Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> പ്രക്ഷോഭകാലം…. പ്രക്ഷുബ്ധകാലം

പ്രക്ഷോഭകാലം…. പ്രക്ഷുബ്ധകാലം

ഫാ. ജോഷി മയ്യാറ്റില്‍

മറീനാ ബീച്ചുമുതല്‍ വാഷിങ്ടണ്‍ ഡി.സി.വരെ പ്രതിഷേധസമരങ്ങളുടെ വേലിയേറ്റമാണ് കഴിഞ്ഞുപോയത്. തനി ഗ്രാമീണര്‍മുതല്‍ ഉഗ്രന്‍ ഐ.എ.എസ്സുകാര്‍ വരെ വ്യത്യസ്തയിടങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങളോടെ സമരത്തിനിറങ്ങിയ ഇതുപോലൊരു കാലം അടുത്തൊന്നും ഉണ്ടായതായി ഓര്‍മയിലില്ല.
മറീനാബീച്ചിലെ ജെല്ലിക്കെട്ടുസമരം എത്ര പെട്ടെന്നാണ് വിജയംകണ്ടത്! കേരളത്തിന് ആനയെക്കൊണ്ടു പറയെടുപ്പിക്കാമെങ്കില്‍ തമിഴ്നാടിന് എന്തുകൊണ്ട് കാളയുടെ മുതുകത്തു തൂങ്ങിക്കൂടാ എന്ന സിനിമാസ്റ്റൈല്‍ വാദവുമായി കമലഹാസന്‍വരെ രംഗത്തെത്തിയ പ്രക്ഷുബ്ധകാലം. മുതുകത്തു തൂങ്ങിയ രണ്ടുപേരെ കാലപുരിക്കയയ്ക്കാനും പത്തു ചെറുപ്പക്കാരെ ഗുരുതരമായും അമ്പതോളം ചെറുപ്പക്കാരെ അത്ര ലഘുവല്ലാതെയും പരിക്കേല്പിക്കാനും കാളകള്‍ തീരുമാനിച്ചത് യാതൊരു പീഡനവും വെകിളിയും വെപ്രാളവും മൂലമായിരുന്നില്ല എന്നു സാക്ഷ്യപ്പെടുത്താന്‍ ശ്വാനപ്രേമിമാത്രമായ സാക്ഷാല്‍ മനേകാഗാന്ധിതന്നെ ഇനി തുനിയുമായിരിക്കും.
ലോ അക്കാദമി സമരം ഒരു മാസം പിന്നിട്ടപ്പോള്‍ മറീനബീച്ച് കേരളത്തിലല്ല എന്നു വ്യക്തമായിരുന്നു. രാഷ്ട്രീയത്തില്‍ നിരന്തരം പരിഞ്ഞപ്പന്മാരുണ്ടായിരുന്ന ഒരു സ്വാശ്രയകോളേജിന്‍റെ വിഷയത്തില്‍ ഇപ്പോള്‍ വനിതാപ്രിന്‍സിപ്പാളിനെ മാറ്റിയതോടെ എല്ലാ പാര്‍ട്ടിക്കാരും വിജയിച്ചുകഴിഞ്ഞത്രേ! എന്തിനായിരുന്നു ആ സമരം എന്ന് ഇപ്പോഴും പൊതുജനത്തിന് മനസ്സിലായിട്ടില്ല! തലപ്പത്തു പെണ്ണുങ്ങളിരിക്കുന്ന പല കേന്ദ്രങ്ങളിലും സമാനസാഹചര്യം ഈയിടെയുണ്ടായത് ആകസ്മികംതന്നെയോ?
പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ച കലാലയസമരം സംഘടിപ്പിച്ച ഗുരുഭക്തരുടെ നാടായി കേരളം ഈയിടെ മാറിയത് അചിന്തനീയംതന്നെ. കോളേജുസമരങ്ങള്‍ കത്തിച്ചെടുക്കാന്‍ പല കേന്ദ്രങ്ങളിലും ബോധപൂര്‍വകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതു പട്ടാപ്പകല്‍പോലെ വ്യക്തമാണ്. അതിന് ഏതു മാര്‍ഗവും സ്വീകരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചിലര്‍.
ഏതായാലും ഇങ്ങനെയും സമരമാകാം എന്നു കാണിച്ചുതന്നിരിക്കുകയാണ് വിവരവും വിദ്യഭ്യാസവുമുള്ള ഐ.എ.എസ്സുകാര്‍. ഐ.പി.എസ്സുകാര്‍ക്കെതിരേയാണു സമരംപ്രഖ്യാപിച്ചതെങ്കിലും സംഗതി ഗവണ്‍മെന്‍റിനെതിരായിപ്പോയി, അതും പിണറായിഗവണ്‍മെന്‍റിനെതിരെ…! ചീഫ് സെക്രട്ടറിക്കുവരെ പണികിട്ടി. സമരം പിന്‍വലിച്ചെന്നു പ്രഖ്യാപനമുണ്ടായെങ്കിലും ഫയലുകള്‍ക്കു മൊത്തത്തില്‍ വാതംപിടിച്ചെന്നാണു കേള്‍വി. പാവം ജനം!
ഇന്ത്യന്‍ പാര്‍ലിമെന്‍റും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ശ്രീ. ഇ. അഹമ്മദിന്‍റെ നിര്യാണത്തോടനുബന്ധിച്ചായിരുന്നു അത്. ബജറ്റുപ്രഖ്യാപനം പദ്ധതിയനുസരിച്ചു നടപ്പിലാക്കാന്‍ പരേതനോടും കുടുംബാംഗങ്ങളോടും അനാദരവ് കാണിച്ചെന്നും മരണം പ്രഖ്യാപിക്കാന്‍ താമസിപ്പിച്ചെന്നുമുള്ള ആരോപണം പ്രതിരോധിക്കാന്‍, നന്നേ വിയര്‍ത്തിട്ടും, ആശുപത്രിയധികൃതര്‍ക്കും ഭരണകക്ഷിക്കും ഇതുവരെ സാധിച്ചതായി കണ്ടില്ല. മരണത്തില്‍പോലുമുള്ള ഫാസിസത്തേര്‍വാഴ്ചയ്ക്കാണോ, ദൈവമേ, ഭാരതം സാക്ഷ്യംവഹിക്കുന്നത്?!
കൊച്ചിയിലെ ഒരു പോലീസുസ്റ്റേഷനുമുമ്പില്‍ നടന്ന സമരവും ശ്രദ്ധേയമായി. മൂന്നു ചെറുപ്പക്കാരെ അടിവസ്ത്രംമാത്രം ധരിക്കാനനുവദിച്ച് ലോക്കപ്പിലിട്ട എസ്. ഐ.യെ സ്ഥലംമാറ്റിയതിനുശേഷമേ സമരക്കാര്‍ പിരിഞ്ഞുപോയുള്ളത്രേ. മനുഷ്യനെ മാനിക്കാനറിയാത്തവന്‍ നിയമപാലകനാണോ? മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കാന്‍ അവകാശമുള്ള ഏതു ദേവേന്ദ്രനാണ് ഇവിടെയുള്ളത്? വെളിച്ചത്തു വരാത്ത എത്രയെത്ര ‘ഔദ്യോഗിക’ നിയമലംഘനങ്ങള്‍! ഫാസിസത്തിന്‍റെ ലോക്കല്‍ കാഴ്ചകള്‍തന്നെ ഇവയും.
ഫാസിസവിരുദ്ധജനമനസ്സിന്‍റെ കണ്ണാടിയായിത്തീര്‍ന്നു അമേരിക്കയിലെ പ്രക്ഷോഭങ്ങള്‍. അധികാരത്തിലേറി പത്തുദിവസത്തിനകം ഡൊണാള്‍ഡ് ട്രംപ് നടത്തിയ ത്രില്ലര്‍തീരുമാനങ്ങളുടെ നീണ്ട നിര ഒന്നൊന്നായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ തിരിച്ചടികളെല്ലാം ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ കാവല്ക്കാരായ ജനത്തിന്‍റെ പ്രതിഷേധഫലമാണെന്നതാണു സത്യം. ഫാസിസ്റ്റു ഭരണാധികാരികള്‍ തങ്ങളുടെ നിലപാടുകള്‍ക്കു മതത്തിന്‍റെ മേമ്പൊടി ചേര്‍ക്കുമ്പോള്‍ ആ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ മതവിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഇതു കുറിക്കുമ്പോഴും ഇറാക്കിലെ എര്‍ബിന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് വെഷര്‍ വാര്‍ദയുടെ പ്രതിഷേധചോദ്യം ലോകത്തിനു കേട്ടില്ലെന്നു നടിക്കാനാവില്ല. ഐ.എസ്. തീവ്രവാദികള്‍ പതിനായിരക്കണക്കിനാളുകളെ കൊന്നപ്പോള്‍ അമേരിക്കയിലെ ഈ പ്രതിഷേധക്കാര്‍ എവിടെയായിരുന്നു എന്നായിരുന്നു ഒരു അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചത്.
ക്രൈസ്തവപീഡനത്തിനെതിരേ ലോകം ഭജിക്കുന്ന മൗനം നിരാശാജനകംതന്നെ. ഒബാമ ഭരണകൂടം പുലര്‍ത്തിയ കുറ്റകരമായ നിശ്ശബ്ദത മറക്കാനാവില്ല. ഐക്യ രാഷ്ട്രസംഘടനയും തികഞ്ഞ നിരുത്തരവാദിത്തമാണ് ഇക്കാര്യത്തില്‍ പുലര്‍ത്തിയത്.
പക്ഷേ, ഇതുകൊണ്ടൊന്നും ഒരു ജനാധിപത്യഭരണസംവിധാനത്തില്‍ മതത്തിന്‍റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല. ട്രംപിന്‍റെ ഇസ്ലാംവിരോധത്തിനെതിരേ യഥാര്‍ത്ഥ ക്രൈസ്തവര്‍ പ്രക്ഷോഭമുയര്‍ത്തുകതന്നെചെയ്യും. ഫ്രാന്‍സിസ് പാപ്പായിലൂടെ ലോകം ഇതുവരെ കണ്ടതും ഇനി കാണാനിരിക്കുന്നതും അതുതന്നെ.
ഒപ്പം, ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനത്തെ ആത്മാര്‍ത്ഥമായി അപലപിക്കാനും പീഡകര്‍ക്കെതിരേ ധീരമായും ഫലപ്രദമായും പ്രക്ഷോഭം സംഘടിപ്പിക്കാനും എപ്പോഴാണ് മുസ്ളിംസഹോദരങ്ങള്‍ തയ്യാറാകുന്നതെന്നതും നിര്‍ണായകമാണെന്നു തോന്നുന്നു.

Leave a Comment

*
*