പട്ടവും വിവാഹവും ഒരുമിച്ചോ?

എന്‍റെ പുത്തന്‍കുര്‍ബാനയും അനുജന്‍റെ വിവാഹവും ഒരുമിച്ചു നടത്തണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു. പക്ഷേ, വിഷയമറിഞ്ഞപ്പോള്‍ തന്നെ കാരണവന്മാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. പുത്തന്‍ കുര്‍ബാനയും വിവാഹവും ഒരുമിച്ചോ? അതു ശരിയല്ല, അവര്‍ പറഞ്ഞു, ആദ്യം പുത്തന്‍ കുര്‍ബാന നടക്കട്ടെ. രണ്ടു ദിവസമെങ്കിലും കഴിഞ്ഞു കല്യാണവും.
അടുത്തടുത്തു വരുന്ന രണ്ടു പരിപാടികള്‍ മൂലം ബന്ധുജനത്തിനും വീട്ടുകാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി എന്‍റെ ആഗ്രഹം വീണ്ടും അവതരിപ്പിച്ചു. എന്നിട്ടും പരിഗണിക്കാന്‍ മനസ്സില്ലെന്നു കണ്ടപ്പോള്‍ ആഗ്രഹം കടുപ്പിച്ചു ഞാന്‍ പറഞ്ഞു: "മൂന്നു വര്‍ഷം മുമ്പ് ഈ വീട്ടില്‍ ഒരു പുത്തന്‍കുര്‍ബാന ആഘോഷിച്ചതാണ്. എന്നാല്‍ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞിട്ടു മറ്റൊന്ന് ഇവിടെ നടന്നിട്ടില്ല. അതുകൊണ്ടു പുത്തന്‍കുര്‍ബാനയ്ക്ക് ആഘോഷം വേണ്ട; ക്ഷണവും വേണ്ട. കല്യാണം നന്നായിട്ടാഘോഷിക്കാം."
കുറച്ചു വൈകിയെങ്കിലും എന്‍റെ അപേക്ഷ അംഗീകരിച്ചു. പുത്തന്‍ കുര്‍ബാനയും വിവാഹവും ഒരുമിച്ചാഘോഷിച്ചു. "കൃപാവരങ്ങളില്‍ വൈവിദ്ധ്യമുണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ" – എന്ന വാക്യം പൗലോസ് ശ്ലീഹാ കൊറീന്ത്യര്‍ക്കെഴുതിയ ലേഖനത്തില്‍നിന്ന് ഉദ്ധരിച്ചു കല്യാണത്തിനും പുത്തന്‍ കുര്‍ബാനയ്ക്കും ഒരുമിച്ചു സ്മരണിക അച്ചടിച്ചതും ഓര്‍മിക്കുന്നു (1 കോറി. 12:4).
പരിവര്‍ത്തനത്തോട് ആശയപരമായി എതിരില്ലാത്തപ്പോഴും "നമുക്കു നിലവിലുള്ള രീതിയനുസരിച്ചു പോകാം" – പോകാം എന്നതാണ് എന്‍റെ വീട്ടിലെ രീതി. നമ്മളായിട്ട് ഒരു പുതുമ ഉണ്ടാക്കേണ്ട; മനുഷ്യര്‍ എന്തൊക്കെ പറയുമായിരിക്കും! ആദ്യചുവടു വയ്ക്കാന്‍ പലര്‍ക്കും അറപ്പാണ്; ഭയവുമാണ്. എല്ലാവരുമില്ലെങ്കിലും ഭൂരിഭാഗം പേര്‍ പരീക്ഷിച്ചു സമൂഹം അംഗീകരിച്ചവ ചെയ്താല്‍ മതി, എന്നാണു പ്രമാണം. ഈ ഭാവം ശക്തിയായി എന്‍റെ വീട്ടില്‍ നിലനിന്നിരുന്നു. സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ അതിശക്തമായിരുന്നതുകൊണ്ട്, പുതുമയെ പുണരാനുള്ള എന്‍റെ മനസ്സ് ഏറെ വേദനിക്കേണ്ടി വന്നിട്ടുണ്ട്. നിരവധി കാര്യങ്ങളില്‍ കടുത്ത പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org