പൂക്കാന്‍ ഇടം തേടുമ്പോള്‍

പൂക്കാന്‍ ഇടം തേടുമ്പോള്‍

കളിയാണു സ്വാതന്ത്ര്യം എന്നു നിന്നോട് ആരു പറഞ്ഞു? നീ വഞ്ചിതനാണ്. സ്വാതന്ത്ര്യം പൂവാണ്, പൂക്കലാണ്.

സ്വാതന്ത്ര്യം എപ്പോഴും അല്പാല്പമായി നേടിയെടുക്കുന്നതാണ് – സ്വാതന്ത്ര്യമാണു വിരിയുന്നത്. അതു സ്വന്തം ബന്ധനങ്ങളും കെട്ടുകളും തിരിച്ചറിയുന്നതും അതു മറികടക്കാന്‍ പഠിക്കുന്നതുമനുസരിച്ചാണ്. സ്വാതന്ത്ര്യം ജനിക്കുമ്പോള്‍ കിട്ടുന്ന ഒരു സമ്മാനമല്ല. ജനനത്തോടെ അതു കുഴിച്ചുമൂടപ്പെടുന്നുണ്ട്. തന്നെ മൂടുന്ന മണ്ണിന്‍റെയും മാംസത്തിന്‍റെയും കേന്ദ്രത്തിന്‍റെ ആകര്‍ഷണം ചെറുതല്ല. അതിന്‍റെ ആസക്തിയുടെ ഇടയില്‍ സ്വാതന്ത്ര്യം കഴിയുന്നു. പക്ഷേ, ഈ ഇടത്തില്‍ നിന്ന് ആരാധിക്കുമ്പോള്‍ ഇടത്തെ ആരാധിക്കരുത്. ഇടത്തെ അതിലംഘിക്കുന്ന ആരാധന വേണം. ആയിരിക്കുന്ന ഇടം വേലികെട്ടിയെടുക്കേണ്ട എന്‍റെ ഇടമല്ല; അത് എന്‍റെ ഭൂമിയല്ല, മണ്ണല്ല നാടല്ല ദേശമല്ല. എന്‍റെ ഭൂമിക്കുവേണ്ടി യുദ്ധത്തിനു ഞാനില്ല. എപ്പോഴും ഭൂമിയില്‍ നിന്നിറങ്ങുന്നു; പുറപ്പെടുന്നു. ഇപ്പോള്‍ ആയിരിക്കുന്നതും ഒരു ഇടം മാത്രം. ഇടത്തില്‍ നിന്ന് ഇടഞ്ഞുനീങ്ങുന്നതു സ്വാതന്ത്ര്യത്തിന്‍റെ ഭൂമിയിലേക്കാണ്, വാഗ്ദാനനാട്ടിലേക്കാണ്. പക്ഷേ, അതൊരു കാവ്യചക്രവാളം മാത്രമാണ്. എപ്പോഴും കാലിനടിയില്‍ കല്ലും മുള്ളും മാത്രം. വാഗ്ദത്ത നാട് മുന്നിലാണ്, കാല്‍ച്ചുവട്ടിലല്ല.

ജീവിതം എപ്പോഴും യാത്രയിലാണ്. എപ്പോഴും മുമ്പില്‍ സത്യത്തിന്‍റെ വിഗ്രഹങ്ങള്‍ മാത്രം. മനുഷ്യന്‍റെ പുസ്തകം ചോദ്യത്തിന്‍റെ പുസ്തകമാണ്. ഉള്ളതെല്ലാം ചോദ്യം ചെയ്യപ്പെടുന്നു, ഉടയ്ക്കപ്പെടുന്നു. ഈ ഉടയ്ക്കല്‍ ആദിയിലേ തുടങ്ങിയതാണ്. "നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതും" (പുറ. 34:1). ഉടയ്ക്കലും മായ്ക്കലും വീണ്ടുമെഴുത്തുമായി കല്പനകളുടെ ചരിത്രം നീളുന്നു. എഴുതിയതു വീണ്ടുമെഴുതുമ്പോള്‍ വ്യാഖ്യാനമായി. എഴുതിയതെല്ലാം ഉടച്ചുകൊണ്ടിരിക്കുന്നു. വചനം വിഗ്രഹവത്കരിക്കുമ്പോള്‍ മായ്ക്കുക, വീണ്ടുമെഴുതുക. വിഗ്രഹങ്ങളില്‍ ബന്ധിതമാകാതിരിക്കാന്‍ യാത്ര പുറപ്പെടുന്നു; വാക്കുകളില്‍ കുടുങ്ങാതിരിക്കാന്‍ വാക്കുകളെ കടന്നുപോകുന്നു സ്വാതന്ത്ര്യം.

ലോകം ആരംഭിച്ചതു വാക്കിലാണ്; ആദിയില്‍ വചനമുണ്ടായിരുന്നു. അതു ദര്‍ശനമായിരുന്നു. അതുമായി പോയത് എഴുത്തിന്‍റെ മണല്‍ക്കാട്ടിലേക്കാണ്. അവിടെ ഓരോ തരി മണലും ആശ്ചര്യത്തിന്‍റെ അടയാളമാണ്. മണല്‍ത്തരി വിട്ടുപോകാനുള്ളതാണ് ആശ്ചര്യം നിലനിര്‍ത്താന്‍. യാത്രയുടെ സമ്പത്തു സ്ഥലം കണ്ടെത്തുന്നതല്ല. നഗരവും നാടും വീടും എല്ലാം കടുന്നു പോരുന്ന മണല്‍ക്കാടുകള്‍ കാത്തുസൂക്ഷിക്കുന്നത് ആശ്ചര്യം – സ്വാതന്ത്ര്യത്തിന്‍റെ പൂവിരിയാന്‍ – പൂങ്കാവനത്തിലേക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org