പച്ചപ്പിന്റെ വീണ്ടെടുപ്പ്

പച്ചപ്പിന്റെ വീണ്ടെടുപ്പ്

ലിറ്റി ചാക്കോ

കഴിഞ്ഞ ദിവസം പലതും സംസാരിക്കുന്ന കൂട്ടത്തില്‍ എന്റെ സുഹൃത്തെന്നോടു പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ തടയുന്നു. കേരളത്തിന്റെ കുഗ്രാമത്തില്‍ പറന്നു നടക്കുന്ന ഒരു പൂമ്പാറ്റച്ചിറകിന്റെ സ്പന്ദനം പോലും അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളെ സ്വാധീനിക്കുന്നുണ്ടെന്ന്. എങ്ങനെയാണു നാം പരസ്പരം ബന്ധപ്പെടുന്നതെന്ന് ഏറ്റവും നന്നായി പറഞ്ഞു തരുന്ന പാഠപുസ്തകക്കീറുകളാണീ നുറുങ്ങു കഥകള്‍.
ഏതെങ്കിലും ഒരവയവം പണിമുടക്കുമ്പോഴാണല്ലോ 'ഓ, അങ്ങനെയൊന്നുണ്ടല്ലൊ എന്നു നാം പലപ്പോഴും ഓര്‍മ്മിക്കാറ്. നമ്മുടെ സുഗമമായ യാത്രകളും സുഭിക്ഷമായ ജീവിതവും തോന്നുംപടി നിവര്‍ത്തിക്കാവുന്ന ആഗ്രഹങ്ങളുമൊക്കെ ഒന്നിച്ചങ്ങു സാധിച്ചുകിട്ടിയപ്പോള്‍ പലതും നാം ഓര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ ഒരൊറ്റ വര്‍ഷം – ഒരു മുഴുവന്‍ തികഞ്ഞ വര്‍ഷം – നമ്മെയൊന്ന് ഇരുത്തിത്തന്നെ ചിന്തിപ്പിച്ചു. അപ്പോഴാണ് നമ്മള്‍ തുമ്പികള്‍ പറക്കുന്നത് പിന്നെയും കണ്ടത്. ആകാശത്ത് മേഘങ്ങള്‍ ഓടിക്കളിക്കുന്നതു കണ്ടത്.
നിരവധി കണക്കുകളാണു പുറത്തുവരുന്നത്. മനുഷ്യന്റെ ഇടപെടലുകള്‍ കുറയുംതോറും പ്രകൃതിക്കെന്തു മാറ്റങ്ങളാണുണ്ടാവുന്നത് എന്നതിന് എത്ര കൃത്യതയാര്‍ന്ന കണക്കിന്റെ തെളിവുകള്‍! ഏതെല്ലാമോ പറമ്പുകളില്‍ വിടര്‍ന്ന പൂക്കളുടെ മണവും പേറി വന്ന കാറ്റുകള്‍. അഴുക്കും പൊടിയുമില്ലാതെ മുറ്റത്ത് വീണു മഴത്തുള്ളികള്‍! തൊടിയിലും മുറ്റത്തും നമ്മു ടെ വിരലുകളില്‍ നിന്നും ഉതിര്‍ന്നു വീണ വിത്തുകളില്‍ മുഴുവന്‍ പച്ചപ്പുകള്‍! നാം പണ്ടെന്നോ മറന്ന കൃഷിയും പുറത്തെടുത്തിരിക്കുന്നു!
കാര്യങ്ങള്‍ ഇങ്ങനെയെല്ലാം തിരിച്ചറിയുമ്പോള്‍ കോവിഡിനെ കണ്ണടച്ചു കുറ്റപ്പെടുത്തുന്നതെങ്ങനെയാണ്? ശരിയാണ്, വലിയൊരു വിഭാഗം പ്രതിസന്ധിയിലാണ്. ഓട്ടോ റിക്ഷാത്തൊഴിലാളികള്‍ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ വരെ എല്ലാം പ്രതിസന്ധിയിലാണ്. എന്നാല്‍ അതുക്കും മേലെയല്ലേ നമ്മുടെ പ്രകൃതിയും പച്ചപ്പും?! നമ്മുടെ ജീവിതങ്ങളേക്കാള്‍ തളര്‍ന്നത് നമ്മുടെ ധൂര്‍ത്തുകള്‍ തന്നെയല്ലെ?

കോവിഡ് വാക്‌സിന്‍ അല്ല അടിയന്തിരമായി
കണ്ടുപിടിക്കേണ്ടത്. ദാ, ഇപ്പോള്‍ ഈ സമയം വരെ
ആര്‍ജ്ജിച്ചെടുത്ത ചെറുപച്ചപ്പ് ഉണങ്ങാതിരിക്കാനുള്ള
ഔഷധമാണത്; അലസതയു ടെയും ഉദാസീനതയുടെയും
മറയ്ക്കുള്ളിലേക്ക് അവയിനിയും ചേക്കേറാതിരിക്കട്ടെ.


കോവിഡ് വാക്‌സിന്‍ എത്തിക്കഴിയുമ്പോള്‍ വീണ്ടും സാധാരണ നിലയിലേക്കു കര്യങ്ങള്‍ തിരിച്ചുപോകും. നമുക്കറിയാം, ധൂര്‍ത്തേറിയ ആഘോഷങ്ങള്‍ തിരിച്ചെത്തും. അപ്പോഴും ഇക്കാലത്തു കണ്ട ചില ഇടപെടലുകളെ ഓര്‍മ്മിക്കാതിരിക്കാനാവുന്നില്ല. വാക്‌സിന്‍ വരുന്നതിനു മുമ്പ് ഓടിപ്പോയി കല്യാണം കഴിച്ചവരും ചടങ്ങുകള്‍ നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. കാരണം മറ്റൊന്നുമല്ല, എല്ലാം പഴയ പോലെയാവുമ്പോള്‍ സ്റ്റാറ്റസ്‌കോ പരിപാലിക്കാന്‍ അവരുടെ കയ്യില്‍ പണം മാത്രമെത്തിെല്ലന്ന തിരിച്ചറിവാണത്. കോവിഡ് നല്കിയ ആനുകൂല്യത്തില്‍ കടബാദ്ധ്യതകളില്ലാത്ത ആഘോഷങ്ങള്‍!
ആരാണു നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഗതി നിര്‍ണ്ണയം നടത്തുന്നത്? തീര്‍ച്ചയായും ഒപ്പമെത്താനും പിന്നിലാവാതിരിക്കാനും ചിലപ്പോള്‍ ഒരു പടി മുന്നില്‍ നില്‍ക്കാനുമൊക്കെയുള്ള മത്സരങ്ങളല്ലെ?
ആര്‍ക്കാണു നഷ്ടമുണ്ടാകുന്നത് എന്നോര്‍ത്തിട്ടുണ്ടോ? മത്സരവിഷയങ്ങളും ചര്‍ച്ചാ വിഷയങ്ങളും ഒക്കെയായി നാം ഒതുക്കിക്കളയുന്ന നമ്മുടെ പ്രകൃതിയ്ക്കാണത്. ഉപന്യാസ മത്സരങ്ങളുടെയും പെയിന്റിംഗ് മത്സരങ്ങളുടെയും പോസ്റ്റര്‍ ഡിസൈനുകളുടേയുമെല്ലാം ഒരു ടോപ്പിക് മാത്രമാണിന്ന് ഇത്. നാം ജീവിക്കുന്ന കാലത്ത് നാം നേടിയ തിരിച്ചറിവുകളൊന്നും തന്നെയും ഇതിനെ സംരക്ഷിക്കാന്‍ മുന്നോട്ടു വരുന്നില്ലെന്നു മാത്രമല്ല അറിഞ്ഞുകൊണ്ടു തന്നെ തകര്‍ക്കുകയുമാണു നമ്മള്‍.
എന്താണിനി ചെയ്യേണ്ടത്? എന്താണിനി നമുക്കു ചെയ്യാന്‍ കഴിയുക?
ഇപ്പോള്‍ നാം മുറ്റത്തു നട്ട പച്ചക്കറി തൈകളുണ്ടല്ലോ, അതിനൊഴിക്കുന്ന വെള്ളം മുടങ്ങാതിരിക്കുകയെങ്കിലും ചെയ്താല്‍ അതൊരു വലിയ തീരുമാനമാവും. അതില്‍ വലിയ ചലനമുണ്ടാവും. എനിക്കു തോന്നുന്നു, കോവിഡ് വാക്‌സിന്‍ അല്ല അടിയന്തിരമായി കണ്ടുപിടിക്കേണ്ടത്. ദാ, ഇപ്പോള്‍ ഈ സമയം വരെ ആര്‍ജ്ജിച്ചെടുത്ത ചെറുപച്ചപ്പ് ഉണങ്ങാതിരിക്കാനുള്ള ഔഷധമാണത്; അലസതയുെടയും ഉദാസീനതയുടെയും മറയ്ക്കുള്ളിലേക്ക് അവയിനിയും ചേക്കേറാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org