രഹസ്യവെഞ്ചെരിപ്പ്

രഹസ്യവെഞ്ചെരിപ്പ്

അന്ന് ദുഃഖശനിയാഴ്ച  മഠവും പറമ്പും മുഴുവനായും വെഞ്ചെരിക്കുന്നത് ആ ദിവസമാണ്. നല്ല ചെറുപ്പമായിരുന്നപ്പോള്‍ പല പ്രാവശ്യം ഞാന്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇനി സാധിക്കുമെന്നു തോന്നുന്നില്ല.

ഒരു മണിക്കൂറെങ്കിലും തളിക്കണം. ഏതാനും കറാപ്പുകള്‍ നിറച്ചു. ഒരു ബക്കറ്റില്‍ ഹന്നാന്‍വെള്ളവും. ഇവയെല്ലാം വഹിച്ചുകൊണ്ട് ഒരു ഗണം സിസ്റ്റേഴ്സ് തയ്യാറായി. ആദ്യം അവര്‍ ഉപയോഗിക്കുന്ന മുറികള്‍ വെഞ്ചെരിച്ചു. കിടപ്പുമുറി, ഊട്ടുമുറി, ഉല്ലാസമുറി, പ്രാര്‍ത്ഥനാമുറി, സന്ദര്‍ശനമുറി, പിന്നെയൊരു ചുമ്മാമുറി. ഇവയെല്ലാം തളിച്ചുകഴിഞ്ഞാല്‍ പുറത്തേയ്ക്കിറങ്ങാം. കറാപ്പുകളിലെ വെള്ളം തീര്‍ന്നാല്‍ ബക്കറ്റില്‍ മുക്കി നിറച്ചുതരും.

പറമ്പിലേയ്ക്കിറങ്ങിയാല്‍ നടുമുറ്റം, മുന്‍മുറ്റം, പൂന്തോട്ടം, കൃഷിസ്ഥലം – അവയെല്ലാം തളിക്കണം. പിന്നെ പട്ടിക്കൂട്, പന്നിക്കൂട്, കന്നുകാലിക്കൂട്, കോഴിക്കൂട്, വിറകുപെര മുതലായവ. അത്രയും ആയപ്പോള്‍ എന്‍റെ കൈ വേദനിച്ചു തുടങ്ങി. വേദന ശക്തിയായപ്പോള്‍ ഞാന്‍ വേഗത്തില്‍ നടന്നു. തളിക്കല്‍ അല്പം കുറച്ചു. എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരുണ്ട്. ഒരു വളവുതിരിഞ്ഞപ്പോള്‍ പിന്നിലുള്ള കാഴ്ചകള്‍ ഞാന്‍ കണ്ടു. ഞാന്‍ വേഗത്തില്‍ തളിച്ചിടത്ത് വിട്ടുപോയ സ്ഥലങ്ങളില്‍ ഒരു സിസ്റ്റര്‍ രഹസ്യമായി ഹന്നാന്‍ വെള്ളം തളിക്കുന്നു. അങ്ങനെ വെള്ളം വീഴാത്തിടങ്ങളില്‍ കട്ടിയായി തളിച്ച് കേടുപോക്കി സിസ്റ്റര്‍ നീങ്ങുന്നു.
സാത്താന്‍ വല്ലയിടത്തും ഒതുങ്ങി ഇരുന്നുകൊള്ളാമെന്നു വച്ചാലും സിസ്റ്റര്‍ അതിനു സമ്മതിക്കില്ല.

സമാപനപ്രാര്‍ത്ഥനകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു: ഈ തിരുഹൃദയരൂപത്തിന്‍റെ മുമ്പില്‍ മാത്രം ഇതു നടത്തിയാല്‍ എല്ലായിടവും വെഞ്ചെരിക്കപ്പെടുകയില്ലേ? എന്‍റെ മനസ്സു മനസ്സിലാക്കിയവര്‍ പിന്നീട് വെഞ്ചെരിക്കാന്‍ എന്നെ വിളിച്ചിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org