ഒരു പ്രാര്‍ത്ഥനയുടെ പടം

ഒരു പ്രാര്‍ത്ഥനയുടെ പടം

പോള്‍ തേലക്കാട്ട്

അസാധാരണമായ ഒരു ചിത്രമാണിത്. മാര്‍ച്ച് ഒന്നിനു പ്രസിദ്ധീകൃതമായ ഈ ചിത്രം ഒരു സംഭവത്തിന്റെ ചിത്രമായ ബിംബമാണ്. ഏതു ബിംബവും പോലെ ഇതും ചിന്തയ്ക്കും നടപടിക്കും പ്രേരിപ്പിക്കുന്ന ഒരു സാക്ഷ്യമാണ്. മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്തെ മിക്തീന പട്ടണത്തിന്റെ തെരുവിലേക്കാണ് ഈ കന്യാസ്ത്രീ ഇറങ്ങി മുട്ടുകുത്തിയത്.
ഒരു കന്യാസ്ത്രീക്കു പട്ടാള വിപ്ലവത്തിലും പ്രതിഷേധ പ്രകടനങ്ങളിലും എന്തു കാര്യം എന്നു ചോദിക്കുന്നവരുണ്ടാകും. കന്യാസ്ത്രീകള്‍ അവരുടെ മഠങ്ങൡ അടച്ചുപൂട്ടി ലോക കാര്യങ്ങളില്‍ ഇടപെടാതെ കഴിയണം എന്നു ചിന്തിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പട്ടാള വിപ്ലവവും ജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ അടച്ചുടയ്ക്കലും പ്രതിഷേധക്കാരെ കൊല്ലുന്നതും ഒന്നും കന്യാസ്ത്രീകളെ അലട്ടേണ്ട പ്രശ്‌നങ്ങളല്ല എന്നു ചിന്തിക്കുന്നവരുമുണ്ടാകും – അങ്ങനെയുള്ള സന്ന്യാസത്തിനു വംശനാശം വരുന്ന പ്രതിസന്ധിയിലാണ് നാം.
വ്യത്യസ്തമായൊരു സാക്ഷ്യത്തിന്റെ പടമാണിത്. അവര്‍ നിഷ്പക്ഷമല്ല എന്നതാണ് ഇതിന്റെ ഒരു മാനം. മ്യാന്‍മറിലെ ജനങ്ങള്‍ പട്ടാളഭരണത്തിലായത് അവര്‍ നിഷ്പക്ഷമായി കാണുന്നില്ല അഥവാ ആ നിഷ്പക്ഷതയെ അവര്‍ ലംഘിക്കുന്നു? ഇത്തരം നിഷ്പക്ഷത ഒളിച്ചോട്ടമാണ്. നിരുത്തരവാദിത്വമാണ്. അവിടെ ജീവിക്കുന്ന സന്യാസിനികള്‍ അവിടുത്തെ മനുഷ്യന്റെ വിലാപത്തിന് മുഖം തിരിക്കുന്നതു വ്യക്തമായും പട്ടാളത്തിന്റെ കൂടെ നില്‍ക്കലാകും. പീഡിത സാഹചര്യത്തില്‍ നിഷപ്ക്ഷത പീഡകരുടെ കൂടെ നില്‍ക്കലാണ്.
ചരിത്രത്തില്‍ നടക്കുന്ന ഏതു മനുഷ്യപ്രതിസന്ധിയുടെയും കഥയാണിത്. 60 ലക്ഷം യഹൂദരെ കൊന്നൊടുക്കിയ ഗ്യാസ് ചേമ്പറുകള്‍ നാട്ടില്‍ നടത്തിയ ക്രൂരതകളുടെ ഇടയില്‍ ജര്‍മ്മന്‍കാര്‍ ഒന്നുമറിയാത്തപോലെ ജീവിച്ചതാണ് അവരുടെ ഗൗരവമായ കുറ്റം. അതു കുറ്റകരമായ നിഷപ്ക്ഷതയായിരുന്നു. മനുഷ്യരെ നിഷ്‌ക്കരുണം കൊന്നൊടുക്കിയപ്പോള്‍ അവിടെ ജീവിച്ച പൗരന്മാര്‍ക്കു നാവിറങ്ങിപ്പോയി. നിലവിളിക്കാന്‍ പോലും അവര്‍ സന്നദ്ധരായില്ല. തിന്മയുടെ സാധാരണത്വം അവരെ ഭീകരമായി അടുമുടി ഭരിച്ചു.
സിസ്റ്റര്‍ ആന്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. അതു പ്രാര്‍ത്ഥനയുടെ നിലപാടായിരുന്നു. അവര്‍ ദൈവത്തോടല്ല പ്രാര്‍ത്ഥിച്ചത്. അവര്‍ സര്‍വ്വശക്തമായ പട്ടാളത്തിന്റെ പ്രാതിനിധ്യമുള്ള സായുധ പോലീസിന്റെ മുമ്പിലാണ് മുട്ടുകുത്തിയത്. പ്രാര്‍ത്ഥന ദൈവത്തോടു മാത്രമല്ല വക്കീലന്മാര്‍ നീതിയുടെ നടത്തിപ്പിന്റെ കോടതികളില്‍ തങ്ങളുടെ കക്ഷികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. വിധിയാളനോട് പ്രാര്‍ത്ഥന, നീതി നടത്തിക്കിട്ടാന്‍. ഞാനും നിങ്ങളും അനുദിനം സ്വന്തം കുടുംബത്തില്‍പോലും പരസ്പരം പ്രാര്‍ത്ഥിക്കുന്നു – ചിലതു ചെയ്തു കിട്ടാന്‍, ചിലതു ചെയ്യാതിരിക്കാന്‍. പോലീസും പട്ടാളവും മനുഷ്യരാണ്. മ്യാന്‍മാറില്‍ ദൈവം ഇറങ്ങി വന്ന് പട്ടാളത്തെ അവരുടെ ബാരക്കുകളിലേക്ക് തിരിച്ചയയ്ക്കുമോ? ദൈവം ജനങ്ങള്‍ക്കു സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുമോ? പീലാത്തോസിന്റെ കച്ചേരിയില്‍ ദൈവം യേശുവിനുവേണ്ടി വാദിക്കാന്‍ വന്നില്ല. ഏറ്റി ഹില്ലേസും എന്ന യഹൂദ യുവതി പ്രാര്‍ത്ഥിച്ചു: "ദൈവമേ നിനക്കു ഞങ്ങ ളെ സഹായിക്കാനാവില്ല. ഞങ്ങളെ പരസ്പരം സഹായിക്കാന്‍ ഞങ്ങളെ സഹായിക്കുക." ഇതിനര്‍ത്ഥം സഹായകന്‍ നമ്മിലുണ്ട്, ദൈവം എന്നിലും നിന്നിലുമുണ്ട്. ദൈവം മരിക്കാതിരിക്കാന്‍ സഹായിക്കുക. സിസ്റ്റര്‍ ആന്‍ പോലീസിന്റെ മുമ്പില്‍ മുട്ടുകുത്തിയപ്പോള്‍, അവര്‍ പോലീസിനോട് പ്രാര്‍ ത്ഥിച്ചതു നിങ്ങള്‍ മനുഷ്യരാകുക, നിങ്ങളില്‍ നിങ്ങളുടെ സഹോദരങ്ങളെ സ്‌നേഹിക്കാനുള്ള കഴിവുണ്ട്, ശക്തിയുണ്ട്. അവരിലെ നന്മയും മനുഷ്യത്വവും ജ്വലിച്ചാല്‍ പരസ്പരം കൊല്ലില്ല. ഇതാണ് പ്രാര്‍ത്ഥന. ശത്രുവിനോടും പ്രാര്‍ത്ഥിക്കണം, അവന്റെ മനുഷ്യത്വം വീണ്ടെടുക്കാന്‍ അവരിലെ ദൈവത്തെ കൊല്ലാതിരിക്കാന്‍. അധികാരത്തിന്റെ അന്ധതയാണ് നാട്ടില്‍ വര്‍ദ്ധിക്കുന്നത്. ഇവിടെയാണ് ദൈവത്തെ വിളിച്ചു വരുത്തേണ്ടത്.
സിസ്റ്റര്‍ ആനിന്റെ പ്രാര്‍ത്ഥനയും നിലപാടും അവരുടെ സന്യാസ ജീവിതത്തിന്റെ ഭാഗമാണ്. അവള്‍ പ്രാര്‍ത്ഥനയുടെ സന്യാസിയാണ്. എന്താണ് പ്രാര്‍ത്ഥന? ദൈവത്തിന്റെ പ്രാര്‍ത്ഥന കേട്ട് ജീവിക്കാന്‍ പഠിക്കലാണ്; ദൈവത്തെ കേട്ട് അവന്റെ വഴി നടക്കുന്നതാണ്. ദൈവത്തിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നതാണ് മനുഷ്യന്റെ പ്രാര്‍ത്ഥന. "ഇസ്രായേലേ കേള്‍ക്കുക…" (ആവര്‍ത്തനം 6:4). ദൈവത്തെ കേള്‍ക്കുന്നവള്‍ ദൈവത്തിന്റെ നിലവിളി കേള്‍ക്കുന്നവളാകണം. ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്ന കന്യാസ്ത്രീ ക്രിസ്തുവിന്റെ കുരിശിലെ വിലാപം കേള്‍ക്കുന്നവളാണ്. ആ വിലാപം, മനുഷ്യന്റെ വിലാപം ദൈവത്തിന്റെ രോദനമായി തിരിച്ചറിയുന്നവരാണ് ക്രിസ്ത്യാനികള്‍. ഈ വിലാപത്തിനാണ് അവന്‍ മറുപടി നല്കിയത്. ആ മറുപടിയാണ് അവരുടെ തെരുവിലേക്കുള്ള പുറപ്പാടും പോലീസിന്റെ മുന്‍പിലുള്ള മുട്ടിന്മേല്‍ നിന്നുള്ള പ്രാര്‍ത്ഥനയും. ഈ നടപടി അവള്‍ക്കു കിട്ടിയ ദൈവവിളിയുടെ നിലപാടും നടപടിയുമാണ്. മനുഷ്യദുരന്തത്തിന്റെ നടുവിലേക്കു ദൈവം തന്റെ ദാസരെ അയയ്ക്കുന്നു. പ്രവാചകരെ അയച്ചതുേപാലെ, യോനായെ നിനിവേയിലേക്ക് അയച്ചതു പോലെ. എന്തിന്?
ചരിത്രത്തില്‍ ഇടപെടാന്‍. പാപം തീര്‍ക്കുന്ന ചരിത്ര പ്രതിസന്ധികളില്‍ ദൈവത്തിനുവേണ്ടി പോകുവാന്‍. ചരിത്രത്തില്‍ ഇടപെട്ട് ചരിത്രത്തെ നീതിയുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും ദൈവികചരിത്രമാക്കാന്‍. ഒരു ആയുസ്സിന്റെ അര്‍ത്ഥവും പ്രസക്തിയും വെളിവാകുന്നതു സ്ഥലകാലങ്ങളിലാണ്. സ്ഥലകാലങ്ങളില്‍ ക്രിസ്തുവിനു ശരീരം ഉണ്ടാക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. യേശു ചരിത്രം നയിക്കുന്നതു യേശുവിന് ശരീരം കൊടുക്കുന്നവരിലൂടെയാണ്. മഗ്ദലേന മറിയവും തോമസും യേശുവിന്റെ ശരീരത്തെ തൊട്ടനുഭവിക്കാന്‍ നിര്‍ബന്ധം പിടിച്ചവരാണ്. അവന് ശരീരം കൊടുക്കുന്നവരായിരുന്നു എല്ലാ ശിഷ്യരും. മ്യാന്‍മറിലെ മനുഷ്യപ്രതിസന്ധിയില്‍ യേശുവിന്റെ സാന്നിദ്ധ്യമാണ് ആ തെരുവില്‍ ബലഹീന വയോധികയുടെ സാന്നിധ്യത്തിലൂടെ സൃഷ്ടിക്കപ്പട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org