സ്വര്‍ഗപ്രവേശനത്തിനു പ. മാതാവ് നമ്മെ സഹായിക്കുന്നു

സ്വര്‍ഗപ്രവേശനത്തിനു പ. മാതാവ് നമ്മെ സഹായിക്കുന്നു

സ്വര്‍ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും വാതില്‍ ഇടുങ്ങിയതുമാണ്. എന്നാല്‍ ആ വാതിലിലൂടെ സ്വര്‍ഗത്തിലേയ്ക്കു പ്രവേശിച്ചവളാണ് പ. മാതാവ്. സഹായം ചോദിക്കുന്നവര്‍ക്ക് ആ വാതിലിലൂടെ പ്രവേശിക്കാന്‍ മാതാവ് സഹായിക്കുകയും ചെയ്യും. സ്വര്‍ഗകവാടം എന്ന വിശേഷണം മാതാവിനു ചേരുന്നതാണ്. യേശുവിനെ പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്ത മാതാവ് തന്‍റെ ജീവിതത്തിലുടനീളം യേശുവിനെ അനുഗമിക്കുകയും ചെയ്തു. മനസ്സിലാകാതിരുന്നപ്പോഴും, ഹൃദയത്തിലൂടെ വാള്‍ കടന്നപ്പോഴും മറിയം യേശുവിനെ അനുഗമിച്ചു.

സ്വര്‍ഗത്തിലേയ്ക്കു പ്രവേശിക്കുന്നവരുടെ എണ്ണം യേശു പറയുന്നില്ല. പകരം സ്വര്‍ഗത്തിലേയ്ക്കുള്ള പാതയെക്കുറിച്ചാണു പറഞ്ഞത്. ഇത് എണ്ണത്തിന്‍റെ പ്രശ്നമല്ല. സ്വര്‍ഗത്തിലേയ്ക്കുള്ള പ്രവേശനം നിശ്ചിത എണ്ണം ആള്‍ക്കാര്‍ക്കായി പരിമിതപ്പെടുത്തിയിട്ടില്ല. ശരിയായ പാതയിലൂടെ പോകുന്ന ആര്‍ക്കും അവിടെ പ്രവേശിക്കാം. പക്ഷേ ആ പാത ഇടുങ്ങിയതാണ്. യേശു ആളുകളെ കബളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വര്‍ഗം വിശാലമാണെന്നോ അവിടേയ്ക്കു മനോഹരമായ വീഥിയുണ്ടെന്നോ വാതില്‍ വലുതാണെന്നോ അല്ല അവിടുന്നു പറയുന്നത്. മറിച്ച് ബുദ്ധിമുട്ടുള്ളതും ഇടുങ്ങിയതും ആണെന്നാണ്.

എന്താണിതിനര്‍ത്ഥം? സ്വര്‍ഗപ്രവേശനം ലഭിക്കണമെങ്കില്‍ ദൈവത്തെ സ്നേഹിക്കണം, അയല്‍വാസിയെ സ്നേഹിക്കണം. അതു സുഖകരമല്ലല്ലോ. നമ്മുടെ പ്രതിബദ്ധതയും സമര്‍പ്പണവും പരിശ്രമവും ആവശ്യമായതുകൊണ്ടാണ് ഇതിനെ ഇടുങ്ങിയ വാതില്‍ എന്നു വിളിക്കുന്നത്. സുവിശേഷാനുസൃതം ജീവിക്കണമെങ്കില്‍ നിശ്ചയദാര്‍ഢ്യം ആവശ്യമാണ്.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥന നയിച്ച ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org