ക്വാറന്റൈനിലെ വിശുദ്ധകള്‍

ക്വാറന്റൈനിലെ വിശുദ്ധകള്‍

മാണി പയസ്സ്

മരണാസന്നരും മരണത്തിന്റെ ഇരുള്‍വീണ താഴ്‌വരയില്‍ മായുന്നതിനു മുമ്പ് കുറച്ചുകാലം അനുവദിക്കപ്പെട്ടവരുമായ എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന കേന്ദ്രം. രണ്ട് ദശാബ്ദങ്ങള്‍ക്കപ്പുറം മടിച്ചുമടിച്ച് ഞാനവിടെ കടന്നുചെന്നു. എയ്ഡ്‌സ് രോഗികള്‍ക്കുവേണ്ടി സേവനം ചെയ്യുന്ന ബി.എസ്.സി. നഴ്‌സിംഗ് പാസ്സായ സിസ്റ്ററെ കാണാന്‍. ഒരു പുസ്തക രചനയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ്.
സംസാരം കഴിഞ്ഞ് യാത്രപറഞ്ഞ് ഇറങ്ങിയപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു: "ഉച്ചയായ ല്ലോ, ഇനി ഭക്ഷണം കഴിച്ചിട്ടു പോകാം.' രോഗികള്‍ കിടക്കുന്ന മുറിയുടെ തൊട്ടപ്പുറത്തുള്ള മുറിയിലെ മേശമേല്‍ ഭക്ഷണം കൊണ്ടുവന്നു വച്ചിട്ടുണ്ട്. സിസ്റ്റര്‍ കൈകള്‍ കഴുകി വന്നു. ഞാന്‍ വാഷ്‌ബേസിന്റെ അരികിലേക്കു നീങ്ങി. എത്ര കഴുകിയിട്ടും തൃപ്തിയാവുന്നില്ല. കൈകളിലല്ല, മനസ്സിലാണ് അഴുക്ക്. ഭയത്തിന്റെ, അറപ്പിന്റെ, അജ്ഞതയുടെ അഴുക്ക്. അപ്പുറത്ത് എയ്ഡ്‌സ് രോഗികളാണല്ലോ. ഞങ്ങളെ കൂടാതെ രണ്ടുപേര്‍ കൂടി ഭക്ഷണം കഴിക്കാനുണ്ട്. ഞങ്ങള്‍ ഇരുന്നു. ഭക്ഷണം വിളമ്പിയ ശേഷം ഞങ്ങളോടൊപ്പം സിസ്റ്ററും ഇരുന്നു. എനിക്കു ഭക്ഷണം കഴിക്കാന്‍ തീരെ താത്പര്യം തോന്നിയില്ല. നിഷ്‌കളങ്കമായ ക്ഷണം നിരസിക്കുന്നത് വലിയ തെറ്റാകും. അതുകൊണ്ടാണ് ഭക്ഷണത്തിനിരുന്നത്. വളരെക്കുറച്ച് ഭക്ഷണം കഴിച്ച്, രക്ഷപ്പെടുന്നതുപോലെ ഞാന്‍ പുറത്തുകടന്നു. അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും ലജ്ജകൊണ്ട് ചൂളിപ്പോകുന്നു.
ആ സിസ്റ്ററും ഞാനും മനുഷ്യര്‍ തന്നെ. ഹതഭാഗ്യരായ മനുഷ്യസഹോദരങ്ങള്‍ക്കുവേണ്ടി അവര്‍ ചെയ്യുന്ന സേവനങ്ങള്‍ പത്തു ജന്മമെടുത്താലും എന്നെക്കൊണ്ടാവില്ല. ഒരു തവണ അവിടെച്ചെന്നപ്പോള്‍ തന്നെ മടുപ്പ് തോന്നി. എന്നാല്‍ സിസ്റ്ററെപ്പോലുള്ളവര്‍ അറപ്പോ ഭയമോ മടുേപ്പാ ഇല്ലാതെ സ്‌നേഹപൂര്‍വ്വം അവരെ ശുശ്രൂഷിക്കുന്നു.
തൃശൂര്‍ ആസ്ഥാനമായുള്ള ഒരു സന്ന്യാസിനീ സമൂഹത്തിന്റെ ഇതുപോലുള്ള നിരവധി സേവനരംഗങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിത്യരോഗികള്‍ക്കു വേണ്ടിയുള്ള കേന്ദ്രം, ഹൈദ്രാബാദ് കുക്കട്ട് പള്ളിയിലെ കുഷ്ഠരോഗാശുപത്രി, ബുദ്ധിമാന്ദ്യമുള്ളവര്‍ക്കായുള്ള സ്ഥാപനം, വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവ.
ഇവരെപ്പോലെ കരയുന്നവരുടെ കണ്ണീരൊപ്പുന്ന നിരവധി ക്രൈസ്തവ സന്യാസിനീ സമൂഹങ്ങളുണ്ട്. പക്ഷേ, സമൂഹം മുഖ്യമായും കാണുന്നത്. സ്‌കൂളുകളിലും കോളജുകളിലും ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്നവരെയാണ്. സന്യാസിനീ സമൂഹത്തിലെ ക്രീമിലെയര്‍ ആണിവര്‍. കാണാമറയത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്നവരെ അറിയാന്‍ സമൂഹത്തിന് അവസരം കിട്ടുന്നില്ല. അതിനാല്‍ സിസ്റ്ററാവുക എന്നാല്‍ ഒരു തൊഴിലുറപ്പു പദ്ധതിയാണെന്ന് സമൂഹം തെറ്റിദ്ധരിക്കുന്നു. സന്യാസിനീ സമൂഹങ്ങളുമായി തെറ്റിപ്പിരിഞ്ഞ ചില ക്രീമിലെയര്‍ സന്ന്യാസിനികള്‍ പൊതുസമൂഹത്തിന്റെ ഭാവനകള്‍ക്ക് വന്യമായി വിഹരിക്കാനുള്ള വഹ അവസരത്തിനൊത്ത് കൊടുത്തുകൊണ്ടിരിക്കുന്നു.

സന്യസ്തരുടേതായാലും സാധാരണക്കാരുടേതായാലും പ്രശ്‌നം
മറിയം ചെയ്തതുപോലെ നല്ല ഭാഗം തെരഞ്ഞെടുക്കാന്‍
കഴിയാത്തതാണ്. മര്‍ത്തായെപ്പോലെ ജീവിതവ്യഗ്രതയില്‍
ഉഴലുകയാണ് ബഹുഭൂരിപക്ഷവും. സന്യസ്തരില്‍
ഈ വ്യഗ്രത വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന അന്വേഷണം നടക്കേണ്ടതുണ്ട്.


കാന്‍സര്‍ രോഗികളായവര്‍ക്കു ധൈര്യം പകരുന്ന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദമ്പതിമാര്‍ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. രോഗത്തെ ധീരമായി അഭിമുഖീകരിക്കുന്നവരാണ് കന്യാസ്ത്രീകളെന്ന്. നേരത്തെ മരിച്ചാല്‍ യേശുവിനെ അത്രയും നേരത്തെ കാണാമല്ലോ എന്നാണവരുടെ ചിന്ത. ഇതു മരണഭയം ഇല്ലാതാക്കുന്ന വിശ്വാസമാണ്. വിശ്വാസം കൃപയാണ്. അതു നഷ്ടമാകുന്ന സന്ന്യാസിനി യേശുവിനെ പ്രവാചകന്‍ മാത്രമായി കാണും. ഉറ നഷ്ടമായ ഉപ്പിനു തുല്യമാണ് വിശ്വാസം നഷ്ടമായ സന്യാസിനി. കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെടുന്ന സന്ന്യാസിനിക്ക് താന്‍ ശുശ്രൂഷിക്കുന്നവരില്‍ യേശുവിനെ കാണാതെ നിരന്തരം ആ കര്‍മ്മം ചെയ്യാനാകില്ല. എന്നാല്‍ ക്രീമിലെയറുകാര്‍ക്ക് ആ അനുഭവം കുറവാണ്. അതിനാല്‍ വിശ്വാസത്തിന്റെ ഉറകെട്ടുപോകുന്നത് അവരറിയുന്നില്ല.
വലിയ ഒരപകടം ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. യൂദാസിനു സംഭവിച്ചതാണ്. യേശുവിന്റെ കീര്‍ത്തി കൂടി വന്നതനുസരിച്ച് യൂദാസിന്റെ കൈയ്യിലെ പണസഞ്ചിയുടെ കനവും ഏറി വന്നു. തന്മൂലം ധനപരമായ ചിന്തകള്‍ ഒഴിവാക്കാന്‍ കഴിയാതായി. യേശുവിന്റെ പാദങ്ങളിലും ശിരസിലും പൂശിയ നാര്‍ദീന്‍ സുഗന്ധതൈലത്തിന്റെ വിലയെക്കുറിച്ചു വിലപിച്ചത് അതുകൊണ്ടാണ്. സുവിശേഷകനായ യോഹന്നാന്‍ ആരോപിക്കുന്നതുപോലെ പണസഞ്ചിയില്‍ വീഴുന്നതില്‍നിന്ന് യൂദാസ് മോഷ്ടിച്ചിരുന്നുവോ? അതെന്തായാലും പണം അയാളുടെ മനസ്സ് മോഷ്ടിച്ചു. ഒടുവില്‍ ഒറ്റുകാരനും തൂങ്ങിച്ചത്തവനുമായി.
സന്യസ്തരുടേതായാലും സാധാരണക്കാരുടേതായാലും പ്രശ്‌നം മറിയം ചെയ്തതുപോലെ നല്ല ഭാഗം തെരഞ്ഞെടുക്കാന്‍ കഴിയാത്തതാണ്. മര്‍ത്തായെപ്പോലെ ജീവിതവ്യഗ്രതയില്‍ ഉഴലുകയാണ് ബഹുഭൂരിപക്ഷവും. സന്യസ്തരില്‍ ഈ വ്യഗ്രത വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന അന്വേഷണം നടക്കേണ്ടതുണ്ട്. ഇതിനു പകരം സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ഏറ്റുമുട്ടുന്ന രണ്ടു വിഭാഗങ്ങളും പരസ്പരം പഴിചാരല്‍ മാത്രം നടത്തുന്നു.
സന്യാസിനികളുടെ കാര്യത്തില്‍ എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും സന്യാസ ജീവിതത്തെക്കുറിച്ച് അറിയാത്തവരാണ് ആരോപണങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതെന്നും ഒരു വിഭാഗം. സന്യാസിനികളുടെ കാര്യത്തില്‍ എല്ലാം കുഴപ്പത്തിലാണെന്നു മറുവിഭാഗം. ഈ രണ്ടു കൂട്ടരും ജീവിതം മുഴുവന്‍ ക്വാറന്റൈനില്‍ എന്നപോലെ ചെലവഴിച്ച് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്ന സഹോദരിമാരെ കാണുന്നില്ല. നിയമം അടിച്ചേല്പിച്ചതല്ല, അവര്‍ സ്വയം വരിച്ചതാണ് ഈ ക്വാറന്റൈന്‍.
ദേഹമാകെ ചലം പൊട്ടിയൊലിക്കുന്ന കുഷ്ഠരോഗി വിശുദ്ധ ഫ്രാന്‍സിസിനോടു പറഞ്ഞു, "ഫ്രാന്‍സിസേ, എന്റെ മുറിവുകളില്‍ നിന്റെ നാവുകൊണ്ട് സ്പര്‍ശിച്ചാല്‍ എനിക്ക് ആശ്വാസമായേനെ." ഫ്രാന്‍സിസ് അതിനു തുനിയുമ്പോഴേക്കും കുഷ്ഠരോഗി യേശുവായി മാറി. വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ഏതു ശുശ്രൂഷയ്ക്കും സന്നദ്ധരായ വിശുദ്ധരായ സഹോദരിമാരേ, നിങ്ങള്‍ക്കു പ്രണാമം.
(സ്വദേശാഭിമാനി അവാര്‍ഡ് നേടിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)
ാമിശുശൗ5െ9@ഴാമശഹ.രീാ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org