പാപ്പ പറയുന്നു

Published on

കെ.എം. ദേവ്, കരുമാലൂര്‍

സത്യദീപം ലക്കം 26-ല്‍ "പാപ്പ പറയുന്നു" എന്ന കോളത്തിലൂടെ ഡോ. കൊച്ചുറാണി ജോസഫ് ധൈര്യവും ജ്ഞാനവുമുള്ള സ്ത്രീത്വങ്ങളെ വരച്ചുകാണിച്ചിരിക്കുന്നതു വായിച്ചു. പഴയ നിയമത്തിലെ ഹോളോ ഫര്‍ണസിന്‍റെ സൈനികനീക്കത്തിനെതിരെ നിലകൊണ്ട യൂദിത്ത്, കല്ലറയിങ്കലേക്ക് ഓടിയ മഗ്ദലന മറിയം, കുരിശിന്‍ചുവട്ടിലെ മാതാവ്, ഗുരുപാദാന്തികേ വചനം ശ്രവിച്ചിരുന്ന മറിയം എന്നിവരെ അണിനിരത്തി സ്ത്രീയുടെ ധൈര്യത്തിനും ജ്ഞാനത്തിനും ഒരു പുതിയ പരിപ്രേക്ഷ്യം നല്കുന്നതായി കണ്ടു; തെറ്റില്ല.
പുരുഷന്മാരേക്കാള്‍ സംവേദനക്ഷമത, അന്തര്‍ ജ്ഞാനം മുതലായവ സ്ത്രീകള്‍ക്കാണ് എന്നു മുന്‍ പ്രസ്താവങ്ങളിലൂടെ ലേഖികതന്നെ സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചിട്ടുള്ളതിനെ ഇവിടെ ഒന്ന് ഉദാഹരിച്ചിരിക്കുന്നുവെന്നു മാത്രം.
ആരാണ് ഇന്നു സ്ത്രീയുടെ ധൈര്യത്തെയും ജ്ഞാനത്തെയും വിലകുറച്ചു കാണുന്നത്? എന്താണ് ആ ആശങ്കയുടെ അടിസ്ഥാനം? സ്ത്രീക്കാണ് പുരുഷനേക്കാള്‍ ധൈര്യമെന്ന പാപ്പയുടെ വാക്കുകള്‍ കരഘോഷത്തോടെ ആസ്വദിച്ചതായും അറിയുന്നു!
സ്ത്രീകളുടെ കഴിവുകള്‍ സമൂഹത്തിനു ലഭ്യമല്ലാതാക്കുന്നതു സ്ത്രീ ഭരമേറ്റിരിക്കുന്ന സ്വന്തം കുടുംബംതന്നെയാണെന്നും കുടുംബഭദ്രത, സമാധാനം എന്നിവ സ്ത്രീയുടെ സഹനം മാത്രമാണെന്നും മുമ്പേ പ്രസ്താവന നടത്തിയിട്ടുള്ള ലേഖിക, 'നമ്മുടെ വല്യമ്മമാരുടെ വാക്കുകള്‍ ജ്ഞാനത്തിന്‍റെയും ജീവിതാനുഭവങ്ങള്‍ നല്കിയ ദൈവാശ്രയത്തിന്‍റെയും സഹനങ്ങളുടെയും ഫലമാണെന്ന' പാപ്പയുടെ വാക്കുകളെ എങ്ങനെ ഉള്‍ക്കൊണ്ടു എന്നറിയില്ല!
പ്രത്യാശയെന്നതു ദൈവത്തിന്‍റെ ഹിതം വിവേചിക്കുവാനും വെല്ലുവിളികളെ നേരിടുവാനുമുള്ള ശക്തിയാര്‍ജ്ജിക്കലാണെന്നു ലേഖികതന്നെ പറുയമ്പോള്‍, സ്ത്രീയുടെ ധൈര്യവും ജ്ഞാനവും വിലമതിക്കേണ്ടത് എവിടെയാണ്?
ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന കുടുംബത്തെ, മനുഷ്യവംശത്തെ, ദൈവഹിതമനുസരിച്ചു പരിപാലിക്കുന്നതിനു വേണ്ട ധൈര്യവും ജ്ഞാനവുമാണ് ഒരു സ്ത്രീയെ ഉത്തമയാക്കുന്നതും വിലമതിക്കുന്നതും. അതു സ്ത്രീ-പുരുഷ വിവേചനചിന്തകൊണ്ടോ താരതമ്യംകൊണ്ടോ അനുമാനിക്കേണ്ട ഒന്നല്ല. ലോകത്തിന്‍റെ മുമ്പിലും ദൈവത്തിന്‍റെ മുമ്പിലും അത് അവളുടെ വ്യതിരിക്തതയാണ്, അവളുടെ മാത്രം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org