Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> പൊട്ടണിഞ്ഞ പൊന്നിന്‍കുടം

പൊട്ടണിഞ്ഞ പൊന്നിന്‍കുടം

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

കൊച്ചിമെട്രോ ഉദ്ഘാടനം വാര്‍ത്തകളില്‍ നിറഞ്ഞത് ഉദ്ഘാടനവേദിയില്‍ സ്ഥാനം പിടിച്ചവരുടെയും ഇടംകിട്ടാതെ പോയവരുടെയും പേരില്‍കൂടിയാണ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് മുഖ്യമന്ത്രി മെട്രോയാത്ര നടത്തി. അന്ന് ചിലരെങ്കിലും ആഗ്രഹിച്ചു, പദ്ധതിക്കുവേണ്ടി മുന്‍പില്‍നിന്ന മുന്‍മുഖ്യമന്ത്രികൂടി ആ യാത്രയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഉണ്ടായിരുന്നെങ്കില്‍ ആ ചടങ്ങിനു രാഷ്ട്രീയാതീതമായ സൗകുമാര്യം ഉണ്ടാകുമായിരുന്നു.

മുന്‍മുഖ്യമന്ത്രിയെ കൂടെക്കൂട്ടിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കാനുള്ള അവസരം നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ടു. പണിതീരുംമുമ്പ് നാടമുറിച്ച് കടന്നുപോകുന്നവരും പണിതീരുമ്പോള്‍ ഞാനാണ് ഇതിന്‍റെയെല്ലാം ആള്‍ എന്ന മട്ടില്‍ ഒറ്റയ്ക്ക് തിരിതെളിക്കുന്നവരും രാഷ്ട്രീയനേട്ടം സ്വന്തം പോക്കറ്റില്‍ തിരുകാന്‍ ശ്രമിക്കുന്ന കുഞ്ഞുമനസ്സുകളാണ്. ഇതില്‍നിന്ന് വലിയൊരു സാമൂഹിക പാഠം ഉരുത്തിരിയുന്നുണ്ട്: നല്ല കാര്യങ്ങള്‍ ചെയ്താല്‍മാത്രം പോര; അതില്‍ ഒരുതരം വശ്യതയും (Charm) പ്രസാദവും (Grace) വേണം. അതായത്, സാധിക്കുന്നിടത്തോളംപേരുടെ നല്ല മനസ് (Good will) ഉണര്‍ത്താനാവണം. ഇത് പൊതുക്കാര്യങ്ങളില്‍ മാത്രമല്ല, വ്യക്തിപരവും കുടുംബപരവും സഭാപരവുമായ കാര്യങ്ങളിലും വേണം. അല്ലെങ്കില്‍ നല്ലകൂട്ടാന്‍ ഉണ്ടാക്കി കോളാമ്പിയില്‍ വിളമ്പി എന്ന മട്ടിലാവും കാര്യങ്ങള്‍.

പല കാര്യങ്ങള്‍ക്കും മനോഹാരിതയും മഹത്ത്വവും ലഭിക്കുന്നത് ചട്ടപ്രകാരം ആവശ്യമുള്ളതിലും അധികം ചെയ്യുമ്പോഴാണ്; ചിത്രത്തിനു ഫ്രെയിം ഇടുന്നതുപോലെ. പലതും പ്രതീകാത്മകമായ പ്രവൃത്തികളായിരിക്കും. 2008 ബെയ്ജിങ്ങ് ഒളിമ്പിക്സിന്‍റെ തുടക്കത്തില്‍ നടന്ന പരേഡില്‍ ചൈനയുടെ ടീമിന്‍റെ മുന്‍നിരയില്‍ താരങ്ങള്‍ക്കൊപ്പം ചൈനീസ് പതാകയും വീശി ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു. അടുത്ത തലമുറയ്ക്കുവേണ്ടി ഒരു രാജ്യം നടത്തുന്ന കരുതലുള്ള ഈടുവയ്പിന്‍റെ പ്രസാദമുള്ള പ്രതീകം. മെട്രോയും ഒളിമ്പിക്സുംവിട്ട് നമുക്ക് നമ്മുടെ ചുറ്റുവട്ടങ്ങളിലേക്ക് വരാം. പൊതുപ്രസാദം നഷ്ടപ്പെടുന്ന ഏതാനും സന്ദര്‍ഭങ്ങള്‍ ഉദാഹരണരൂപേണ:

മാതാവിന്‍റെ തിരുനാളാഘോഷം. മാതാവിന്‍റെ രൂപത്തിനു മുന്നില്‍ ഒരു കൊട്ട നിറയെ പൂക്കളുണ്ട്. അപ്പുറത്ത് വിശുദ്ധ യൗസേപ്പിതാവ് നില്പുണ്ട്. മുന്നില്‍ കുറച്ച് ഉണക്കപ്പൂക്കളും. പ്രസാദാത്മകമായി കാര്യങ്ങള്‍ ചെയ്യുന്ന ആരെങ്കിലും ആ പള്ളിയിലുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കുകയില്ല.

കാക്കയുടെ പ്രത്യേകതരം കരച്ചില്‍ വിരുന്നുകാരുടെ വരവ് അറിയിച്ചിരുന്ന കാലമുണ്ടായിരുന്നു. ഫോണ്‍ സൗകര്യം സര്‍വ്വ സാധാരണമായതില്‍പ്പിന്നെ കാക്ക വിരുന്നുവിളിക്കാറില്ല. പക്ഷേ ഔചിത്യബോധമില്ലാത്ത വിരുന്നുകാര്‍ മാത്രമേ കാക്കയുടെ കണ്ണുവെട്ടിച്ചും ഫോണ്‍വിളിച്ചു പറയാതെയും കയറി വന്ന് ആതിഥേയരെ ഞെട്ടിക്കൂ.

മകന്‍ സ്കൂള്‍ ഫീസ് ചോദിക്കുന്നു. അപ്പനത് കൊടുക്കും. പക്ഷേ അതിനുമുമ്പ് ഒരു സ്ഥിരംചടങ്ങുണ്ട്. തന്‍റെ ചെറുപ്പ കാലത്തെ കഷ്ടപ്പാടെല്ലാം വിവരിക്കും. നിനക്കിത് മേടിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് ധ്വനിപ്പിക്കും. എന്നിട്ട് പണം കൊടുക്കും. ഒട്ടുപോലും പ്രസാദമില്ലാത്ത കൊടുക്കല്‍.

നാം ചിലയിടങ്ങളിലേക്ക് കയറിച്ചെല്ലുന്നു: ഒരു സ്ഥാപനത്തിന്‍റെ ഗെയിറ്റാകാം; ഓഫീസാകാം; കുമ്പസാരക്കൂടാകാം. അവിടെയിരിക്കുന്നയാള്‍ ഒരു കൃപയുമില്ലാതെ ഒരു നോട്ടം. നീ പിന്നെയും വന്നോ എന്ന മട്ടില്‍.

ചില ക്ഷണപത്രികകള്‍ കിട്ടാറുണ്ട്; തിരുപ്പട്ടസ്വീകരണത്തിന്‍റേതുള്‍പ്പടെ. അച്ചുകൂടത്തില്‍നിന്ന് കൈതൊടാതെ എടുത്തമാതിരി. പത്രികക്കകത്ത് പേനകൊണ്ട് തൊട്ടിട്ടില്ല; ഒപ്പില്ല; ആര്‍ക്കാണെന്ന് അഭിസംബോധന ചെയ്തിട്ടുമില്ല. ഇത്തരം കുറികള്‍ കൃപാരാഹിത്യത്തിന്‍റെ മാത്രമല്ല, മര്യാദകേടിന്‍റെ കൂടെ പത്രികയാണ്.

ചില കമ്മിറ്റികളും ആലോചനാസമിതികളും. തീരുമാനം എടുക്കേണ്ടയാളുടെ ഇഷ്ടക്കാരും അഭിപ്രായങ്ങള്‍ പണയം വച്ചവരും മാത്രമേ അംഗങ്ങളായി കാണൂ. കമ്മിറ്റിയുണ്ടോ? ഉണ്ട്. ആലോചിച്ചോ? പിന്നില്ലാതെ… പക്ഷേ ഇത്തരം സമിതികള്‍ക്ക് പൊതുസമ്മതിയുണ്ടാവില്ല. കാരണം, ഐശ്വര്യമില്ലാത്ത സ്വാര്‍ത്ഥതാത്പര്യങ്ങള്‍ അവയുടെ പിന്നില്‍ ചുരുണ്ടുകൂടികിടപ്പുണ്ട്.

പ്രസാദമധുരമായ രീതികളും പെരുമാറ്റങ്ങളും ആരംഭിക്കുന്നത് സാമാന്യമര്യാദയില്‍നിന്നാണ്. ആദവും ഹവ്വയും പാപം ചെയ്തു. ദൈവം നേരേചെന്ന് അവരെ ഏദന്‍തോട്ടത്തില്‍നിന്ന് പുറത്തെറിയുകയല്ല ചെയ്തത്. ദൈവം ചോദിച്ചു, തിന്നരുതെന്ന് ഞാന്‍ പറഞ്ഞ പഴം നീ തിന്നോ? (ഉത്.3:11) ദൈവത്തിനു കാര്യം അറിയാത്തതുകൊണ്ടല്ല ഈ ചോദ്യം. ആദത്തിനു തന്‍റെ ഭാഗം പറയാന്‍ അവസരം കൊടുക്കണം. അതാണ് ന്യായവും ഐശ്വര്യവുമുള്ള രീതി.

പൊന്നിന്‍കുടംപോലെ തങ്കപ്പെട്ട കാര്യമാണെങ്കിലും അതിന്‍മേല്‍ പരശ്രദ്ധയുടെയും ഔചിത്യത്തിന്‍റെയും പ്രസാദമണിഞ്ഞ കരുതല്‍പ്പൊട്ട് ഒരിക്കലും അധികപ്പറ്റാവില്ല. മറിച്ച്, അതൊരു ആവശ്യമാണുതാനും.

Leave a Comment

*
*