ക്രിസ്തു ആവശ്യപ്പെടുന്ന അനുരഞ്ജനം ദ്രോഹിച്ചവരെ അവഗണിക്കുന്നതല്ല

ക്രിസ്തു ആവശ്യപ്പെടുന്ന അനുരഞ്ജനം ദ്രോഹിച്ചവരെ അവഗണിക്കുന്നതല്ല

ക്രിസ്തു തന്‍റെ ശിഷ്യരില്‍നിന്ന് ആവശ്യപ്പെടുന്നത് ഉന്നതമായ നിലവാരമാണ്. ദ്രോഹിച്ചവരോടു ക്ഷമിക്കുക, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് അവിടുന്ന് പറയുമ്പോള്‍ ദ്രോഹിച്ചവരെ വെറുതെ അവഗണിക്കുക, അവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. മുറിവുകള്‍ ഉണങ്ങാതിരിക്കുമ്പോള്‍ അനുരഞ്ജനത്തെക്കുറിച്ചു പറയുന്നത് എളുപ്പമല്ല എന്നതു വസ്തുതയാണ്. പക്ഷേ സ്നേഹിക്കാനും നന്മ ചെയ്യാനും കഴിയണമെന്നാണ് ക്രിസ്തു ആവശ്യപ്പെടുന്നത്.

നമ്മെ ദ്രോഹിച്ചവരുടെ നേര്‍ക്ക് സജീവവും നിഷ്പക്ഷവും അസാധാരണവുമായ ഔദാര്യം പുലര്‍ത്തണമെന്നതാണ് ക്രിസ്തുവിന്‍റെ കല്‍പന. അവിടം കൊണ്ടു ക്രിസ്തു നിറുത്തുന്നില്ല. അവരെ അനുഗ്രഹിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവിടുന്ന് ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികളായിട്ടും പ്രതികാരത്തിന്‍റെ നിയമത്തിനു കീഴില്‍ ജീവിക്കുന്നത് അവസാനിപ്പിക്കാന്‍ ക്രിസ്തു ആവശ്യപ്പെടുന്നു. അക്രമത്തിന്‍റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് നമുക്കു ഭാവിയിലേയ്ക്കു നോക്കാനോ ഒരു രാജ്യം പടുത്തുയര്‍ത്താനോ സമത്വപൂര്‍ണമായ ഒരു സമൂഹം സ്ഥാപിക്കാനോ സാധിക്കുകയില്ല. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നിയമം പാലിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കാന്‍ എനിക്കു സാധിക്കില്ല.

ചില മൂല്യങ്ങളാവശ്യപ്പെടുന്ന ഇടുങ്ങിയ പാത തേടുമ്പോള്‍ യേശു വ്യക്തതയോടെയും ലാളിത്യത്തോടെയും ദാര്‍ഢ്യത്തോടെയുമാണു സംസാരിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്ന ആദര്‍ശവാദിയല്ല അദ്ദേഹം. അമൂര്‍ത്തമോ സൈദ്ധാന്തികമോ ആയ സ്നേഹത്തിലേയ്ക്കല്ല യേശു നമ്മെ വിളിക്കുന്നത്. യേശു നിര്‍ദേശിക്കുന്ന പാത അവിടുന്നു തന്നെ സഞ്ചരിച്ചിട്ടുള്ളതാണ്. തന്നെ ഒറ്റിക്കൊടുക്കുകയും അനീതിപരമായി വിധിയെഴുതുകയും കൊല്ലുകയും ചെയ്തവരെ സ്നേഹിക്കുന്നതിലേയ്ക്ക് അവിടുത്തെ നയിച്ച പാത തന്നെയാണത്.

(മൊസാംബിക്ക് സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org