, നിങ്ങളില്‍തന്നെയുണ്ട്. ദൈവം വിതച്ച പ്രത്യാശയെ അന്ധകാരശക്തികള്‍ക്കും നിഷേധചിന്തകള്‍ക്കും വിട്ടുകൊടുക്കരുത്. അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ ക്ഷമാപൂര്‍വം ജീവിതത്തെ അനുധാവനം ചെയ്യുക. ഏറ്റവും ഉന്നതവും മനോഹരസത്യവുമായ ദൈവത്തിലും നന്മയിലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവിലും വിശ്വസിക്കുക. ശൂന്യതയും മടുപ്പും തളര്‍ച്ചയും ഉണ്ടങ്കില്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുവാന്‍ പരിശ്രമിക്കുക.

അതിനായി ദൈവം എവിടെയാണോ നിങ്ങളെ നട്ടത് അഥവാ നിങ്ങള്‍ എന്തായിരിക്കുന്നുവോ അവിടെ നിന്ന് നിര്‍മ്മിക്കുക, തറയിലാണെങ്കില്‍ എഴുന്നേല്‍ക്കുക, ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് നടക്കുക. ജീവിതം ബോറടിക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ നന്മപ്രവര്‍ത്തികള്‍കൊണ്ട് ജീവിതത്തെ നിറയ്ക്കുക. കാരണം നിരാശയില്‍ തുടരാനല്ല ദൈവം ആഗ്രഹിക്കുന്നത്. നിത്യതയില്‍ പ്രശോഭിക്കുവാനാണ് എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നമ്മളോരോരുത്തരും നിത്യവസന്തത്തിലേക്ക് വിടരാനുള്ളവരാണ്.

ദൈവത്തെക്കുറിച്ച് പറഞ്ഞു തരാമോ എന്ന് ഒരിക്കല്‍ ഓക്ക് മരം ബദാം മരത്തോട് ചോദിച്ചു പ്രതികരണമായി ബദാം മരം പൂത്തുലഞ്ഞു. ഈ പ്രതിസ്പന്ദനമാണ് ആവശ്യമായിരിക്കുന്നത്. നാം കണ്ടുമുട്ടുന്ന ഓരോരുത്തരും സത്യത്തിന്‍റെ കണിക വഹിക്കുന്നവരാണ്. അതുകൊണ്ട് എല്ലാവരെയും സ്നേഹിക്കാന്‍ സാധിക്കണം. എല്ലാവരുടെയും യാത്രയെ ബഹുമാനിക്കുക. കാരണം എല്ലാവര്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞും ദൈവത്തിന്‍റെ വാഗ്ദാനത്തിന്‍റെ വിജയമാണ്. അതുകൊണ്ട് സ്വപ്നം കാണുക. കാരണം ഇപ്പോള്‍ അദൃശ്യമാണെങ്കിലും പ്രാപ്യവും ഉറപ്പുമുള്ള ഒരു ലോകം നമ്മളെ കാത്തിരിപ്പുണ്ട്. വിവിധ സമുദ്രങ്ങള്‍ കടന്ന് ശാസ്ത്രജ്ഞര്‍ പുതിയ രാജ്യങ്ങള്‍ കണ്ടെത്തിയതുപോലെ പ്രത്യാശയില്‍ പുതുജീവിതവും നിത്യതയും കണ്ടെത്താനാവും.

ഒരു അദ്ധ്യാപകന്‍റെയും മാര്‍ഗനിര്‍ദേശിയുടെയും രൂപത്തിലാണ് ഇത്തവണ പാപ്പ സംസാരിച്ചത്. പഠനത്തിനായെത്തിയ ധാരാളം വൈദികവിദ്യാര്‍ത്ഥികളും വിവിധ സമ്മേളനത്തിനെത്തിയ ഡോക്ടര്‍മാരും പാപ്പയുടെ സ്വരം ശ്രവിക്കാന്‍ എത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org