അരങ്ങുതകര്‍ക്കുന്ന കളിക്കാരും ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടവും

അരങ്ങുതകര്‍ക്കുന്ന കളിക്കാരും ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടവും

പോള്‍ തേലക്കാട്ട്

കളിക്കാര്‍ കളിക്കളത്തില്‍, കാണികള്‍ ചുറ്റിലും. കളി അമ്പരിപ്പി ക്കുന്നു, ഹരം കൊള്ളിക്കുന്നു. കാണികള്‍ ആര്‍ത്തുല്ലസിക്കുന്നു. ഈ രൂപകം ഇന്നു ജീവിതത്തിന്റെ ആഖ്യാനരൂപകമായി. ജീവിതം കളിയുടെയും അതിന്റെ ഹരത്തിന്റെയും ചിത്രമാണ് നമുക്കുള്ളില്‍. ജീവിതം അരങ്ങു തകര്‍ക്കുന്ന കൡയാക്കണം. അതിന്റെ പടം ലോകം മുഴുവന്‍ പ്രചരിക്കണം. കുട്ടികള്‍ പരിശീലിക്കുന്നതു പ്രകടനത്തിലാണ് – അതു അഭിനയമാണ്, കളിയാണ്, വെളിപ്പെടലാണ്, കാഴ്ചയുടെ ചിത്രങ്ങളാണ്. സര്‍ഗ്ഗപ്രക്രിയ അഭിനയവും കളിയും നടനവും ചിത്രീകരണവുമായി കഴിഞ്ഞു. നാം ചിത്രങ്ങളുടെ ലോകത്തിലാണ്, അക്ഷരലോകത്തിലല്ല. അക്ഷരലോകം അസ്തമിച്ച് ചിത്രലോകം ഉദിച്ചുനില്‍ക്കുന്നു.
കഴിവ് കാണിക്കലാണ്, അത് എഴുത്തല്ല, അതു പറയലും പാടലും നടിക്കലുമാണ്. അതു ചിത്രീകരണമാണ്, അതു പടമെടുക്കലാണ്. വെളിവാക്കലായി ജീവിതം. തനിക്കുള്ളതു വെളിവാക്കുക. അകത്തുനിന്നാണ് പുറത്തേക്ക് വരുന്നത്. അകത്തില്ലെങ്കിലും പുറം അഭിനയിക്കാന്‍ പഠിച്ചാല്‍ മതി. അങ്ങനെ പുറമാണ് സത്യം എന്ന സ്ഥിതിയിലാണ് നാം. പുറമാണ് പുണ്യം. ഈ പ്രകടനപരതയുടെ അഭിനിവേശം എല്ലാ മണ്ഡലങ്ങളിലുമുണ്ട്.
അതു മദ്ബഹയിലേക്കും മതത്തിലേക്കും കടന്നു കഴിഞ്ഞു. അള്‍ത്താര അരങ്ങായി മാറിക്കഴിഞ്ഞു. മദ്ബഹ എന്ന വിശുദ്ധ വേദി വൈദികന്റെയും കര്‍മ്മാദികളുടെയും കേളിരംഗമായി. അവിടെയാണ് കാണികള്‍ കാഴ്ചയായി വന്നു നില്‍ക്കുന്നത്. അരങ്ങിന്റെ വശ്യത അള്‍ത്താരയേയും അരങ്ങാക്കി. വിശുദ്ധ വേദികളും കളിയുടെ വേദികളായി.
പുറമാണ് പുണ്യമെന്നായപ്പോള്‍ പുറം അഭിനയിച്ചുണ്ടാക്കാനറിയാവുന്ന അഭിനേതാക്കളുണ്ടാകുക സ്വാഭാവികമാണ്. പുറത്തിന്റെ പുണ്യം അഭിനയിക്കുന്നവര്‍ ദുരന്തങ്ങളായി, മതമണ്ഡലം പ്രതിസന്ധിയിലായി ക്കഴിഞ്ഞു. പുണ്യം പൊതിഞ്ഞ കഥകളില്‍ പുണ്യമില്ല എന്ന പൊതിയഴിച്ചു കാണുന്ന ദുരന്തങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയോടെ പ്രസിദ്ധം ചെയ്ത മക്കാരിക്ക് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് ഈ പുണ്യത്തിന്റെ പുറത്തിന്റെ തട്ടിപ്പാണ്. അതില്‍ മക്കാരിക്ക് സഭയുടെ എല്ലാ തലങ്ങളില്‍ കളിച്ചു തകര്‍ത്ത ഹരമായ ഒരു കഥയുടെ പൊതിയഴിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ ചോദ്യചിഹ്നമുയര്‍ത്തു ന്നതു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കുറിച്ചായിപ്പോയി. മക്കാരിക്കിന്റെ കഥയിലും ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ മാര്‍സിയേല്‍ മനിയേല്‍ എന്ന ലോകതട്ടിപ്പുകാരന്റെ കഥയിലും പ്രതിസ്ഥാനത്തു നിറുത്തപ്പെടുന്നതു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. മരിച്ചിട്ട് 5 വര്‍ഷങ്ങള്‍ കഴിയാതെ നാമകരണ നടപടികള്‍ തുടങ്ങരുത് എന്ന നിയമം ആള്‍ ക്കൂട്ടാരവത്തില്‍ റദ്ദാക്കി അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നു.
പഴയകാലത്ത് ഇത്തരം തീരുമാനങ്ങളില്‍ "ചെകുത്താന്റെ വക്കീല്‍" എന്നൊരു കഥാപാത്രമുണ്ടായിരുന്നു. വിശുദ്ധിക്കെതിരായ തെളിവുകള്‍ കൃത്യമായി അവതരിപ്പിച്ച് വിശുദ്ധി വിശുദ്ധിതന്നെയാണ് എന്ന് ഉറപ്പു വരുത്തല്‍. ഇപ്പോഴും ആ തസ്തികയുണ്ട് (Defender of Justice). ഈ നാമകരണ നടപടികളിലും അങ്ങനെയൊരാള്‍ ഉണ്ടായിരുന്നു. ഈ നിഴല്‍ വീഴ്ത്തിയതിന് അദ്ദേഹമാണ് ഉത്തരവാദി. ഈ തസ്തിക കല്യാണേക്കാടതികളില്‍ സഭയ്ക്കുണ്ട്. അവര്‍ വല്ലതും അറിയുന്നുണ്ടോ എന്നതാണ് ചോദ്യം. ഈ പശ്ചാത്തലത്തില്‍ ഇതുപോലുള്ള പുറംപൂശുന്ന തട്ടിപ്പ് ജീവിതത്തിലുടനീളം ഉണ്ടാകും. ഫരിസേയരെ വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് യേശു വിളിച്ചപ്പോഴും ഇതാണ് അര്‍ത്ഥമാക്കിയത്. സഭയില്‍, പ്രത്യേകിച്ച് സഭാഘടനയുടെ ശുശ്രൂഷകളില്‍ മുഴുകുന്നവര്‍ വേദഗ്രന്ഥം പോലെ വായിക്കേണ്ടതാണ് അഗസ്റ്റിന്റെ ആത്മകഥ. അഗസ്റ്റിന്‍ പാപിയായിരുന്നു, മാനസാന്തരപ്പെട്ടു, മെത്രാനായി, വിശുദ്ധനായി. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഒരു പ്രയോഗം വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരട്ടെ. അദ്ദേഹം എഴുതി "അകമാണ് മെച്ചം" (Melius quod interius). ഇതിന്റെ അര്‍ത്ഥം പുണ്യം പുറമല്ല അകമാണ് എന്നതാണ്. അഗസ്റ്റിനെ സബന്ധിച്ചിടത്തോളം ദൈവം "എന്റെ ഏറ്റവും അടുത്തുള്ള എന്റെ വൈദ്യനാണ്" (Medicus meus intime). അദ്ദേഹത്തിന്റെ ദൈവത്തെക്കുറിച്ചുള്ള ഏറ്റവും വലിയ അറിവ് സ്വയം ദൈവത്തില്‍ അറിയുന്നതാണ്.
ഇവിടെ ചില ദിവ്യന്മാര്‍ക്കു ദൈവം നിപ വൈറസ് അകറ്റിക്കൊടുക്കുന്നു, രോഗശാന്തി നടത്തുന്നു – സ്വന്തം പൊങ്ങച്ചം മാത്രം കാണിച്ചു കൊടുക്കുന്നില്ല. ആള്‍ ദൈവങ്ങളുടെ നടന വേദികള്‍ നിരന്തരം കണ്ട് ആള്‍ക്കൂട്ടം ഹര്‍ഷോന്മാദത്തിലാണ്. പുണ്യപ്പെട്ട ജീവിതം (Beata vita) എന്ന പരമ്പരാഗത ക്രൈസ്തവ പ്രയോഗത്തെ തത്ത്വചിന്തകനായ ഹൈഡഗര്‍ നിര്‍വ്യാജ ജീവിതം എന്നാണ് തര്‍ജ്ജമചെയ്തത്.
ഡാന്റെയുടെ നരകത്തില്‍ ജെറികോണ്‍ എന്ന ഭീകരസത്വത്തെക്കുറിച്ചു പറയുന്നു. വ്യാജത്തിന്റെ ഭീകരസത്വമാണ്. ഇയാള്‍ നരകത്തിന്റെ എട്ടാമത്തെ വൃത്തത്തിലാണ്, ഇത് വ്യജന്മാരുടെ ഇടമാണ്. ഇവിേടക്കു കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു വരുന്ന ഈ സത്വത്തെക്കുറിച്ച് ഡാന്റെ എഴുതി: "അവന്റെ മുഖം നീതിമാന്റേതായിരുന്നു. അവന്റെ തൊലിപ്പുറത്ത് അത്രമാത്രം നന്മയുണ്ടായിരുന്നു. പക്ഷെ, ബാക്കിയുള്ളതു മുഴുവന്‍ സര്‍പ്പത്തിന്റെയായിരുന്നു." പൗലോസിന്റെ വെളിപാട്, സെഫാനിയയുടെ വെളിപാട് എന്നീ കാനോനികമല്ലാത്ത കൃതികളില്‍ നരകത്തിലെ അന്ധരെക്കുറിച്ചു പ്രതിപാദനങ്ങളുണ്ട്. ആരാണീ നരകത്തിന്റെ കാഴ്ചയില്ലാത്തവര്‍? നരകത്തിലെ കാഴ്ചയില്ലായ്മ സ്വയം കാണാന്‍ കഴിയാത്തവരാണ്, ആത്മവിമര്‍ശനമില്ലാത്തവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org