ഇടവക വികാരിമാര്‍

ഇടവക വികാരിമാര്‍

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഇടവകപ്പള്ളികളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരെ സാധാരണയായി ഇടവക വികാരി, അസിസ്‌തേന്തി വികാരി എന്നൊക്കെയാണല്ലോ വിശേഷിപ്പിക്കുക; "ഇംഗ്ലീഷു ഭാഷയില്‍ പാരിഷ് പ്രീസ്റ്റ് എന്നും. യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ് ക്രൈസ്തവ പുരോഹിതനെ കത്തനാര്‍ എന്നും ദേശത്തു പട്ടക്കാര്‍ എന്നുമാണ് വിളിച്ചിരുന്നത്. സുറിയാനി ഭാഷയില്‍ കഹന, കശീശ എന്നൊക്കെ വിളിച്ചിരുന്നു. അധികാരി, നാഥന്‍ എന്നൊക്കെ അര്‍ത്ഥമുള്ള "കര്‍ത്ത" എന്ന സംസ്‌കൃത വാക്കില്‍ നിന്ന് "കത്തന്‍" എന്ന തമിഴ്പദമുണ്ടായി. അതിനോട് ബഹുമാന സൂചകമായ "ആര്‍" കൂടി ചേര്‍ത്തപ്പോള്‍ "കത്തനാര്‍" എന്ന വാക്കു രൂപപ്പെട്ടു. ഇതിന്റെ ബഹുവചനമാണ് "കത്തങ്ങള്‍" എന്നത്. വൈദികര്‍ തങ്ങളുടെ പേരിനോടുകൂടെ 'കത്തനാര്‍' (അധികാരി) എന്നോ 'കശീശ' (= മൂപ്പന്‍) എന്നോ ചേര്‍ത്തിരുന്നു. പോര്‍ത്തുഗീസുകാരാകട്ടെ കത്തനാര്‍ എന്ന പദത്തെ 'കസ്സനാര്‍' (Cassanar) എന്നു ഉച്ചരിക്കുകയും എഴുതുകയും ചെയ്തിരുന്നു (ഡോ. കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, pp. 3839). ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെയും വൈദികര്‍ തങ്ങളുടെ പേരിനോടു ചേര്‍ത്തു കത്തനാര്‍ എന്ന് എഴുതിയിരുന്നു. എന്നാല്‍ 1950-കളായപ്പോഴേക്കും കത്തനാര്‍ എന്ന പദം ഉപേക്ഷിക്കപ്പെട്ടു. പേരിനു മുമ്പിലായി ഫാദര്‍ എന്ന ഇംഗ്ലീഷ് വാക്കു കൂട്ടിച്ചേര്‍ത്തു. വൈദികരെ "കത്തനാരച്ചന്‍" എന്നും ജനങ്ങള്‍ വിളിച്ചിരുന്നു.
കത്തനാര്‍ക്ക് ഇടവക വികാരി (വിഗാരി) എന്ന വിശേഷണം അഥവാ പേരു നല്കപ്പെട്ടത് ഉദയം പേരൂര്‍ സൂനഹദോസില്‍ വച്ചാണ്. സൂനഹദോസിന്റെ കാനോനകളില്‍ ഏഴാം മൌത്വാ, ഏഴാം കൂടി വിചാരം, ഒന്നാം കാനോനയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "ശുദ്ധമാന കത്തോലിക്കാപ്പള്ളി റൂഹാദക്കുദാശായാല്‍ രക്ഷപ്പെടു കയും ബൊധിപ്പിക്കയും ചെയ്യുന്നു എന്നതിനെക്കൊണ്ട നസ്രാണികളുടെ നന്മയായ രക്ഷയ്ക്കു വെണ്ടുന്ന കൂദാശകളെ വിരവില്‍ കിട്ടുവാനും ആയിട്ട ഭൂമിയില്‍ ഒള്ള രാജിതങ്ങളില്‍ എല്ലായിടത്തും ആയിട്ട മെത്രാന്മാരെ എടവകകളില്‍ കല്പിച്ചു മെത്രാന്മാരുടെ ഓരൊരൊ എടവകയില്‍ പല പല എടവകകളും അതിന ഓരൊരൊ എടയന്മാരെയും കല്‍പിച്ചു. അത എന്തൈ. മെത്രാന്മാരുടെ എടവകക്കാരര മെത്രാന്മാരാല്‍ ശുദ്ധമാന പാപ്പാനെ വഴങ്ങുന്നു.

വിഗാരിയൊ എന്ന പോര്‍ട്ടുഗീസു പദത്തില്‍ നിന്നും
മലയാളത്തിലെ വിഗാരി എന്ന വാക്ക് ഉത്ഭവിച്ചു.
വിഗാരി കാലാന്തരത്തില്‍ വികാരിയായി മാറി.
മെത്രാന്റെ (രൂപതാധ്യക്ഷന്റെ) പ്രതിനിധി എന്നാണ്
വികാരി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിശേഷിച്ച ഓരൊരൊ എടവകയിലെ എടയന്മാര എന്ന വിഗാരിമാരാല്‍ തങ്ങടെ മെത്രാനെ വഴങ്ങുന്നു. മെത്രാന്മാരാല്‍ നസ്രാണി കള്‍ ഒക്കെക്കും തലവന്‍ ആകുന്ന ശുദ്ധമാന പാപ്പായ്ക്കു വഴങ്ങുന്നു. ഇങ്ങനെ ഓരൊരൊ ക്രമത്താലെ വഴങ്ങുന്ന വഴക്കം നസ്രാണികളുടെ കൂട്ടത്തില്‍ എല്ലാനാളും ഒണ്ടായിരുന്നു. ഇപ്പൊള്‍ ഒണ്ടുതാനും. എന്നാല്‍ മലംകര നസ്രാണികളുടെ എടയില്‍ ംരം ക്രമം ഇത്രനാളും ഇല്ലാഞ്ഞതിനെ ക്കൊണ്ട മലംകര നസ്രാണികളുടെ ആത്മാവുകള്‍ക്ക വെണ്ടുന്ന നന്മകള്‍ക്കു അനെകം അനന്തരം ഒണ്ടായിരുന്നു. ഇതിനെക്കൊണ്ട ശുദ്ധമാന സൂനഹദൊസ ഇന്നു തൊട്ട മലംകര പല എടവകകള്‍ ഒണ്ടാക്കണം എന്നും ഓരൊരൊ എടവകയില്‍ മെത്രാന്‍ കൊള്ളാം എന്നു തൊന്നുന്ന ഓരൊരൊ പട്ട ക്കാരരെ വിഗാരിമാരായിട്ട നിറുത്തണം എന്നും ശുദ്ധമാന സൂന ഹദൊസ കല്‍പിച്ചു. വിശേഷിച്ച വിഗാരിമാരായിരിക്കുന്ന പട്ടക്കാരരെ കൂടാതെയുള്ള കത്തങ്ങളും ശെമ്മാശന്മാരും തങ്ങടെ പട്ടത്തിന്റെ അംശം പ്രവൃത്തിച്ചുകൊള്ളണം. അതിനടുത്ത ഒരുപകാരം വാങ്ങി യാചിച്ചും കൊള്ളണം. വിഗാരിമാരായി നിന്നവര്‍ക്കു തൊണക്കാരരായി ഇരിക്കയും വെണം. ഏറെ നരര്‍ ഒത്തു വലിയ അങ്ങാടിയില്‍ പല പള്ളി ഒണ്ടെങ്കില്‍ എല്ലാ പള്ളികളിലും വെവ്വേറെ കൂടുവാന്‍ വെണ്ടുന്ന ജനം ഒണ്ടംകില്‍ ഓരൊരൊ പള്ളിക്കല്‍ കൂടുവാന്‍ ലൊകരെ പവുക്കയും വെണം. ഓരൊരൊ പള്ളിക്കല്‍ ഓരൊരൊ വിഗാരിമാരെ നിറുത്തുകയും വെണം. വിഗാരിമാരെ തങ്ങടെ എട വകയില്‍ ഒള്ളവര ഇത്ര എന്നറിവാനും അവര്‍ക്കു വെണ്ടുന്ന നന്മകളെ പ്രവൃത്തിപ്പാനും ആയിട്ട എടവകയിലുള്ളവരുടെ പെരും ചൊതിച്ച കണക്കു എഴുതി വച്ചിരിക്കയും വെണം. വിശെഷിച്ച ഒരൊരൊ എടവകയില്‍ വെന്തിച്ചവര തങ്ങടെ എടവകയില്‍ നിന്ന തന്നെ വെണം കൂദാശകള്‍ കൈ ക്കൊള്ളുവാന്‍, തങ്ങടെ വിഗാരീടെ അനുവാസം കൂടാതെ മറ്റ എടവകയില്‍ ചെന്ന കൂദാശകള്‍ കൈക്കൊള്ളരുത. എന്നാല്‍ കുംപസാരം എന്ന കൂദാശ കുംപസാരിപ്പിപ്പാന്‍ അനുവാദം ഒള്ള പട്ടക്കാരരൊട കുംപസാരിച്ചു കൊള്ളണം."
'വികാരിയാത്തുസ്' (Vicariatus) എന്ന ലത്തീന്‍ പദത്തില്‍ നി ന്നാണ് 'വികാരിയാത്ത്' എന്ന മലയാളപദം രൂപപ്പെട്ടത്. വികാരി അ പ്പസ്‌തോലിക്ക (മാര്‍പാപ്പായുടെ പ്രതിനിധി എന്നര്‍ത്ഥം) ഭരണം നടത്തുന്ന പ്രദേശമാണു വികാരി യാത്ത്. അതു പില്‍ക്കാലത്തു രൂപതയും അതിരൂപതയുമായി ഉയര്‍ത്തപ്പെടും. 'വികാരിയാത്തൂസ്' എന്ന പദത്തില്‍ നിന്നുമാണ് 'വികാരിയൂസ്' (Vicarius) എന്ന വാക്കിന്റെ ഉത്ഭവം. 'വികാരിയൂസ്' എന്ന വാക്കിന്റെ അര്‍ത്ഥം 'ഡെപ്യൂട്ടി' അഥവാ 'പ്രതിനിധി' എന്നാണ്. 'വികാരിയൂസ്' എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് 'വിഗാരിയൊ' എന്ന പോര്‍ട്ടുഗീസ് പദം രൂപപ്പെട്ടത്. വിഗാരിയൊ എന്ന പോര്‍ട്ടുഗീസു പദത്തില്‍ നിന്നും മലയാളത്തിലെ വിഗാരി എന്ന വാക്ക് ഉത്ഭവിച്ചു. വിഗാരി കാലാന്തരത്തില്‍ വികാരിയായി മാറി. മെത്രാന്റെ (രൂപതാധ്യക്ഷന്റെ) പ്ര തിനിധി എന്നാണ് വികാരി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് (ഡോ. കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, pp. 221222).
മേല്പറഞ്ഞ വണ്ണം 1599-ലെ ഉദയംപേരൂര്‍ സൂനഹദോസില്‍ വച്ച് പള്ളികള്‍ എടവക പള്ളികളായി നാമകരണം ചെയ്യപ്പെടുകയും (ഉയര്‍ത്തപ്പെടുകയും) പള്ളികളിലെ അജപാലകശുശ്രൂഷകരായ പട്ടക്കാര്‍ (കത്തനാര്‍) വികാരിമാരായി നിയമിക്കപ്പെടുകയും ചെയ്തു. വികാരിയെ സഹായിക്കു ന്നവരെ സഹവികാരിമാര്‍ അഥവാ അസിസ്‌തേന്തിമാര്‍ എന്നും വി ളിച്ചു. ഉദയംപേരൂര്‍ സൂനഹദോസില്‍ വച്ച് നല്കപ്പെട്ട ഈ നാമങ്ങള്‍ (എടവക/ഇടവക & വിഗാരി/വികാരി) അന്നു മുതല്‍ ഇന്നോളം മാറ്റമില്ലാതെ ഉപയോഗിച്ചു വരുന്നു.

അനുചിന്തനം: ഇടവകയാകുന്ന കുടുംബത്തിന്റെ 'നാഥന്‍' എന്ന അര്‍ത്ഥത്തില്‍ ഇടവക വികാരിയെ കത്തനാര്‍ എന്നു വിളിച്ചിരുന്നത് എല്ലാ പ്രകാരത്തിലും അര്‍ത്ഥവത്തത്രെ. ഒരു കുഞ്ഞിനും ജന്മം നല്കാതെ എല്ലാവര്‍ക്കും പിതാവിന്റെ സ്‌നേഹവും കരുതലും നല്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഇടവക വികാരിയെ 'ഫാദര്‍' അഥവാ 'അച്ചന്‍' എന്നു വിളിക്കുന്നതും അര്‍ത്ഥപൂര്‍ണ്ണമാണ്. കുടുംബനാഥന്‍ കുടുംബത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ എപ്രകാരം കടപ്പെട്ടിരിക്കുന്നുവോ അപ്രകാരം ഇടവകയോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഇടവക വികാരിയായ കത്തനാരും കടപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org