ആഗമനകാലത്തില്‍ മാനസാന്തരത്തിന്റെ ദാനത്തിനായി പ്രാര്‍ത്ഥിക്കുക

ആഗമനകാലത്തില്‍ മാനസാന്തരത്തിന്റെ ദാനത്തിനായി പ്രാര്‍ത്ഥിക്കുക

ആഗമനകാലം മാനസാന്തരത്തിന്റെ ഒരു യാത്രാപരിപാടിയാണ്. യഥാര്‍ത്ഥ മാനസാന്തരം ദുഷ്‌കരമാണെന്നതു വാസ്തവമാണ്. നമ്മുടെ പാപങ്ങളെ ഉപേക്ഷിക്കുക അസാദ്ധ്യമാണെന്നു ചിന്തിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുന്നു. മാനസാന്തരപ്പെടുക അസാദ്ധ്യമാണെന്നു ചിന്തിക്കുന്ന അവസരങ്ങളില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? പ്രഥമമായും വേണ്ടത്, മാനസാന്തരം ഒരു വരദാനമാണെന്നു നാം സ്വയം ഓര്‍മ്മിപ്പിക്കുക. ആര്‍ക്കും സ്വന്തം കരുത്തു കൊണ്ടു മാത്രം മാനസാന്തരം സാദ്ധ്യമാക്കാനാകില്ല. കര്‍ത്താവു നിങ്ങള്‍ക്കു നല്‍കുന്ന ദാനമാണത്. ദൈവത്തോടു നിര്‍ബന്ധപൂര്‍വം നാമത് ആവശ്യപ്പെടണം.
മാനസാന്തരമെന്നാല്‍ ഒരു ദിശാമാറ്റമാണെന്നാണു ബൈബിള്‍ നല്‍കുന്ന സൂചന. ധാര്‍മ്മികവും ആത്മീയവുമായ ജീവിതത്തില്‍ മാനസാന്തരപ്പെടുകയെന്നാല്‍ തിന്മയില്‍ നിന്നു നന്മയിലേയ്ക്കും പാപത്തില്‍ നിന്നു ദൈവസ്‌നേഹത്തിലേയ്ക്കും തിരിയുക എന്നാണ്. പാപങ്ങളുടെ ക്ഷമയ്ക്കാവശ്യമായ പ്രായശ്ചിത്തത്തിന്റെ ജ്ഞാനസ്‌നാനത്തെ കുറിച്ചാണ് യൂദയാ മരുഭൂമിയില്‍ സ്‌നാപകന്‍ പ്രഘോഷിച്ചത്. ജ്ഞാനസ്‌നാനം സ്വീകരിക്കുന്നത് മാനസാന്തരത്തിന്റെ ബാഹ്യവും ദൃശ്യവുമായ അടയാളമാണ്. ജോര്‍ദാനിലെ ജലത്തില്‍ മുങ്ങിക്കൊണ്ടുള്ള ആ ജ്ഞാനസ്‌നാനം പക്ഷേ വെറുമൊരു അടയാളം മാത്രമായിരുന്നു. മാനസാന്തരപ്പെടാനും ജീവിതത്തെ മാറ്റാനുമുള്ള സന്നദ്ധതയില്ലെങ്കില്‍ അതു പ്രയോജനശൂന്യമാണ്.
ചെയ്ത പാപങ്ങള്‍ മൂലമുള്ള സഹനവും അവയില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള ആഗ്രഹവും അവയെ ജീവിതത്തില്‍ നിന്ന് എക്കാലത്തേക്കും ഒഴിവാക്കാനുള്ള ഉദ്ദേശ്യവും മാനസാന്തരത്തില്‍ ഉള്‍പ്പെടുന്നു. പാപത്തെ ഒഴിവാക്കുന്നതിന് അതുമായി ബന്ധപ്പെട്ട സകലതും ഒഴിവാക്കേണ്ടതുണ്ട്. അതായത് ലൗകിക മനോഭാവവും സുഖസൗകര്യങ്ങളോടും ആഹ്ലാദങ്ങളോടും സമ്പത്തിനോടുമുള്ള അമിതമായ ആദരവ് ഒഴിവാക്കപ്പെടേണ്ടതാണ്. ദൈവത്തെയും ദൈവരാജ്യത്തെയും അന്വേഷിക്കുക എന്നതാണ് മാനസാന്തരത്തിന്റെ രണ്ടാമത്തെ കാര്യം. ലൗകിക സുഖസൗകര്യങ്ങളില്‍ നിന്നുള്ള വിട്ടുനില്‍പ് അതില്‍ തന്നെ ഒരു ലക്ഷ്യമല്ല. അതിനേക്കാള്‍ വലിയ ദൈവരാജ്യവും ദൈവവുമായുള്ള ഐക്യവും സൗഹൃദവുമാണ് അതിന്റെ ലക്ഷ്യം.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org