കുമ്പസാരക്കൂട്ടില്‍ ക്ഷമിക്കുന്ന പാപങ്ങള്‍ ദൈവം മറക്കുന്നു

കുമ്പസാരക്കൂട്ടില്‍ ക്ഷമിക്കുന്ന പാപങ്ങള്‍ ദൈവം മറക്കുന്നു

തിന്മയെ കീഴടക്കുന്നത് എങ്ങനെയാണ്? ദൈവത്തിന്‍റെ ക്ഷമ സ്വീകരിച്ചുകൊണ്ട്. ഇത് കുമ്പസാരിക്കാന്‍ പോകുമ്പോഴെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പാപത്തെ മറികടക്കുന്ന പിതാവിന്‍റെ സ്നേഹം നാം സ്വീകരിക്കുന്നത് അവിടെയാണ്. കുമ്പസാരിച്ചു കഴിഞ്ഞാല്‍ പാപം അവിടെയില്ല. ദൈവം അതു മറന്നു കളയുന്നു. ക്ഷമിച്ചു കഴിയുമ്പോള്‍ ദൈവത്തിന് ഓര്‍മ്മ നഷ്ടപ്പെടുന്നു. നമ്മുടെ പാപങ്ങള്‍ അവിടുന്നു മറക്കുന്നു. ദൈവം നമുക്ക് അത്രയും നല്ലവനാണ്. നാം കുമ്പസാരിച്ച തിന്മയെ ദൈവം നിശ്ശേഷം മായിച്ചു കളയുകയും നമ്മെ പുതിയ സൃഷ്ടിയാക്കി മാറ്റുകയും ചെയ്യുന്നു. നാം ആനന്ദത്തില്‍ വീണ്ടും ജനിക്കുന്നു. സഹോദരങ്ങളേ, ധീരരായിരിക്കുക. ദൈവത്തോടൊപ്പം ചേര്‍ന്നാല്‍, ഒരു പാപത്തിനും അവസാനവാക്കില്ല.

യേശു പാപികളെ സ്വീകരിക്കുകയും അവരോടൊപ്പം ഭക്ഷണത്തിനിരിക്കുകയും ചെയ്യുന്നുവെന്ന ഫരിസേയരുടെ പരാതി നാം വായിക്കുന്നുണ്ട്. പാപികളോടൊപ്പം ഭക്ഷണത്തിനിരിക്കുക. അതാണ് എല്ലാ ദിവ്യബലികളിലും എല്ലാ പള്ളികളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. തന്നെത്തന്നെ മുറിച്ചു വിളമ്പുന്ന മേശയിലേയ്ക്ക് നമ്മെ സ്വീകരിക്കാന്‍ യേശുവിനു സന്തോഷമാണ്. "ഇവിടെ യേശു പാപികളെ സ്വാഗതം ചെയ്യുന്നു, തന്‍റെ വിരുന്നുമേശയിലേയ്ക്കു ക്ഷണിക്കുന്നു" എന്നത് നമ്മുടെ പള്ളികളുടെ വാതിലുകളില്‍ നമുക്ക് എഴുതി വയ്ക്കാന്‍ കഴിയുന്ന ഒരു വാക്യമാണ്.

ധൂര്‍ത്തപുത്രനു പിതാവു നല്‍കിയ കാരുണ്യത്തെ സ്വാഗതം ചെയ്യാത്ത മൂത്ത പുത്രന്‍ വലിയൊരു അബദ്ധമാണു ചെയ്യുന്നത്. അവന്‍ സ്വയം നീതിമാനെന്നു ധരിക്കുന്നു. തന്‍റെ നീതിബോധത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാത്തിനേയും വിധിക്കുന്നു. ഇതു നമുക്കെല്ലാം സംഭവിക്കാവുന്ന ഒരപകടമാണ്. കാരുണ്യവാനേക്കാള്‍ കര്‍ക്കശക്കാരനായ ഒരു ദൈവത്തില്‍ വിശ്വസിക്കുക. ക്ഷമയേക്കാള്‍ ശക്തികൊണ്ട് തിന്മയെ കീഴടക്കുന്ന ഒരു ദൈവത്തില്‍. മറ്റുള്ളവര്‍ തെറ്റുകാരാണെന്നു ചിന്തിക്കുമ്പോള്‍, നാം ശരിയാണെന്നു ചിന്തിക്കുമ്പോള്‍ നമുക്കു തെറ്റു പറ്റുകയാണ്. ദൈവത്തെ കൂടാതെ തിന്മയെ മറികടക്കാന്‍ നമുക്കു സാധിക്കുകയില്ല.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org