പ്രത്യാശിക്കുന്നവന്‍ ക്രിസ്തുവില്‍ അഭിമാനിക്കുന്നു

പ്രത്യാശിക്കുന്നവന്‍ ക്രിസ്തുവില്‍ അഭിമാനിക്കുന്നു

ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ മതബോധനപരമ്പര ശ്രവിക്കുവാന്‍ വത്തിക്കാനില്‍ തിങ്ങിക്കൂടിയ ജന സഞ്ചയത്തില്‍ ഇത്തവണ യൂറോപ്പില്‍നിന്നുള്ള ധാരാളം വിദ്യാര്‍ത്ഥിസമൂഹങ്ങളും ഗായകസംഘങ്ങളും ഉണ്ടായിരുന്നു. പോപ്പ് ആറാമന്‍ ഹാളില്‍ മുഴങ്ങിയ അവരുടെ സംഗീതാലാപനങ്ങള്‍ വളരെ ആസ്വദിച്ചു കൊണ്ടാണ് പാപ്പ തന്‍റെ സന്ദേശം നല്‍കിയത്. ക്രിസ്തുവില്‍ അഭിമാനിക്കുക എന്നതായിരുന്നു പാപ്പയുടെ സന്ദേശത്തിന്‍റെ മുഖ്യ പ്രമേയം. നമ്മുടെ കഴിവുകളില്‍ മാത്രം അഭിമാനിക്കുമ്പോള്‍ നമ്മളെക്കാളും നിര്‍ഭാഗ്യവാന്മാരായവരോട് കാണിക്കുന്ന ബഹുമാനമില്ലായ്മയായി അതിനെ വിവക്ഷിക്കാനാവും.
നമ്മള്‍ നമ്മളെതന്നെ വെറുതെ സ്വയം പുകഴ്ത്തി സംസാരിക്കരുതെന്ന് കുഞ്ഞുനാളിലെതന്നെ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ക്രിസ്തുവില്‍ സ്വയം പുകഴ്ത്തുന്നതായി നമ്മള്‍ വായിക്കുന്നു. വിശ്വാസത്തിലൂടെ യേശുക്രിസ്തുവില്‍നിന്ന് ലഭിച്ച നിസ്സീമമായ കൃപാവരങ്ങള്‍ ഏറ്റു പറഞ്ഞ് ആത്മപ്രശംസ ചെയ്യുന്ന പൗലോസ് ശ്ലീഹാ, അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ എന്നും പ്രസ്താവിക്കുന്നു. കാരണം മഹത്ത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നമ്മളിലുണ്ട്. ഇത് വെറും പൊങ്ങച്ചവാക്കുകളല്ല. മറിച്ച് ദൈവം നമ്മളെ സ്നേഹിക്കുന്നുവെന്നും നമ്മുടെ കൂടെയുണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തലാണ്.
ക്രൈസ്തവസമാധാനമെന്നത് സഹനമോ നിരാശയോ ഭയമോ ഇല്ലാത്ത അവസ്ഥയല്ല, പ്രശ്നങ്ങളുടെ നടുവിലും ദൈവത്തിന്‍റെ കരുണയും നന്മയും നമ്മോട് കൂടെയുണ്ടെന്ന ബോധ്യമാണ്. ഏതൊരു പാപബന്ധിതമായ അവസ്ഥയിലും ദൈവത്തിന്‍റെ സ്നേഹം നമ്മെ സംരക്ഷിക്കുന്നു. അത് നമുക്ക് ക്ഷമയും സമാധാനവും നല്‍കുന്നു. ദൈവമഹത്ത്വത്തിന്‍റെ പ്രതാപത്തിലെന്നപോലെതന്നെ നമ്മുടെ സഹനങ്ങളിലും അഭിമാനിക്കണം. കാരണം സഹനം ദീര്‍ഘക്ഷമയും സ്വഭാവമഹിമയും സൃഷ്ടിക്കുന്നു.
ക്രൈസ്തവവിശ്വാസം നമ്മള്‍ ആരാണെന്നോ നമ്മുടെ കഴിവുകള്‍ എന്താണെന്നോ നോക്കിക്കൊണ്ടല്ല, മറിച്ച് നമ്മളോട് വ്യക്തിപരമായുള്ള ദൈവ സ്നേഹത്തെ അടിസ്ഥാനമാക്കിയാണ്. ദൈവസ്നേഹത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല. അതിനാല്‍ ഏറ്റവും വലിയ ആത്മപ്രശംസ ചെയ്യേണ്ടതും അഭിമാനിക്കേണ്ടതും ദൈവത്തിലാണ്. നമ്മുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കുമ്പോഴും ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ സുരക്ഷിതവലയം നമുക്ക് ചുറ്റമുണ്ട്. അതുകൊണ്ട് പ്രത്യാശ കൈവെടിയരുത്. ആര്‍ക്കും ദൈവസ്നേഹത്തിന്‍റെ സുരക്ഷിതവലയം നമ്മില്‍നിന്ന് എടുത്ത് മാറ്റാനാവില്ല. നമ്മുടെ സുരക്ഷിതത്വത്തിന്‍റെയും പ്രത്യാശയുടേയും അടിസ്ഥാനം ഈ ദൈവസ്നേഹാനുഭവമാണ്. അതുകൊണ്ട് ദൈവം എന്നെ സ്നേഹിക്കുന്നു എന്ന് എപ്പോഴും ഒരു പ്രാര്‍ത്ഥന പോലെ നമ്മള്‍ ഉരുവിടണം.
ജീവിതത്തെ ദൈവാത്മാവില്‍ വായിക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അപ്പോള്‍ എന്തില്‍ അഭിമാനിക്കണമെന്ന് മനസ്സിലാക്കുക മാത്രമല്ല, ഞാന്‍ ഇന്ന് സ്വയം അഭിമാനിക്കുന്ന മേഖലകള്‍ ദുര്‍ബലമാണെന്നുള്ള തിരിച്ചറിവ് നമ്മെ എളിമപ്പെടുത്തുകയും ചെയ്യും. ദൈവം ദാനമായി നല്‍കുന്നതല്ലാതെ എനിക്ക് എന്ത് മേന്മയാണ് അവകാശപ്പെടാനുള്ളത്. അടുത്ത നിമിഷത്തിലെ എന്‍റെ ശ്വാസം പോലും സ്വന്തമല്ല എന്നറിയുമ്പോള്‍ ആരെയും മുറിപ്പെടുത്താതെ ഏവരെയും ഉള്‍ക്കൊള്ളാനും അഭിമാനിക്കാനും സാധിക്കുന്നു. മാറ്റമുണ്ടാവേണ്ടത് മറ്റുള്ളവര്‍ക്കല്ല എനിക്കുതന്നെയാണെന്ന് തിരച്ചറിയുന്നു. ഈ ക്രൈസ്തവപ്രത്യാശയില്‍ പരസ്പരം നിലനിര്‍ത്താന്‍ പരിശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org