പ്രത്യാശയിലേക്കുള്ള തീര്‍ത്ഥയാത്രയാണ് നോമ്പ്കാലം

പ്രത്യാശയിലേക്കുള്ള തീര്‍ത്ഥയാത്രയാണ് നോമ്പ്കാലം

വത്തിക്കാനില്‍ എല്ലാ ബുധനാഴ്ചയും എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് ഫ്രാന്‍സി സ് പാപ്പ നല്‍കിക്കൊണ്ടിരിക്കുന്ന പ്രത്യാശയുടെ മതബോധനം നോമ്പുകാലസന്ദേശവുമായി ബന്ധിപ്പിച്ചാണ് കഴിഞ്ഞ ആഴ്ചയില്‍ പാപ്പ നല്‍കിയത്. ഈസ്റ്റര്‍ ലക്ഷ്യമാക്കിയുള്ള നമ്മുടെ നോമ്പുകാല യാത്ര ആരംഭിച്ചുകഴി ഞ്ഞു. ഈ യാത്രയുടെ പ്രാധാന്യം വളരെ വലുതാണ്. അത് പ്രത്യാശയിലേക്കുള്ള തീര്‍ത്ഥയാത്രയാണ്. ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും ഉള്‍ക്കൊള്ളുന്ന മിശിഹാരഹസ്യത്തിലേക്ക് നമ്മളെ തന്നെ പൂര്‍ണമായി ഒരുക്കുന്നതിന്‍റെയും ആത്മീയനവീകരണത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും നാളുകളിലൂടെയുള്ള യാത്രയാണ് നോമ്പുകാലം.
മനുഷ്യജീവിതം എന്നും ഒരു യാത്രയാണ്, യാത്രയെ ഓര്‍മിപ്പിക്കലുമാണ്. ഇസ്രായേല്‍ ജനത വാഗ്ദത്തഭൂമിയിലേക്ക് നടത്തിയ പുറപ്പാട് അനുഭവത്തിലൂടെ നമ്മള്‍ ഈ ദിവസങ്ങളില്‍ പുനര്‍ജീവിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനത ആത്മീയ അച്ചടക്കത്തിലും നിയമങ്ങളെ അനുസരിച്ചും ദൈവസ്നേഹത്തിലും പരസ്പരമുള്ള സ്നേഹത്തിലും കടന്നുപോയ നാളുകളാണത്. മരണത്തില്‍നിന്നും ജീവനിലേക്കുള്ള ക്രിസ്തുവിന്‍റെ പുറപ്പാട് അനുഭവമാണ് ഈസ്റ്റര്‍.
ജ്ഞാനസ്നാനത്തിലൂടെ പുനര്‍ജനനം നേടിയ നമ്മള്‍ ഈ നാളുകളില്‍ പ്രാര്‍ത്ഥനാപൂര്‍വം നടത്തുന്ന കുരിശിന്‍റെ വഴിയിലൂടെ ക്രിസ്തുവിനെ അനുധാവനം ചെയ്യുമ്പോള്‍ അവിടുത്തെ അമ്മയായ മാതാവിനോടൊപ്പം സഭയുടെ കൂട്ടായ്മയില്‍ പരിശുദ്ധാത്മാവില്‍ പുതുജീവിതം നയിക്കുന്നു. സഭയുടെ പ്രാര്‍ത്ഥനകളിലും കൗദാശികജീവിതത്തിലും പങ്കുചേര്‍ന്ന് യേശുവിന്‍റെ വാഗ്ദാനങ്ങളില്‍ പ്ര്യത്യാശയപ്പിക്കുവാന്‍ ഈ നോമ്പുകാലം നമ്മളെ നവീകരിക്കണം. ക്രിസ്തുവിനോട് കൂടുതല്‍ അടുക്കുവാനുള്ള പ്രതിബദ്ധത ഈ ദിവസങ്ങളിലുണ്ടാവണം. അനശ്വരജീവിതമാവുന്ന സമ്മാനത്തില്‍ ആഹ്ളാദിക്കുവാനും ദൈവസ്നേഹത്തിന്‍റെ മഹത്ത്വത്തില്‍ പ്രവേശിക്കുവാനും നമുക്ക് ഈ നോമ്പുകാലം ഇടയാവണം.
ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ത്യജിക്കുന്നതിനോടൊപ്പം നിസംഗതയും വിമര്‍ശനവും ഉപേക്ഷിക്കണം. ഉപവിപ്രവര്‍ത്തികളില്‍ കൂടുതലായി ഏര്‍പ്പെടുകയും വേണം. നമ്മുടെ മനസാക്ഷിയെ സുഖിപ്പിക്കുന്ന പ്രാര്‍ത്ഥനകളും ആത്മസംതൃപ്തിനല്‍കുന്ന സഹായപ്രവര്‍ത്തികളും അവസാനിപ്പിക്കുക. അടിമത്തത്തില്‍നിന്ന് സ്വാതന്ത്യത്തിലേക്കുള്ള ഒരു പുറപ്പാടനുഭവമാണുണ്ടാവേണ്ടത്.
ജനക്കൂട്ടത്തിന്‍റെ ഇടയിലൂടെ പോപ്പിന്‍റെ മൊബൈല്‍ വാഹനം കടന്നുപോയപ്പോള്‍ പാപ്പ കുട്ടികളെ വാഹനത്തില്‍ കയറ്റുകയും അവരോടൊപ്പം അല്‍പസമയം യാത്ര ചെയ്യുകയും ചെയ്തു. വിഭൂതിബുധനാഴ്ച പാപ്പ നോമ്പുകാല സവിശേഷതയായ പര്‍പ്പിള്‍ നിറത്തിലുള്ള തിരുവസ്ത്രമണിഞ്ഞ് അനേകവിശ്വാസികളുടെ നെറ്റിയില്‍ ചാരം കൊണ്ട് കുരിശടയാളം വരച്ചു.
ഏത് സോപ്പിട്ട് കുളിക്കണം, ഏത് പേസ്റ്റിട്ട് പല്ലുതേക്കണം, ഏത് ഡ്രസിടണം, എങ്ങനെ നടക്കണം എന്നൊക്കെ പറഞ്ഞുതരുന്ന പരസ്യ സംവിധാനങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ എങ്ങനെ ജീവിക്കണമെന്ന നിയതമായ രേഖയാണ് പാപ്പ പറഞ്ഞുതരുന്നത്. നിത്യജീവനമാര്‍ഗത്തിലേക്കുള്ള അമൃതായി ഇതിനെ പരിഗണിച്ചാല്‍ നമുക്കും നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്കും ജീവിതത്തിലേക്കുള്ള ഉണര്‍ത്തുപാട്ടായി അത് മാറും. ഈസ്റ്ററിന്‍റെ സന്ദേശവും അതുതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org