Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മാറ്റി എഴുതപ്പെടുന്ന നീതി നിര്‍വചനങ്ങള്‍

മാറ്റി എഴുതപ്പെടുന്ന നീതി നിര്‍വചനങ്ങള്‍

Sathyadeepam

ഫാ. അജോ രാമച്ചനാട്ട്

ആരുടെയോ വാട്‌സ് ആപ്പ് സ്റ്റാറ്റസാണ്, കണ്ണിനു താഴെ പരിക്കേറ്റ ഒരു വൃദ്ധ കര്‍ഷകന്‍. മുതുകത്തും കവിളിലും പുറത്തും അടിയേറ്റ മനുഷ്യര്‍. കയ്യിലിരുന്നു മനസ്സിനെ പൊള്ളിക്കുകയാണ്. ഇതെല്ലാം കണ്ടിട്ട് നമ്മള്‍ എന്ത് പറയാനാണ്?
ഒരുപാട് പറയാന്‍ മനസ്സില്‍ തികട്ടുമ്പോഴും ആരോട് പറയാനാണ്?
ചുറ്റിലും ഉയരുന്ന നീതി നിഷേധത്തെപ്പറ്റി എഴുതാന്‍ ഇരിക്കുമ്പോള്‍ മനസ്സ് ഏറെ അസ്വസ്ഥമാണ്. എന്ത് എഴുതി തുടങ്ങണമെന്നോ, എങ്ങനെ പറയണമെന്നോ അറിയാത്ത ഒരു മാനസികാവസ്ഥയിലാണ്. ലോകചരിത്രം ഏറ്റവും വലിയ സമരമായി ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭം മാറിക്കഴിഞ്ഞു.
ലക്ഷക്കണക്കിനാളുകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഇന്ദ്രപ്രസ്ഥ ത്തിലേയ്ക്ക് നടക്കുമ്പോള്‍ ഒരു ജനതയുടെ ജീവന്മരണ പോരാട്ടമാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്?
സ്റ്റാന്‍ സ്വാമിയെന്നൊരു പടുവൃദ്ധനെ ജയിലില്‍ അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഒരു ഗ്ലാസ് വെള്ളം നേരെചൊവ്വെ കൈ വിറയ്ക്കാതെ കുടിക്കാനാകാത്തതുകൊണ്ട് ജയിലില്‍ ഒരു സ്‌ട്രോ അനുവദിക്കണമെന്ന് പറഞ്ഞുകൊടുത്ത അപേക്ഷ ആരും കൈകൊണ്ട് തൊടാതെ കലഹരണപ്പെട്ടു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍!
സ്റ്റാനെപ്പോലെ വേറൊരു സ്വാമിയുണ്ട്, മറക്കാന്‍ ഇടയില്ല ആരും. അകത്തായത് ഗുണ്ടായിസത്തിനും നരഹത്യയ്ക്കുമാണ്. കുറെ ക്രിമിനല്‍ കേസുകളുടെ ചരിത്രമുണ്ടുതാനും! എന്നിട്ടും, എത്ര പെട്ടെന്നാണ് മാധ്യമലോകം ‘നീതിക്കായി’ ശബ്ദമുയര്‍ത്തിയത്?
മനുഷ്യാവകാശസംരക്ഷകര്‍ എന്തൊരു വീറോടെയാണ് പൊരുതിയത്?
ഏതോ സിനിമയില്‍ ഹരിശ്രീ അശോകന്റെ ആത്മഗതംപോലെ, എവിടെയോ എന്തോ തകരാറുണ്ട്! അത് എവിടെയാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വിയര്‍ത്തു പോകും നമ്മള്‍.
അധികാരവും, രാഷ്ട്രീയവും, അഴിമതിയും, സമ്പത്തും എല്ലാം കൂടെ ചേരുന്നിടത്ത് എന്തൊക്കെയോ അരുതായ്കകള്‍ ഇടകലരുന്നുണ്ട്. രാഷ്ട്രസേവനം എന്നൊന്ന് എല്ലാവരും പാടെ മറന്ന മട്ടാണ് സ്വാര്‍ത്ഥതയും അഴിമതിയും ഒഴിവാക്കാനാകാത്ത ശീലങ്ങളായിട്ടുണ്ട്.

അധികാരവും, രാഷ്ട്രീയവും, അഴിമതിയും, സമ്പത്തും
എല്ലാം കൂടെ ചേരുന്നിടത്ത് എന്തൊക്കെയോ അരുതായ്കകള്‍
ഇടകലരുന്നുണ്ട്. രാഷ്ട്രസേവനം എന്നൊന്ന് എല്ലാവരും
പാടെ മറന്ന മട്ടാണ് സ്വാര്‍ത്ഥതയും അഴിമതിയും
ഒഴിവാക്കാനാകാത്ത 
ശീലങ്ങളായിട്ടുണ്ട്.


ചരിത്രം നോക്കൂ, എപ്പോഴാണ് ഒരു സമരമോ ലഹളയോ പൊട്ടിപ്പുറപ്പെടുന്നത്? ഒരു അഗ്‌നിപര്‍വത സ്‌ഫോടനം പോലെയാണത്. ഒരു ചെറിയ നീറ്റല്‍/അസ്വസ്ഥത/അതൃപ്തി വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ കൊണ്ട് ഒരു സ്‌ഫോടനമായി/വികാരത്തള്ളലായി രൂപാന്തരപ്പെടുകയാണ്.
കാരണമുണ്ടെന്ന് വ്യക്തം. അതാകട്ടെ, ക്ഷമയുടെ സര്‍വ അതിരുകളെയും ഭേദിച്ചു എന്നും സ്പഷ്ടം.
ഒന്നോര്‍ക്കണം, ഓരോ സമരവും ചരിത്രത്തെ മാറ്റി എഴുതിയിട്ടുണ്ട്. കാലം അല്പം മുന്നോട്ട് പോയാലും നീതിനിഷേധങ്ങള്‍ സത്യമെങ്കില്‍ അവ തെളിയിക്കപ്പെടുക തന്നെ ചെയ്തിട്ടുണ്ട്.
ക്രിസ്തുവിനും നാല് ശതാബ്ദം മുന്നേ പ്‌ളേറ്റോ കൊടുത്ത നിര്‍വചനത്തിന്റെ ചുവട് പിടിച്ചിട്ടാണ് ഇന്ന് വരെ നീതി എന്നത് നിര്‍വചിക്കപ്പെട്ടു പോന്നിട്ടുള്ളത്.
ഏറ്റവും ലളിതമാക്കിയാല്‍, ‘ഓരോരുത്തനും അര്‍ഹിക്കുന്നത് നീതി’യെന്നാണ്. ചിലപ്പോ തോന്നും, ആര്‍ക്കാണ് നീതിയുടെ ഉറപ്പ് ഉള്ളതെന്ന്. ജീവിക്കാനുള്ള മിനിമം സാഹചര്യങ്ങള്‍ ആര്‍ക്കാണ് നിഷേധിക്കാനാവുന്നത്?
അവശ്യമായത് എന്തോ അതൊക്കെ മറ്റൊരുത്തനു നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത്?
അങ്ങനെ 2020 തീരുമ്പോഴും വീണ്ടും വീണ്ടും നീതിനിഷേധങ്ങളുടെ പരമ്പരകള്‍. ഒരുപക്ഷെ, നീതിനിഷേധങ്ങളായിരിക്കണം ഭൂമിയുടെ ഏറ്റവും വലിയ ശാപവും.
ആ പടുവൃദ്ധനും, ആ മണ്ണില്‍ പണിയുന്ന പാവങ്ങള്‍ക്കും ആര് എന്ന് നീതി കൊടുക്കാനാണ്?

Leave a Comment

*
*