Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> ആദ്യസ്നേഹാനുഭവത്തിന്‍റെ ഓര്‍മ പ്രത്യാശ നിറക്കുന്നു

ആദ്യസ്നേഹാനുഭവത്തിന്‍റെ ഓര്‍മ പ്രത്യാശ നിറക്കുന്നു

ഡോ. കൊച്ചുറാണി ജോസഫ്

ഓര്‍മ്മയും പ്രത്യാശയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്കുചുറ്റും കഴിഞ്ഞ ബുധനാഴ്ച തടിച്ചുകൂടിയ ജനാവലിയോട് പറഞ്ഞു. ക്രിസ്തുശിഷ്യരായിരുന്ന വി. യോഹന്നാന്‍റെയും വി. അന്ത്രയോസിന്‍റെയും ജീവിതത്തില്‍ ഉണ്ടായ ആദ്യദൈവാനുഭവമായിരുന്നു ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനത്തിന് ആധാരമായി പാപ്പ തിരഞ്ഞടുത്തത്.

സ്നാപകയോഹന്നാന്‍ തന്‍റെ ശിക്ഷ്യരോട് ഇതാ ദൈവത്തിന്‍റെ കുഞ്ഞാട് എന്ന് പറഞ്ഞ് ക്രിസ്തുവിനെ പരിചയപ്പെടുത്തി. തുടര്‍ന്ന് ആ ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു. തന്‍റെ പിന്നാലെ വരുന്നവരോട് ക്രിസ്തു ചോദിച്ചു. നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്? മറുപടിയായി അങ്ങ് എവിടെയാണ് താമസിക്കുന്നത്? എന്ന് ശിഷ്യര്‍ ചോദിക്കുകയും അവിടെ ചെന്ന് കൂടെ താമസിക്കുകയും ചെയ്തുവെന്ന് യോഹന്നാന്‍തന്നെ രേഖപ്പെടുത്തുന്നു. യോഹന്നാനും അന്ത്രയോസും ക്രിസ്തുവുമായുള്ള ഈ ആദ്യാനുഭവത്തിന്‍റെ തീവ്രതയില്‍ ആ സമയം പോലും കൃത്യമായി ഓര്‍ത്തിരിക്കുന്നു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂറായിരുന്നുവെന്ന് ഈ സമാഗമത്തിന്‍റെ സമയമുള്‍പ്പെടെ ഓര്‍ത്ത് യോഹന്നാന്‍ എഴുതുന്നു (യോഹ. 1:39).

ഓരോരുത്തര്‍ക്കും അവരുടെ ദൈവാനുഭവത്തിന്‍റെയും പ്രത്യേകിച്ച് ദൈവവുമായുള്ള ആദ്യ കണ്ടുമുട്ടലിന്‍റെയും ദൈവവിളി അനുഭവപ്പെട്ടതിന്‍റെയും ഓര്‍മ്മ തീവ്രമായ അനുഭവമാണ്. ഈ ആദ്യാനുഭവത്തിന്‍റെ ഓര്‍മ്മ അതേ തീവ്രതയോടെ നിലനില്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യാനാകണം. ആദ്യശിഷ്യന്മാര്‍ക്ക് ക്രിസ്തുവിനെ മുഖാമുഖം കണ്ടുമുട്ടിയ നിമിഷം അവരുടെ ദൈവവിളിയെതന്നെ തിരിച്ചറിഞ്ഞ നിമിഷമാണ്. അവരുടെ ഹൃദയത്തില്‍ അഗ്നി കത്തി. അവര്‍ മിഷനറികളായി മാറി. ആദ്യാനുഭവത്തിന്‍റെ ഓര്‍മ്മ അവരില്‍ എന്നും ജ്വലിച്ചുനിന്നു.

നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത് എന്ന ചോദ്യം ഇന്നും വളരെ പ്രസക്തമാണ്. അത് എപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. എല്ലാവരുടെയും ഹൃദയത്തില്‍ ഈ അന്വേഷണമുണ്ട്. യുവത്വത്തില്‍തന്നെ ഈ അന്വേഷണമുണ്ടാവണം. അന്വേഷണത്വരയില്ലാത്ത യുവലോകം യുവത്വത്തിന് ചേര്‍ന്നതല്ല, അങ്ങനെയായാല്‍ അവര്‍ നേരത്തേ തന്നെ പ്രായമായിപോയവരാണ്. കാരണം ആരോഗ്യകരമായ യുവത്വം എന്നും അന്വേഷകരാണ്. യുവത്വം ജീവനും സന്തോഷവും ആഗ്രഹിക്കുകയും തേടുകയും ചെയ്യുന്നു. ഈ അന്വേഷണം ദൈവത്തിങ്കലേക്ക് എത്തുമ്പോള്‍ നമ്മുടെ ദൈവവിളികള്‍ ഉണ്ടാവുന്നു.

ആദ്യശിഷ്യന്മാര്‍ക്കുണ്ടായ ദൈവവിളിയുടെ അടിസ്ഥാനത്തില്‍ നമ്മുടെ വിളികളെയും വ്യാഖ്യാനിക്കാനാവും. വിവിധ ജീവിതാന്തസ്സുകളായ വൈദിക, സന്യസ്ത, വിവാഹജീവിതത്തിലേക്കുള്ള വ്യത്യസ്തങ്ങളായ ദൈവവിളികളുടെ ഉല്‍ഭവവും ഈ ദൈവാനുഭവമാണ്. ദൈവവുമായി പ്രഥമ കണ്ടുമുട്ടലിന്‍റെ ആദ്യകിരണം പിന്നീട് ജീവിതയാത്രയിലുണ്ടാവുന്ന എല്ലാ ബുദ്ധിമുട്ടുകളേയും പ്രതിബന്ധങ്ങളേയും പ്രത്യാശയോടും സന്തോഷത്തോടും കൂടി നേരിടാന്‍ സഹായിക്കുന്നു. തുടര്‍ന്ന് കര്‍ത്താവുമായുള്ള ആഴമേറിയ ബന്ധത്തിലേക്ക് നിരന്തരം ക്ഷണിക്കുകയും ചെയ്യുന്നു. ആദ്യാനുരാഗത്തിന്‍റെ ജ്വാല, നിധിയായി കാത്തുസൂക്ഷിക്കുകയും വേണം.

നിങ്ങള്‍ക്ക് എന്നോടുള്ള ആദ്യസ്നേഹം കുറഞ്ഞുപോയി എന്ന് ദൈവം വിലപിക്കാന്‍ ഇടവരരുത്. യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്നതിലും യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതിലും വലിയ സന്തോഷമില്ല എന്ന ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വാക്കുകളും ഇതിനോട് ചേര്‍ത്തുവയ്ക്കാവുന്നതാണ്. ദൈവവുമായുള്ള പ്രണയാനുഭവം പങ്കുവച്ചതിനുശേഷം മാള്‍ട്ടാ കാനഡാ, ഗിനിയാ ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നെത്തിച്ചേര്‍ന്ന വിവിധ കുടുംബങ്ങളെ പാപ്പ ആശിര്‍വദിച്ചു; അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു.

Leave a Comment

*
*