പരിശുദ്ധാത്മാവിന്‍റെ കൃപ

പരിശുദ്ധാത്മാവിന്‍റെ കൃപ

ഉയിര്‍പ്പുതിരുനാളിനുശേഷം പന്തക്കുസ്താ തിരുനാളിലേക്കുള്ള യാത്രയിലാണു നാം. നമ്മുടെ വിശ്വാജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു നല്കുന്ന ബോദ്ധ്യങ്ങള്‍ പങ്കുവയ്ക്കുന്ന ഏഴു ഒരുക്കചിന്തകള്‍! പ്രാര്‍ത്ഥനാനിര്‍ഭരമായി നമ്മിലെ രോഗങ്ങളെ സമീപിക്കാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ.

ദൈവത്തിന്‍റെ പുത്രന്‍ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കിയ അത്ഭുതങ്ങളില്‍ ഭൂരിഭാഗവും രോഗശാന്തിയായിരുന്നു. സൂര്യനു താഴെയുള്ള ചരാചരങ്ങളുടെ മുഴുവന്‍ വേദനയുടെ മര്‍മ്മരവും അവ ശമിപ്പിക്കേണ്ട വിധവും യേശുനാഥനറിയാമായിരുന്നു.
രോഗികള്‍ രോഗപീഡിതര്‍ മാത്രമായിരുന്നില്ല. വ്യഥകളാല്‍ വലഞ്ഞവരുമായിരുന്നു. അവരുടെ ആകുലതകള്‍ മായ്ച്ചുകളഞ്ഞതു യേശുനാഥന്‍റെ വചനങ്ങളുടെ ശക്തിയായിരുന്നു.

ഇന്നു യേശുനാഥന്‍റെ വചനം രോഗികളുടെ മനസ്സുകളിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം സുവിശേഷങ്ങളുടെ വായനയാണ്. എന്‍റെ രോഗപീഡയുടെ ദിനങ്ങളില്‍ പത്നി വായിച്ച സുവിശേഷ ഭാഗങ്ങള്‍ എന്നെ ദൈവത്തോടു അടുത്തുനിര്‍ത്തി. മനസ്സുകൊണ്ടു ദൈവപാദങ്ങളില്‍ സ്പര്‍ശിച്ചാണ് ഓരോ തവണയും വായിക്കേണ്ട ഭാഗം തിരഞ്ഞെടുത്തിരുന്നത്.

തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു തുടങ്ങി. ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദര്‍ വിസ്മയിച്ചു. യേശു പറഞ്ഞു: "എന്‍റെ പ്രബോധനം എന്‍റെ സ്വന്തമല്ല, എന്നെ അയച്ചവന്‍റെയത്രേ. അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍, ഈ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്കുന്നതോ എന്നു മനസ്സിലാക്കും. സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്ത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്‍റെ മഹത്ത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അനീതിയില്ല" (യോഹ. 7:14-18).
ഞാന്‍ ഈ രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റു ചെല്ലുന്നതു ദൈവത്തിന്‍റെ വചനവയലിലേക്ക് ആയിരിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ദൈവം എന്നിലൂടെ സംസാരിക്കുമ്പോള്‍ അവിടുന്നു മീട്ടുന്ന വാദ്യോപകരണമാകും ഞാന്‍.

"അവര്‍ ജെറുസലമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥഫഗെയിലെത്തി. അപ്പോള്‍ യേശു തന്‍റെ രണ്ടു ശിഷ്യന്മാരെ ഇപ്രകാരം നിര്‍ദ്ദേശിച്ചയച്ചു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്‍റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്‍റെ അടുക്കല്‍ കൊണ്ടുവരിക. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക. അവര്‍ ഉടനെതന്നെ അവയെ വിട്ടുതരും (മത്താ. 21:1-4). തന്‍റെ ജീവിതം കര്‍ത്താവിന് ആവശ്യമുള്ള കഴുതക്കുട്ടിയുടേതാവണം എന്നാണ് രോഗിയും അരോഗദോഢഗാത്രനും ആഗ്രഹിക്കേണ്ടത്.

പലപ്പോഴും വെളുപ്പിനു മൂന്നരയ്ക്ക് എഴുന്നേറ്റതിനുശേഷം നിത്യസഹായകനായ പരിശുദ്ധാത്മാവിനെക്കുറിച്ചാണു ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. "പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ" എന്നു മനസ്സില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീട് അതു ശീലമാക്കി.

തിരുനാളിന്‍റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റു നിന്നു ശബ്ദമുയര്‍ത്തി പറഞ്ഞു: "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും." അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെ ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല" (യോഹ. 7:37-39).

"പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ" എന്നു നിരന്തരം പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന് എനിക്കുള്ള യോഗ്യതയെക്കുറിച്ചു ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്‍റെ യോഗ്യത കൊണ്ടല്ല പരിശുദ്ധാത്മാവ് എന്നിലേക്ക് ഇറങ്ങിവരിക. അവിടുന്നു നല്കുന്ന ദാനം മാത്രമാണത്.

ഞാന്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു, എനിക്കു ദൈവകൃപ ലഭിച്ചു. ഞാന്‍ സമ്പൂര്‍ണ സൗഖ്യത്തിലേക്കു മുന്നേറുന്നു. വിശ്വാസമെന്ന വരം ലഭിക്കാന്‍ മനുഷ്യന് ആദ്യമുണ്ടാകേണ്ടത് അനുതാപം നിറഞ്ഞ ഹൃദയമാണ്. വിശ്വാസമുണ്ടെങ്കില്‍, "മലയോട് ഇവിടെനിന്നു മാറി കടലില്‍ ചെന്നു വീഴുകയെന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും" (മത്താ. 21:21-22). രോഗശയ്യയില്‍ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയാണു ദിവ്യൗഷധം.

സുവിശേഷത്തിലെ രണ്ടു പുത്രന്മാരുടെ ഉപമയിലെ രണ്ടാമനെപ്പോലെയാണ് അനുതപിക്കുന്ന പാപി. "ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്‍റെ അടുത്തു ചെന്നു പറഞ്ഞു, മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക. ഞാന്‍ പോകാമെന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല. അവന്‍ രണ്ടാമന്‍റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു. എങ്കിലും പിന്നീടു പശ്ചാത്തപിച്ച് അവന്‍ പോയി. ഈ രണ്ടു പേരില്‍ ആരാണു പിതാവിന്‍റെ ഇഷ്ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു, രണ്ടാമന്‍" (മത്താ. 21:28-31).

രോഗിയുടെ അനുതാപം വിശുദ്ധമായിരിക്കും. കലര്‍പ്പില്ലാത്ത കണ്ണുനീരാണ് അവന്‍റെ കവിളുകളിലൂടെ ഒലിച്ചിറങ്ങുക. രോഗക്കിടക്കയിലാണു ദൈവവുമായി നേരിട്ടു സംസാരിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം ലഭിക്കുന്നത്. അതുവരെ അനേകം തിരക്കുകളിലൂടെ കരിയിലപോലെ ഒഴുകിയ വ്യക്തി സ്വയം തിരിച്ചറിയുന്നതും രോഗശയ്യയിലാണ്. കരിയില താമരയിതളായി മാറുന്നതിന്‍റെ തുടക്കം അവിടെയാണ്. പരിശുദ്ധാത്മാവിലൂടെ രോഗിക്കു ലഭിക്കുന്ന കൃപയാണത്. സൗഖ്യം നേടിയ ശേഷമുള്ള രോഗിയുടെ ജീവിതം ആ കൃപയുടെ വിശുദ്ധമായ വിളംബരമാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org