പ്രാര്‍ത്ഥന നാം പരിശീലിക്കേണ്ട കലയാണ്

പ്രാര്‍ത്ഥന നാം പരിശീലിക്കേണ്ട കലയാണ്

ക്രിസ്തീയമായ പ്രാര്‍ത്ഥനയുടെ സവിശേഷതകള്‍ നമുക്കു യേശുവിന്റെ പ്രാര്‍ത്ഥനയില്‍ നിന്നു ലഭിക്കും. യേശു നമ്മെ കേള്‍വിയോടു വിധേയത്വം പുലര്‍ത്താന്‍ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥന സര്‍വോപരി കേള്‍വിയും ദൈവവുമായുള്ള കൂടിക്കാഴ്ചയുമാണ്. ദൈനംദിന പ്രശ്‌നങ്ങള്‍ നമുക്കു തടസ്സങ്ങളായി മാറരുത്. മറിച്ച്, നമ്മുടെ മുമ്പില്‍ വരുന്നവരെ കേള്‍ക്കാനും അവരെ കണ്ടു മുട്ടാനും ദൈവം നല്‍കുന്ന വിളിയായി അതിനെ കാണണം. വിശ്വാസത്തിലും ദാനധര്‍മ്മങ്ങളിലും വളരാനുള്ള അവസരങ്ങളാണ് പരീക്ഷണങ്ങള്‍. ജീവിതത്തില്‍ ശാപമായി പരിണമിക്കാമായിരുന്നവയെ നന്മയായി മാറ്റാനുള്ള ശക്തി പ്രാര്‍ത്ഥനയ്ക്കുണ്ട്. മനസ്സില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കാനും ഹൃദയം കൂടുതല്‍ വിശാലമാക്കാനും പ്രാര്‍ത്ഥനയ്ക്കു കഴിയും.
നാം നിര്‍ബന്ധപൂര്‍വം പരിശീലിക്കേണ്ട ഒരു കലയാണു പ്രാര്‍ത്ഥന. മുട്ടുവിന്‍, മുട്ടുവിന്‍ എന്നു യേശു തന്നെ പറഞ്ഞിട്ടുണ്ട്. ഒരു നിമിഷത്തെ വികാരത്തില്‍ നിന്നുരുത്തിരിയുന്ന ആനുഷംഗിക പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നാമെല്ലാവരും പ്രാപ്തരാണ്. എന്നാല്‍ നമ്മെ രൂപാന്തരപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണു യേശു പഠിപ്പിക്കുന്നത്. സ്ഥിരതയോടെയുളള പ്രാര്‍ത്ഥന നമ്മെ രൂപാന്തരപ്പെടുത്തുകയും ശക്തരാക്കുകയും ചെയ്യുന്നു. നമ്മെ സദാ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവന്റെ പിന്തുണ അതു നമുക്കു പ്രദാനം ചെയ്യുന്നു.
യേശുവിന്റെ പ്രാര്‍ത്ഥനയുടെ മറ്റൊരു സവിശേഷത ഏകാന്തതയാണ്. നിശബ്ദതയില്‍ നമ്മുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന നിരവധി ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നു. ദൈവം നിശബ്ദതയില്‍ സംസാരിക്കുന്നു. ഓരോ വ്യക്തിയ്ക്കും സ്വന്തമായി ഒരു ഇടം വേണം. സ്വന്തം ആന്തരിക ജീവിതം മെച്ചപ്പെടുത്താനും പ്രവൃത്തികള്‍ക്ക് അര്‍ത്ഥം കണ്ടെത്താനും കഴിയുന്ന ഇടം. ആന്തരിക ജീവിതത്തിന്റെ അഭാവത്തില്‍ നാം അന്തസ്സാര ശൂന്യരും വിക്ഷുബ്ധരും ആകുലരുമായി തീരുന്നു. എല്ലാം ദൈവത്തില്‍ നിന്നാണു വരുന്നതെന്നും അവനിലേയ്ക്കു തന്നെ മടങ്ങുന്നുവെന്നും നമുക്കു മനസ്സിലാക്കി തരുന്ന ഇടമാണു പ്രാര്‍ത്ഥന.

(പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org