രോഗം ദൈവികപദ്ധതി

രോഗം ദൈവികപദ്ധതി

ഉയിര്‍പ്പുതിരുനാളിനുശേഷം പന്തക്കുസ്താ തിരുനാളിലേക്കുള്ള യാത്രയിലാണു നാം. നമ്മുടെ വിശ്വാസജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു നല്കുന്ന ബോദ്ധ്യങ്ങള്‍ പങ്കുവയ്ക്കുന്ന ഏഴ് ഒരുക്കചിന്തകള്‍! പ്രാര്‍ത്ഥനാനിര്‍ഭരമായി നമ്മിലെ രോഗങ്ങളെ സമീപിക്കാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ.

രോഗിയുടെ ഏറ്റവും കരുത്തനായ ശത്രുവാണു പിശാച്. രോഗിയായ മനുഷ്യനെ ദൈവത്തിനെതിരെ തിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവന്‍ പ്രയോഗിച്ചുകൊണ്ടിരിക്കും. എത്ര പ്രാര്‍ത്ഥിച്ചിട്ടും സര്‍വേശ്വരന്‍ കനിയുന്നില്ലല്ലോ എന്ന തോന്നല്‍ ഉണര്‍ത്തിയാല്‍ മനുഷ്യന്‍ ദൈവത്തിനെതിരെ തിരിയുമെന്നാണു പിശാചിന്‍റെ കണക്കുകൂട്ടല്‍.

പ്രാര്‍ത്ഥനാസമയത്താണ് സകല കരുത്തും സംഭരിച്ചു പിശാച് ആക്രമിക്കാനെത്തുക. പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി സംവദിക്കുന്ന മനുഷ്യരെ അവനു തീരെ താത്പര്യമില്ല. രോഗിയുടെ ഏകാഗ്രത തകര്‍ത്ത്, അനാവശ്യ ചിന്തകള്‍ ഉത്പാദിപ്പിച്ച്, പ്രാര്‍ത്ഥനയുടെ കോട്ട തകര്‍ക്കാന്‍ അവന്‍ ഉത്സാഹിച്ചുകൊണ്ടിരിക്കും.
ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ ദൈവത്തോടു പറഞ്ഞു: "നോക്കൂ പിതാവേ, എനിക്കീ ഭൂമിയില്‍ കുറേ വര്‍ഷങ്ങള്‍കൂടി ജീവിതം നല്കിയാല്‍ ആ കാലംമുഴുവന്‍ വിശ്വസ്തദാസനായി അങ്ങയെ സ്നേഹിക്കാം, സേവിക്കാം. അങ്ങയോടുള്ള സ്നേഹം അപരനോടുള്ള സ്നേഹമായതിനാല്‍ മനു ഷ്യനന്മയ്ക്കുവേണ്ടി അങ്ങ് അനുവദിക്കുന്ന രീതികളിലെല്ലാം പ്രവര്‍ത്തിക്കാം. അങ്ങനെ കഷ്ടപ്പെട്ടു ഞാന്‍ സ്വര്‍ഗത്തില്‍ എത്തണമെന്നല്ലേ അങ്ങ് ആഗ്രഹിക്കുന്നത്?"

ഞാന്‍ ദൈവവുമായി സംസാരിക്കുന്നതു പിശാചിന് ഇഷ്ടമുള്ള കാര്യമല്ല. അതിനാല്‍ എന്‍റെ പ്രാര്‍ത്ഥനയുടെ കോട്ട തകര്‍ക്കുന്നതിന് എപ്പോഴും അവന്‍ ഉത്സാഹിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വി.ഗ്രന്ഥത്തിലെ തിരുവചനങ്ങള്‍ എനിക്ക് ആശ്വാസം പകര്‍ന്നു.

"അവന്‍ കടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കന്മാരുടെയോ? ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്." (യോഹ. 9:1-12).

അന്ധന്‍റെ കാഴ്ചയില്ലായ്മ അവന്‍റെയോ മാതാപിതാക്കളുടെയോ പാപത്തിന്‍റെ ഫലം അല്ലാതിരുന്നതുപോലെ എന്‍റെ രോഗവും എന്‍റെ പാപങ്ങളുടെ ഫലമല്ലെന്ന് എന്‍റെ ദൈവം വീണ്ടും വ്യക്തമാക്കിയ സന്ദര്‍ഭമായിരുന്നു അത്. ആ ബോദ്ധ്യത്തില്‍ ഉറച്ചുനിന്നു രോഗത്തോടു പോരാടുവാന്‍ എനിക്കു കരുത്തു കിട്ടിയതു പരിശുദ്ധാത്മാവിന്‍റെ കൃപ കൊണ്ടാണ്. ദൈവം 'അന്ധനായ' എന്‍റെ കണ്ണു തുറക്കാന്‍ തന്നതാണ് ഈ രോഗം. ഇതിനെ ദൈവകൃപകൊണ്ടു മറികടന്ന് ഈ ലോകത്തില്‍ അവിടുത്തെ മഹത്ത്വം ഉദ്ഘോഷിക്കണമെന്നതാണ് എന്നെ സംബന്ധിച്ചുള്ള ദൈവികമായ പദ്ധതി.

രോഗിയാണെന്നു തിരിച്ചറിയുന്നതിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തു വിവരങ്ങള്‍ ശേഖരിച്ചു നടത്തുന്ന രചന. ഇപ്പോഴിതാ നല്ല ദൈവം നിര്‍ദ്ദേശിച്ചിരിക്കുന്നു, ഇനി നീ എഴുതേണ്ടതു ദൈവാനുഭവം പ്രദാനം ചെയ്യുന്ന പുസ്തകങ്ങളാണ്. ആത്മീയാനുഭവങ്ങള്‍ കണ്ണീരില്‍ ചാലിച്ചെഴുതി മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കണം. പരിശുദ്ധാത്മാവിന്‍റെ കൃപയുണ്ടെങ്കിലേ ഇതിനു കഴിയൂ. 'പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ'യെന്ന പ്രാര്‍ത്ഥന അനുസ്യൂതം ചൊല്ലിക്കൊണ്ടു കൃപ നിറഞ്ഞ ജീവിതം നയിക്കുവാനാകട്ടെ. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആള്‍ കൃപാവാരിധിയാണ്. കര്‍ത്താവു ശ്ലീഹന്മാര്‍ക്കു കൊടുത്ത നിത്യസഹായകനാണ് അവിടുന്ന്.

"നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പന പാലിക്കും. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരികയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കുവാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു. നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല" (യോഹ. 14:15-18).

ദൈവം എന്നോടുകൂടെയുണ്ടെന്നും അനാഥനല്ല ഞാനെന്നും രോഗശയ്യയില്‍ തിരിച്ചറിഞ്ഞ ആദ്യസന്ദര്‍ഭത്തില്‍ വിസ്മയം കലര്‍ന്ന ഒരു തരിപ്പ് ഞാന്‍ അനുഭവിച്ചു. എന്‍റെ ദൈവം എന്നെ സ്പര്‍ശിച്ചു, ഞാന്‍ സൗഖ്യം പ്രാപിച്ചു.

ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ എന്‍റെ ഉള്ളില്‍ നിറഞ്ഞ ദിവ്യമായ അനുഭൂതിയില്‍ ഞാന്‍ കണ്ണീരണിഞ്ഞു.

എന്‍റെ ദേഹത്ത് ഒരു കിലോ ഭാരമുള്ള ഒരു ഓര്‍ത്തോ ബെല്‍റ്റുണ്ട്. ഞാനതിനെ 'പാസ്താ' എന്നാണു വിളിക്കുന്നത്. സെമിനാരികളിലെ പ്രായശ്ചിത്തകെട്ടിന്‍റെ പേരാണത്. താന്‍ തെറ്റു ചെയ്തിരിക്കുന്നുവെന്നു നിശ്ശബ്ദമായി പ്രഖ്യാപിക്കാനാണു സെമിനാരിക്കാര്‍ പാസ്താ കെട്ടിയിരുന്നത്. ഞാന്‍ പാപിയായിരുന്നിട്ടും കരുണാമയനായ ദൈവം ഉപേക്ഷിച്ചില്ലെന്ന് എന്‍റെ 'പാസ്താ' ലോകത്തോടു വിളിച്ചുപറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org