Latest News
|^| Home -> Pangthi -> പുതുജീവിതത്തിലേക്ക് -> പ്രാര്‍ത്ഥനാസംരക്ഷണം ഡോക്ടര്‍ക്കും

പ്രാര്‍ത്ഥനാസംരക്ഷണം ഡോക്ടര്‍ക്കും

മാണി പയസ്

ഉയിര്‍പ്പുതിരുനാളിനുശേഷം പന്തക്കുസ്താ തിരുനാളിലേക്കുള്ള യാത്രയിലാണു നാം. നമ്മുടെ വിശ്വാസജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു നല്കുന്ന ബോദ്ധ്യങ്ങള്‍ പങ്കുവയ്ക്കുന്ന ഏഴ് ഒരുക്കചിന്തകള്‍! പ്രാര്‍ത്ഥനാനിര്‍ഭരമായി നമ്മിലെ രോഗങ്ങളെ സമീപിക്കാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ.

മാഞ്ഞുപോകുന്ന മഷികൊണ്ടുള്ളതാണു മനുഷ്യജീവിതത്തിലെ അനുഭവങ്ങള്‍ ഏറിയ പങ്കും. ദൈവം തനിക്ക് അഭിമുഖമായി മനുഷ്യരെ പിടിച്ചുനിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങളാണു മാഞ്ഞുപോകാത്ത മഷികൊണ്ടുള്ളവ. രോഗപീഡകളുടെ കാലം ദൈവം എന്നെ അവിടുത്തേയ്ക്ക് അഭിമുഖമായി നിര്‍ത്തി. എന്‍റെ പാപങ്ങള്‍ ചൂണ്ടിക്കാണിച്ചു കുറ്റപ്പെടുത്താനായിരുന്നില്ല, മാറോടണച്ച് ആശ്വസിപ്പിക്കാന്‍.

ലീനിയര്‍ ആക്സിലറേറ്റര്‍ ഉപയോഗിച്ചുള്ള റേഡിയേഷന്‍ ചികിത്സ സവിശേഷമായ അനുഭവമാണ്. വലിയ യന്ത്രസംവിധാനങ്ങളില്‍ ഒരിടത്തു രോഗിയെ കിടത്തുന്നു. മുമ്പ് അളവെടുക്കുമ്പോള്‍ എങ്ങനെയാണോ കിടന്നത്, ആ രീതി തന്നെ തുടര്‍ന്നു റേഡിയേഷന്‍ നല്കുമ്പോഴും അവലംബിക്കണം. ഞാനത് ഓര്‍ത്തുവച്ചിരുന്നു. വലിയ യന്ത്രത്തോടു ചേര്‍ന്നു റഡാര്‍ പോലുള്ള കരമുണ്ട്. റേഡിയേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ ഈ കരം ചലിക്കും. ധ്യാനാരൂപിയില്‍ മുഴുകി വിശ്വാസികള്‍ കരങ്ങള്‍ ചലിപ്പിക്കുന്നതുപോലെയാണ് അതനുഭവപ്പെട്ടത്.

ഈ കരം ഒരു യന്ത്രത്തിന്‍റേതാണ്. ഈ യന്ത്രം നിര്‍മിച്ച കരങ്ങള്‍ മനുഷ്യന്‍റേതാണ്. ഈ യന്ത്രകരങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആജ്ഞ കൊടുക്കുന്നതും മനുഷ്യനാണ്. മനുഷ്യനെ നയിക്കുന്ന ഈശ്വരന്‍റെ കരങ്ങളുടെ പ്രതിരൂപമായ റേഡിയേഷന്‍ യന്ത്രത്തിന്‍റെ കരത്തെയും വിനയത്തോടെയല്ലാതെ നോക്കാനാവില്ല. എളിമയില്‍നിന്നേ ദൈവത്തെ അറിഞ്ഞുതുടങ്ങാന്‍ കഴിയൂ. യോഹ. 7 : 25-31-ലെ “അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്‍റെ സമയം ഇനിയും വന്നിരുന്നില്ല” (7:30) എന്ന വചനഭാഗം എന്നില്‍ ഉളവാക്കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഒരു മനുഷ്യന്‍റെ സമയമെന്നതു പിതാവായ ദൈവം നിശ്ചയിക്കുന്നതാണ്.

ഇന്‍ജെക്ഷന്‍ ആരംഭിക്കുമെന്നു പറഞ്ഞിരുന്ന ദിവസം രാവിലെ ഞാന്‍ പതിവു പ്രാര്‍ത്ഥനകള്‍ക്കുശേഷം വിശുദ്ധ ചാവറപ്പിതാവിനോടും വിശുദ്ധ അന്തോണീസിനോടും പ്രത്യേകമായി പ്രാര്‍ത്ഥിച്ചു, ദൈവസന്നിധിയില്‍ അവരുടെ മാദ്ധ്യസ്ഥ്യം എനിക്കുണ്ടാകണമേയെന്ന്. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേയെന്ന് ദൈവദാസന്‍ കനീസിയൂസച്ചനോടും അപേക്ഷിച്ചു.

ചിരിക്കുന്ന മുഖമുള്ള നഴ്സ് എന്‍റെ വലതു കയ്യില്‍ ഇന്‍ജെക്ഷന്‍ നല്കി. ആ സന്ദര്‍ഭത്തില്‍ അവിടെ ഞങ്ങളെ കൂടാതെ ഒരാള്‍ കൂടി ഉണ്ടായിരുന്നു, ദൈവം. ഇന്‍ജെക്ഷന്‍ എടുത്ത് അധികം വൈകാതെ റേഡിയേഷനും നടത്തി. എനിക്ക് എന്തെങ്കിലും അസ്വസ്ഥതകളോ പ്രത്യേകമായ ക്ഷീണമോ അനുഭവപ്പെട്ടില്ല.
രോഗിയുടെ പ്രാര്‍ത്ഥനയില്‍ ഡോക്ടറെയും ഓര്‍മിക്കണം. രോഗിക്കുവേണ്ടി ഡോക്ടറെടുക്കുന്ന തീരുമാനങ്ങള്‍ വിജയിക്കാനും സമ്പൂര്‍ണ സൗഖ്യം ലഭ്യമാക്കാനും ഡോക്ടര്‍ക്കു പ്രാര്‍ത്ഥനാസംരക്ഷണം വേണം. പ്രാര്‍ത്ഥനയില്‍ ഡോക്ടറുടെ കുടുംബത്തെ സമര്‍പ്പിച്ചാല്‍ ഡോക്ടര്‍-രോഗി ബന്ധത്തിന് ഉദാത്തമായ തലം കൈവരും. യേശുനാഥന്‍ നിര്‍വഹിച്ച രോഗശാന്തി ദൗത്യം ഈ ലോകത്തു തുടരുന്നവരാണല്ലോ ഡോക്ടര്‍മാര്‍.

പരിശുദ്ധാത്മാവിന്‍റെ ദാനമാണു വിവേകം. നല്ലതും ചീത്തയും തിരിച്ചറിയാനള്ള കഴിവു വിവേകത്തിന്‍റെ സാമാന്യസ്വഭാവമാണ്. ദൈവത്തെ സ്വന്തം ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാനള്ള മനസ്സാണു വിവേകത്തിന്‍റെ മുഖ്യലക്ഷണം. മറ്റു വ്യക്തികളുടെ പ്രാധാന്യം തിരിച്ചറിയാനുള്ള കഴിവും വിവേകികള്‍ക്കുണ്ടായിരിക്കും. ഡോക്ടറുടെ പ്രാധാന്യം മനസ്സിലാക്കുന്ന രോഗി വിവേകിയായിരിക്കും.

ദൈവികസന്ദേശങ്ങള്‍ തിരിച്ചറിയാനുള്ള കഴിവും പരിശുദ്ധാത്മാവിന്‍റെ ദാനമാണ്. ഞാനീ ഭാഗം എഴുതുമ്പോള്‍ എന്‍റെ പത്നി വായിച്ച സുവിശേഷഭാഗം യേശുനാഥന്‍ ശിഷ്യഗണത്തിനു പ്രേഷിതദൗത്യം നല്കുന്നതായിരുന്നു. അവന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും; വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍ പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെ മേല്‍ കൈവയ്ക്കും. അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും” (മര്‍ക്കോ. 16:14-18). കര്‍ത്താവ് എന്‍റെ മേല്‍ കൈവച്ചു, ഞാന്‍ സുഖം പ്രാപിച്ചു.

Leave a Comment

*
*