എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്കോ?

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്കോ?

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതു പി.എസ്.സിക്കു വിടണമെന്ന മുറവിളി ഉയര്‍ന്നിട്ടു കാലമേറെയായി. കാര്യങ്ങള്‍ കൃത്യമായി പഠിക്കാതെയും സ്വാര്‍ത്ഥ താത്പര്യത്തിന്റെ പേരിലുമാണ് അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നത്. ഇതേതെങ്കിലും സര്‍ക്കാര്‍ നടപ്പാക്കണ്ടേ? എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലെ മിക്കവാറും എല്ലാ സമുദായങ്ങള്‍ക്കും ഉണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലേക്കു പി.എസ്.സി. വഴി അദ്ധ്യാപകരെ വിട്ടുകൊണ്ടു സമുദായങ്ങളുമായി കൊമ്പുകോര്‍ക്കാന്‍ ഏതു രാഷ്ട്രിയ പാര്‍ട്ടി തയ്യാറാകും. കേരളത്തിലെ എല്ലാ സമുദായങ്ങളേയും വെറുപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ല. ഈ വിഷയത്തില്‍ തൊട്ടാല്‍ കൈപൊള്ളുമന്നതുറപ്പാണ്. അതിനാല്‍ ഇതു നടക്കാത്ത കാര്യമാണ്. മോഹന്‍ദാസ് കമ്മീഷന്‍ റെക്കമെന്റു ചെയ്ത എയ്ഡഡ് റിക്രൂട്ടുമെന്റ് ബോര്‍ഡിനെ നിയമിക്കുന്നതില്‍നിന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പിന്മാറി. സര്‍ക്കാരിന്റെ വിവേക പൂര്‍ണമായ തീരുമാനത്തിന് അഭിനന്ദനങ്ങള്‍.

മാനേജുമെന്റുകള്‍ സ്ഥാപനങ്ങള്‍ നടത്തുകയും അതിന്റെ മുഴുവന്‍ ചെലവും അദ്ധ്വാനവും വഹിക്കുകയും ചെയ്യുമ്പോള്‍ ശമ്പളം കൊടുക്കുന്നു എന്നതിന്റ പേരില്‍ മാത്രം എയ്ഡഡ് സ്‌കൂളുകളിലേക്കു സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിക്കുകയും അച്ചടക്ക നടപടികള്‍ സര്‍ക്കാരിന്റ ഉത്തരവാദിത്വമായിരിക്കുകയും ചെയ്താല്‍ മാനേജറെ ആരനുസരിക്കും. അങ്ങനെ വരുമ്പോള്‍ മനേജുമെന്റു സ്‌കൂളുകള്‍ ഒന്നിനും കൊള്ളാത്തതായിത്തീരില്ലേ. അങ്ങനെ കേരളത്തിലെ സാമാന്യം കൊള്ളാവുന്ന വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കണമെന്ന് ആര്‍ക്കാണ് ഇത്ര താത്പര്യം.

അദ്ധ്യാപകര്‍ക്കു ശമ്പളം കൊടുക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു വിദ്യാഭ്യാസവും നടക്കില്ല. സ്ഥാപനങ്ങള്‍ മര്യാദയ്ക്കു നടത്തണമെങ്കില്‍, എത്ര കാശുവേണം, എത്ര അദ്ധ്വാനം വേണം? എന്തുകൊണ്ടാണ് എല്ലാവരും എയ്ഡഡ് സ്‌കൂളുകളില്‍ വിട്ടു കുട്ടികളെ പഠിപ്പിക്കണമെന്നാഗ്രഹിക്കുന്നത്? മാനേജുമെന്റുകള്‍ക്കറിയാം എങ്ങനെ പഠിപ്പിക്കണം, എങ്ങനെ ഫോര്‍മ്മേഷന്‍ നടത്തണം എന്നൊക്കെ.

ഇനിയൊരല്പം നിയമവശം നോക്കാം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ മാനേജുമെന്റുകള്‍ പറഞ്ഞേക്കാം. വേണമെങ്കില്‍ മുഴുവനായും ഏറ്റെടുത്തോളാന്‍. പക്ഷേ കേരള എഡ്യൂക്കേഷന്‍ ആക്റ്റ് 14-ാം വകുപ്പു പ്രകാരം മൈനോറിറ്റി സ്‌കൂളുകള്‍ അങ്ങനെ ഏറ്റെടുക്കാനാവില്ല. അതു ഭരണഘടനാ വിരുദ്ധമാകും. മാത്രമല്ല കേരളത്തിലെ മുഴുവന്‍ എയ്ഡഡ് സ്ഥാപനങ്ങളും ഏറ്റെടുത്തു നടത്താന്‍ സര്‍ക്കാരിനു സാധിക്കില്ല. കേരള എഡ്യൂക്കേഷന്‍ ആക്റ്റ് 11-ാം വകുപ്പു പ്രകാരം എയ്ഡഡ് സ്‌കൂളുകളിലെ മാനേജര്‍ക്കാണ് അദ്ധ്യാപകരെ തെരഞ്ഞെടുക്കാനും അപ്പൊയിന്റ്‌മെന്റ് നടത്താനും അവകാശമുള്ളൂ. ഒപ്പം ശമ്പളത്തിന്റെ കാര്യത്തില്‍ മാനേജര്‍ക്ക് ഉത്തരവാദിത്വവുമില്ലെന്നും ആക്റ്റു പറയുന്നു. ജീവനക്കാരുടെമേല്‍ അച്ചടക്കനടപടി എടുക്കാനും മാനേജര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നും ആക്റ്റ് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ നയ്യാമികമായും പി.എസ്.സി. വഴി ജീവനക്കാരെ നിയമിക്കാനിറങ്ങിയാല്‍ സര്‍ക്കാര്‍ പരാജയപ്പെടും.

ഇനി ചില വസ്തുതകള്‍ പരിശോധിക്കാം. ആദ്യ കാലത്ത് ഗ്രാന്റ് ഇന്‍ എയ്ഡ് സംവിധാനമായിരുന്നു. ഗ്രാന്റ് മാനേജര്‍ക്കു കൊടുക്കും. മാനേജറായിരുന്നു ശമ്പളം കൊടുത്തിരുന്നത്. പിന്നീട് മുണ്ടശ്ശേരി മാഷിന്റെ നേതൃത്വത്തില്‍ 1959-ല്‍ കെ.ഇ.ആര്‍. നിലവില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ശമ്പളം നേരിട്ടു കൊടുക്കാന്‍ തുടങ്ങി. അത് ഹെഡ് ഓഫ് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ വഴിയായിരുന്നു. ഇപ്പോള്‍ അദ്ധ്യാപകര്‍ നേരിട്ട് ഇ പേയ്മന്റായി കൈപ്പറ്റുകയാണ്.

എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതു സര്‍ക്കാരാണെന്നും അതുകൊണ്ട് നിയമനവും സര്‍ക്കാര്‍ പി.എസ്.സി. വഴി നടത്തണമെന്നും പലപ്പോഴായി ആവശ്യമുയരാറുണ്ട്. ഒന്നാലോചിച്ചാല്‍ അതു ശരിയാണെന്നും തോന്നും. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വിദ്യാഭ്യാസ ആവശ്യങ്ങളെല്ലാം സര്‍ക്കാരുകള്‍ മാത്രമല്ല നിര്‍വ്വഹിക്കുന്നത്. സര്‍ക്കാരുകള്‍ക്കുമാത്രം സാധിക്കുകയുമില്ല. സര്‍ക്കാരും പ്രൈവറ്റ് ഏജന്‍സികളും ചേര്‍ന്നാണു നടത്തുക. പല സംസ്ഥാനങ്ങളിലും പല രീതിയിലാണെന്നു മാത്രം. കേരള സംസ്ഥാനത്തും സര്‍ക്കാരിനു മാത്രം സാധിക്കില്ല. എന്തൊക്കെപ്പറഞ്ഞാലും പ്രൈവറ്റ് സെക്റ്ററാണു മേജര്‍ ഷെയര്‍ നിര്‍വ്വഹിക്കുന്നത്. സാലറി കൊടുക്കുന്നു എന്നതിന്റെ പേരില്‍ അദ്ധ്യാപകരെ പി.എസ്.സി. വഴിവിട്ടാല്‍ അതു മാനേജേഴ്‌സിനു നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥവരും. മൈനോറിറ്റി സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും മാനേജേഴ്‌സിനും മാനേജു ചെയ്യാന്‍ സാധിക്കണം. മൈനോറിറ്റി റൈറ്റന്നു പറഞ്ഞാല്‍ അത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും അവകാശമുണ്ട്. അതിലേക്കു കയ്കടത്താന്‍ ശ്രമിച്ചാല്‍ നിശ്ചയമായും ഭരണഘടനാ ലംഘനമാകും. കോടതിയും സമ്മതിക്കില്ല. മാത്രമല്ല അദ്ധ്യാപകര്‍ക്കു ശമ്പളം കൊടുക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു വിദ്യാഭ്യാസവും നടക്കില്ല. സ്ഥാപനങ്ങള്‍ മര്യാദയ്ക്കു നടത്തണമെങ്കില്‍, എത്ര കാശുവേണം, എത്ര അദ്ധ്വാനം വേണം? എന്തുകൊണ്ടാണ് എല്ലാവരും എയ്ഡഡ് സ്‌കൂളുകളില്‍ വിട്ടു കുട്ടികളെ പഠിപ്പിക്കണമെന്നാഗ്രഹിക്കുന്നത്? മാനേജുമെന്റുകള്‍ക്കറിയാം എങ്ങനെ പഠിപ്പിക്കണം, എങ്ങനെ ഫോര്‍മ്മേഷന്‍ നടത്തണം എന്നൊക്കെ. മന്ത്രിമാര്‍പോലും കുട്ടികളെ മാനേജുമെന്റു സ്‌കൂളുകളില്‍ വിട്ടു പഠിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. മൊഡേണ്‍ ആണെന്നു കാണിക്കാന്‍ വെറുതേ പി.എസ്.സിയെ വലിച്ചിഴച്ചു കൊണ്ടുവന്നിട്ടു കാര്യമില്ല. കണ്ണടച്ചിരുട്ടാക്കിയിട്ടും കാര്യമില്ല. ഇവിടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടാന്നു പറയാനാവില്ല.

ഈ സാഹചര്യത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിന്റെ ഗുണമേ നിലനിര്‍ത്തിയും നിയമനകാര്യങ്ങള്‍ നിയമാനുസൃതമായും ആവലാതികള്‍ക്ക് അവസരം കൊടുക്കാതെയും നടത്തിക്കൊണ്ടു പോകുന്നതില്‍ ജാഗ്രതയും ശുഷ്‌കാന്തിയും കാട്ടണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org