ദൈവം മണ്ണില്‍ രചിച്ച പ്രണയകഥകളാണ് നമ്മള്‍

ദൈവം മണ്ണില്‍ രചിച്ച പ്രണയകഥകളാണ് നമ്മള്‍

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാ ബുധനാഴ്ചയും വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും നല്‍കിവരുന്ന പ്രത്യാശയുടെ മതബോധനത്തിന് കഴിഞ്ഞ ബുധനാഴ്ച ആധാരമായി തിരഞ്ഞെടുത്തത് വി. യോഹന്നാന്‍റെ സുവിശേഷം 20-ാമദ്ധ്യായത്തിലെ ഒന്നു മുതലുള്ള വാക്യങ്ങളാണ്. ഉത്ഥിതനായ ക്രിസ്തുവും വി. മറിയം മഗ്ദലേനയും തമ്മിലുള്ള വ്യക്തിപരമായ കണ്ടുമുട്ടലിന്‍റെ അതീവസ്പര്‍ശിയായ വിവരണമാണ് ഈ ഭാഗത്തുള്ളത്.

കല്ലറയിങ്കലേക്കുള്ള മഗ്ദലനാമറിയത്തിന്‍റെ ഓട്ടം ആഴമായ സ്നേഹബന്ധങ്ങളെ തകര്‍ക്കാന്‍ മരണത്തിനുപോലും കഴിയില്ല എന്നതിനുദാഹരണമാണ്. അവിടെയെത്തിയപ്പോള്‍ മാറ്റിവയ്ക്കപ്പെട്ട കല്ലും ശൂന്യമായ കല്ലറയുമാണ് അവള്‍ക്ക് കാണാന്‍ സാധിച്ചത്. ദുഃഖിതയായി കരഞ്ഞ കണ്ണുകളോടെ നിന്ന അവളെ പേരുചൊല്ലി വിളിക്കുന്ന ക്രിസ്തു രക്ഷാകരചരിത്രത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് അവള്‍ക്ക് സമ്മാനിച്ചത്. ഉത്ഥിതനായ കര്‍ത്താവിന്‍റെ ദര്‍ശനം തികച്ചും വ്യക്തിപരമായി ലഭിക്കുന്ന ആ നിമിഷത്തില്‍ എല്ലാ വേദനയും നിരാശയും അവിടുന്ന് അവളില്‍നിന്ന് എടുത്ത് മാറ്റി. അവളെ മേരി എന്ന് പേരെടുത്ത് വിളിച്ചു. വേദനയുടെ നിമിഷങ്ങളില്‍ ഒരു വ്യക്തിയെ പേരുചൊല്ലി വിളിക്കപ്പെടുന്നത് ഹൃദ്യമായ അനുഭവമാണ്. നമ്മുടെ വേദനയിലും നിരാശയിലും നമ്മോടൊപ്പം വന്ന് പേരു ചൊല്ലിവിളിക്കുന്ന ദൈവമാണ് നമുക്കുള്ളത്. ദൈവത്താല്‍ സ്നേഹിക്കപ്പെട്ടവളാണ് താന്‍ എന്ന ബോധ്യത്തില്‍നിന്ന് പിന്നീട് മറിയം ഉത്ഥിതനായ കര്‍ത്താവ് ഏല്പിച്ച ദൗത്യവുമായി മറ്റ് ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി.

മറിയം മഗ്ദലനായെപോലെ ദൈവത്തെ അന്വേഷിക്കുന്ന ധാരാളം മനുഷ്യരുണ്ട്. എന്നാല്‍ ദൈവം നമ്മളെ അന്വേഷിക്കുന്നു എന്നതാണ് അതിശയകരമായ യാഥാര്‍ത്ഥ്യം. നമ്മുടെ ദുഃഖങ്ങളുടെ നിമിഷങ്ങളില്‍ ദൈവം നമ്മുടെ കാര്യങ്ങളില്‍ നമ്മേക്കാള്‍ ശ്രദ്ധാലുവാണ്. അവിടുന്ന് നമ്മുടെ വ്യക്തിജീവിതങ്ങളെ അറിഞ്ഞ് അത് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. കാരണം നമ്മളോരോരുത്തരും ദൈവത്തിന്‍റെ കയ്യൊപ്പുള്ള സുന്ദരമായ പ്രണയകഥയാണ്. ഒരു കുട്ടിക്ക് ചുംബനം നല്‍കിക്കൊണ്ടാണ് ബുധനാഴ്ച കൂടിക്കാഴ്ചയിലേക്ക് മാര്‍പാപ്പ കടന്നുവന്നത്. മരണത്തിനുപോലും സ്നേഹബന്ധങ്ങളെ തകര്‍ക്കാനാവാത്തതുകൊണ്ട് ഇന്നും സിമിത്തേരിയിലെത്തി തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന അനേകം വിശ്വാസികള്‍ സഭയിലുണ്ട്. ദൈവത്തിന്‍റെ സ്വപ്നങ്ങളോട് ചേര്‍ന്നുനിന്ന് പ്രാര്‍ത്ഥിക്കാനാവണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org