പ്രത്യാശയുടെ സാമൂഹ്യപരമായ മാനം പ്രധാനപ്പെട്ടതാണ്

പ്രത്യാശയുടെ സാമൂഹ്യപരമായ മാനം പ്രധാനപ്പെട്ടതാണ്

ഡോ. കൊച്ചുറാണി ജോസഫ്

വത്തിക്കാനില്‍ എല്ലാ ബുധനാഴ്ചയും നല്‍കുന്ന ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള മതബോധനത്തില്‍ പ്രത്യാശയുടെ സംഘടിതവും സാമൂഹ്യവുമായ മാനങ്ങളെയാണ് കഴിഞ്ഞ ആഴ്ചയില്‍ പാപ്പ കൂടുതല്‍ പരാമര്‍ശിച്ചത്. ക്രൈസ്തവപ്രത്യാശ ഒരേ സമയം വ്യക്തിപരവും സമൂഹപരവുമാണ്. ആര്‍ക്കും വ്യക്തിപരമായി പ്രത്യാശയില്‍ പടുത്തുയരുവാന്‍ സാധ്യമല്ല. ക്രൈസ്തവ പ്രത്യാശയെന്നത് ഒരു കൂട്ടായ്മയില്‍ പരസ്പരമുള്ള പരിഗണനയിലും പിന്തുണയിലും മൂര്‍ത്തമാക്കപ്പെടുകയാണ് ചെയ്യുന്നത്.
പ്രയാസങ്ങളുടേയും പ്രശ്നങ്ങളുടേയും മദ്ധ്യേ പ്രത്യാശയില്‍ തുടരുക എന്നത് എളുപ്പമുള്ള സുകൃതമല്ല. വി. പൗലോസ് ശ്ലീഹാ തെസലോനിയായിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിലൂടെ പരസ്പരമുള്ള പ്രാര്‍ത്ഥനയിലും മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള പരിഗണനയിലും പ്രത്യാശയില്‍ പരസ്പരം സഹായിച്ച് നിലനില്‍ക്കാന്‍ ആദിമസഭയിലെ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. ദൈനംദിനജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ നമ്മള്‍ പരസ്പരം സഹായിക്കുന്നതുപോലെ പ്രത്യാശയും ഒരു ആവശ്യമായി കണ്ട് അതില്‍ വളരുവാന്‍ സഹായിക്കണം. പ്രത്യേകിച്ച് അജപാലനപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ഉത്തരവാദിത്വമുള്ളവര്‍ വിശ്വാസത്തില്‍ തളര്‍ന്നുപോവുന്നവരും നിരാശയിലേക്ക് കടക്കുന്നവരുമായവര്‍ക്ക് ആത്മീയ ശുശ്രൂഷയുടെ ശക്തിയിലും പരസ്പരമുള്ള ബഹുമാനത്തിലും കൂട്ടായ്മയില്‍ സഹായവും പിന്തുണയും നല്‍കണം. പൗലോസ് അപ്പസ്തോലന്‍ ആദിമ ക്രൈസ്തവസമൂഹത്തിലെ അംഗങ്ങളെ പരസ്പരം പ്രത്യാശയില്‍ നിരന്തരം വളരാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നതായി നമ്മള്‍ മനസ്സിലാക്കുന്നു.
ക്രൈസ്തവ പ്രത്യാശ എപ്പോഴും ഉപവിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പത്യാശയുടെ സാക്ഷികളും വക്താക്കളും സമൂഹജീവിതത്തെ പരിപോഷിപ്പിക്കുന്നവരും വികസിപ്പിക്കുന്നവരുമാകണം. സഭയാകുന്ന ശരീരത്തില്‍, പരിശുദ്ധാത്മാവില്‍, കര്‍ത്താവിന്‍റെ പരിപാലനയില്‍ ആശ്രയിച്ച് സകലജനവിഭാഗത്തിനും പ്രത്യാശയുടെ ജീവിക്കുന്ന അടയാളമാവുകയാണ് വേണ്ടത്. പ്രത്യാശിക്കുന്നവന്‍ സഹോദരരുടെ ഐക്യത്തില്‍ ഒരു ദിവസം അനശ്വരതയില്‍ ഒന്നിക്കുന്ന ദിവസത്തിനായാണ് കാതോര്‍ത്തിരിക്കുന്നത്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്ന് ധാരാളം തീര്‍ത്ഥാടകര്‍ ഇത്തവണ പാപ്പയെ ദര്‍ശിക്കാനെത്തിയിരുന്നു. പ്രത്യാശിച്ചാല്‍ മാത്രം പോരാ പ്രത്യാശയില്‍ വളരണമെന്ന് പാപ്പ ആഹ്വാനം ചെയതു. അവരുടെ വിശ്വാസത്തിലുള്ള നിലനില്‍പ് അനേകരെ പ്രത്യാശയില്‍ വളര്‍ത്തുന്നുവെന്ന് പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പ സംസാരിച്ചത് അറബി സംസാരിക്കുന്ന തീര്‍ത്ഥാടകര്‍ക്കായി അപ്പോള്‍ തന്നെ അറബിഭാഷയില്‍ തര്‍ജമചെയ്യുകയുണ്ടായി.
ഏത് ദൈവികസുകൃതവും ഒരേ സമയം ദാനവും അദ്ധ്വാനിച്ച് നേടിയെടുക്കേണ്ട പുണ്യവുമാണ്. ഉദാഹരണത്തിന് രക്ഷയെന്നത് സൗജന്യകൃപയാണെങ്കിലും ബലവാന്മാര്‍ അത് നേടിയെടുക്കുന്നു എന്നു പറയുന്നതിന്‍റെ പൊരുളും ഈ അര്‍ത്ഥത്തില്‍തന്നെയാണ് മനസ്സിലാക്കുന്നത്. മറ്റൊരു ഉദാഹരണം വിശ്വാസമാണ്. ദൈവികദാനമാണെങ്കിലും ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ടതാണ്. പ്രത്യാശ എന്ന ദൈവികസുകൃതത്തിന്‍റെ കാര്യത്തില്‍ ഇത് ഏറെ ശരിയാണ്. നിരന്തരം പരിശ്രമിച്ച് വളര്‍ത്തിയെടുക്കേണ്ടത് വ്യക്തിപരവും സാമൂഹ്യവുമായ ആവശ്യമാണ്. പരോത്മുഖതയിലേക്ക് നീങ്ങുന്നതാണ് പ്രത്യാശയെന്ന തിരിച്ചറിവ് ഇതില്‍ വളരാനും അനേകരെ വളര്‍ത്തുവാനും നമുക്ക് ഇടയാകട്ടെ എന്ന് പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org