രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ളിലും ആശ്വാസമേകുന്ന ബജറ്റ്

രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ളിലും ആശ്വാസമേകുന്ന ബജറ്റ്

മോദിയുടെ നോട്ട് അസാധുവാക്കല്‍ വഴി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും അല്പം ആശ്വാസം നല്കുന്ന ബജറ്റ് അവതരിപ്പിച്ച് ഇന്ത്യയുടെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി കയ്യടി വാങ്ങിച്ചിരിക്കുകയാണ്. ആര്‍ക്കും അധികം നല്കിയിട്ടില്ല, അത്യാവശ്യക്കാര്‍ക്ക് വേണ്ടത് നല്കിയിട്ടുമുണ്ട്. പക്ഷേ രാജ്യത്തിന്‍റെ സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തുന്ന പല കാര്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നത് ഏറെ അഭിനന്ദാര്‍ഹമാണ്. ഏതൊരു ഭരണകക്ഷിയും ലക്ഷ്യം വയ്ക്കുന്നതുപോലെ അസംബ്ളി ഇലക്ഷനും 2019-ലെ പൊതു തിരഞ്ഞെടുപ്പും ലക്ഷ്യം വച്ചുകൊണ്ടുള്ള ബജറ്റാണിത്.
ബജറ്റില്‍ ഗ്രാമീണ മേഖലയ്ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും നല്കിയ ആനുകൂല്യങ്ങള്‍ വഴി മോദി സര്‍ക്കാര്‍ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകളുടെ കക്ഷത്തിലാണെന്ന സത്യത്തെ മറച്ചുപിടിക്കാന്‍ വേണ്ട അല്പം ബുദ്ധിപരമായ രാഷ്ട്രീയ തന്ത്രം ജെയ്റ്റലിയുടെ ബജറ്റിലുണ്ട്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ട് അസാധുവാക്കിയത് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടു സെക്ടറുകളാണ് റിയല്‍ എസ്റ്റേറ്റും ചെറുകിട വ്യവസായങ്ങളും. ഇവയ്ക്ക് രണ്ടിനും ശ്വാ സം വിടാന്‍ തക്കവിധം ചില ഇളവുകള്‍ നല്കി പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.
10 കോടി പാവപ്പെട്ടവരെ ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തിക്കാന്‍ സാധിക്കും വിധം ഗ്രാമീണ പദ്ധതികള്‍ക്ക് 24 ശതമാനം തുക കഴിഞ്ഞ ബജറ്റിനേക്കാളും കൂടുതല്‍ വകയിരുത്തിയത് ഏറെ ആശ്വാസദായകമാണ്. കാര്‍ഷിക വായ്പ 10 ലക്ഷം കോടിയാക്കിയതും കഴി ഞ്ഞ ബജറ്റിനേക്കാള്‍ 11 ശതമാനം കാര്‍ഷിക വായ്പ വര്‍ദ്ധിപ്പിച്ചതും ജലസേചന നിധി, ക്ഷീര സംസ്കരണ നിധി, ദേശീയ കാര്‍ഷിക വിപണി തുടങ്ങിയ പദ്ധിതകളിലൂടെ കാര്‍ഷിക രംഗത്തിനും ഏറെ ഉണര്‍വു നല്കാന്‍ ഈ ബജറ്റ് സാഹയകമാകും. ഒന്നര ലക്ഷം ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ വിപ്ളവത്തിന് തുടക്കം കുറിക്കുന്നതോടെ ഗ്രാമീണ മേഖലകളിലും കറന്‍സി ഉപയോഗിച്ചുള്ള വ്യവഹാരങ്ങള്‍ക്കു നിയന്ത്രണം വരുത്താന്‍ സാധിക്കും.
കറന്‍സിയുടെ ഉപയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി മൂന്ന് ലക്ഷം രൂപയ്ക്കുമേല്‍ ഒരു വ്യക്തിക്ക് കറന്‍സിയായി ഒരു ദിവസം വ്യവഹാരം നടത്താന്‍ പാടില്ല എന്ന നിയമം അഴിമതിയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. വ്യക്തിഗത നികുതിയിനത്തിലും ഏറെ ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതയ്ക്കു പകരം വളരെ വിവേകപൂര്‍വമാണ് ജെയ്റ്റിലിയുടെ ബജറ്റ് നികുതി ഇളവ് അനുവദിച്ചിരിക്കുന്നത്. മൂന്നു ലക്ഷം വരെയുള്ള വരുമാനക്കാര്‍ക്ക് നികുതിയില്ല. അഞ്ചു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 12,875 രൂപയുടെ നികുതിയിളവ് നല്കിയിട്ടുണ്ട്. 50 കോടി വരെ വാര്‍ഷിക വരുമാനമുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് കോര്‍പ്പറേറ്റു നികുതിയില്‍ ഇളവു വരുത്തിയതും തൊഴില്‍ദാതാക്കളെ സൃഷ്ടിക്കാന്‍ സഹായകരമായേക്കാം.
ബി.ജെ.പി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തപോലെ രാഷ്ട്രീയക്കാരുടെ പിരിവില്‍ പിടുത്തം മുറുക്കി. 2000 രൂപയില്‍ കൂടുതല്‍ പണം ഒരു വ്യക്തിയില്‍ നിന്നോ പ്രസ്ഥാനത്തില്‍ നിന്നോ പാര്‍ട്ടിക്ക് ക്യാഷായി വാങ്ങിക്കാന്‍ പാടില്ല. കൂടുതല്‍ തുക നല്കണമെന്നുണ്ടെങ്കില്‍ ബാങ്കില്‍ നിന്ന് കടപത്രമോ ബോണ്ടോ വഴി മാത്രമേ നല്കാന്‍ സാധിക്കുകയുള്ളൂ. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പണം സംഭാവന ചെയ്യുന്നതിന്‍റെ ഉറവിടം അറിയാന്‍ സാധിക്കും. ഈ നിയമത്തിന്‍റെ പ്രായോഗികതയില്‍ ഇലക്ഷനോട് അനുബന്ധിച്ച് വ്യവസായികള്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമിതമായ പണം എല്ലാ പാര്‍ട്ടികള്‍ക്കും ഒഴുക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പക്ഷേ, മോദി നോട്ട് അസാധുവാക്കിയപ്പോള്‍ വമ്പന്‍ വ്യവസായികള്‍ സാധാരണ ജനങ്ങളെ ഉപയോഗിച്ച് അവരുടെ കള്ളപ്പണം വെളുപ്പിച്ചതുപോലെ ഇവിടെയും ചെറിയ തുകകള്‍ പലരും വഴി നല്കി വന്‍ വ്യവസായികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതും ഉണ്ടെന്നുള്ള സത്യവും നാം അറിയണം. നോട്ട് അസാധുവാക്കലിലും ബജറ്റിലും വമ്പന്മാരുടെ അഴിമതിയെ പുറത്തുകൊണ്ടുവരാനോ, നിയന്ത്രിക്കാനോ ഉള്ള ചാണക്യമന്ത്രമൊന്നുമില്ല.
അഴിമതിയെ ചെറുക്കാനും ഇല്ലാതാക്കാനും ഞങ്ങള്‍ വളരെ കടുപ്പമുള്ള വഴികളാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ജെയ്റ്റ്ലി പറഞ്ഞത്. പക്ഷേ, അത് എന്തുമാത്രം ഫലപ്രദമാകുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. നോട്ട് അസാധുവാക്കല്‍ വഴി രാജ്യത്തെ വമ്പന്മാരെ തൊടാന്‍ സര്‍ക്കാരിനു സാധിച്ചില്ല എന്നു മാത്രമല്ല, ദിനം പ്രതി കണക്കില്‍പ്പെടാത്ത പുതിയ രണ്ടായിരത്തിന്‍റെ നോട്ടുകെട്ടുകള്‍ പലയിടത്തു നിന്നും ആദായനികുതി വകുപ്പുകാര്‍ പൊക്കുന്ന വാര്‍ത്തകള്‍ക്ക് ക്ഷാമമില്ലതാനും. പുതിയ നോട്ടുകളാകട്ടെ ശാസ്ത്രീയമായ രീതിയിലല്ല തയ്യറാക്കിയിരിക്കുന്നത്. നൂറിന്‍റെയും അമ്പതിന്‍റെയും മറ്റും ചെറിയ നോട്ടുകളും രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ ഒന്നിച്ചു വയ്ക്കുമ്പോള്‍ ഗാന്ധിയുടെ മുഖമെങ്കിലും ഒരു സൈഡില്‍ വരത്തക്കവിധം ക്രമത്തില്‍ വയ്ക്കാന്‍ പോലും സാധിക്കാത്ത രീതി അവലംബിച്ചത് പിടിപ്പുകേടിനു തെളിവാണ്.
ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ നീരിക്ഷണത്തില്‍ Future (ഭാവി) എന്ന ഇംഗ്ലീഷ് പദത്തിന് നല്കിയ അക്ഷരമാലക്രമത്തിലുള്ള അര്‍ത്ഥം ഇങ്ങനെയാണ്: Farmer – കൃഷിക്കാരന്‍, U – under privilaged  (സ്ത്രീകളും ദളിതരും, അടിച്ചമര്‍ത്തപ്പെട്ടവരുമായ താഴെക്കിടയിലുള്ളവര്‍) T – Transparency (സുതാര്യത), Techno-logy – (സാങ്കേതിക വിദ്യ), U – Urban rejuvanation, urban development- (ഇന്ത്യന്‍ നഗര വികസനം) R – Rural Devopment (ഗ്രാമീണ വികസനം) E- Employnent (യുവാക്കള്‍ക്കായുള്ള തൊഴില്‍). ബിജെപി സര്‍ക്കാരിന്‍റെയും മോദിയുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ബജറ്റിലെ പേപ്പറില്‍ മാത്രം ഈ കാര്യങ്ങള്‍ കണ്ടാല്‍ പോരാ. ഇവയെല്ലാം പ്രായോഗിക തലത്തിലെത്തിക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയും വികസന തൃഷ്ണയും ഉണ്ടാകണം.
ഫുള്‍സ്റ്റോപ്പ്: നോട്ട് അസാധുവാക്കലിന്‍റെ ഫലമായി ഈ രാജ്യത്തിലെ പാവപ്പെട്ടവരെ അവര്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുക്കാന്‍ പൊരിവെയിലത്തു നിര്‍ത്തിയതും അടിച്ചവശരാക്കിയതുമായ സാമ്പത്തിക ഭീകരതയുടെ ഭൂതങ്ങള്‍ ഇനിയും ഈ സര്‍ക്കാരിനെ വേട്ടയാടുമെന്നതില്‍ സംശയമില്ല. ബജറ്റ് ഒരു മുട്ടുശാന്തി മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org