രൂപം കൊത്തുന്നവര്‍

രൂപം കൊത്തുന്നവര്‍

പോള്‍ തേലക്കാട്ട്

വ്യാപിച്ചു കിടക്കുന്നതും കഠിനവുമായ മാര്‍ബിള്‍ കല്ലില്‍ ഉള്‍ക്കൊള്ളാനാവാത്തതും കാണിക്കാനാവാത്തതുമായ ഒരു ചിന്തയും ഏറ്റവും അനുഗ്രഹീത കലാകാരനുമില്ല. ബുദ്ധിയുടെ ദാനമായ കൈകള്‍ക്ക് കല്ലിന്റെ സ്ഥൂലമാത്രമായത് വെട്ടിമാറ്റുക മാത്രമാണ് ചെയ്യാനുള്ളത്. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സുന്ദരമായ കല പ്രകൃതിയെ ഭരിക്കും. ഈ ദൈവികവരം എല്ലാ നാഡി ഞരമ്പുകളെയും പ്രവൃത്തി ജ്വരത്തിലാക്കാനുള്ളതാണ്. "ഞാന്‍ കലയ്ക്കുവേണ്ടി ഉണ്ടാക്കപ്പെട്ടവനാണ്. കുട്ടിക്കാലം മുതല്‍ കത്തിജ്വലിക്കുന്ന സൗന്ദര്യത്തിന്റെ ഇരയായവനാണ്. സേവിക്കാന്‍ ജനിച്ച ഞാന്‍ കലയുടെ മഹതിയെ കുറ്റപ്പെടുത്തും." "കഠോരവേദനയും ഉന്മാദവും" എന്ന ഇര്‍വിംഗ് സ്‌റ്റോണിന്റെ മൈക്കിള്‍ ആഞ്ചലോയെക്കുറിച്ചുള്ള നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒരു കലാകാരന്റെ കലാജീവിതത്തിന്റെ വേദനയും ഉന്മാദവുമാണ് നോവല്‍ പുറത്തു കൊണ്ടു വരുന്നത്.

നോവലിന്റെ ആരംഭത്തില്‍ത്തന്നെ കൗമാരക്കാരനായ മൈക്കിള്‍ തന്നെക്കുറിച്ചു കണ്ണാടി നോക്കി പറയുന്നു: "ഞാന്‍ വേണ്ട വിധത്തില്‍ രൂപകല്പന ചെയ്യപ്പെട്ടവനല്ല." "എന്റെ തല ഭരണത്തിനു വിധേയമല്ല; നെറ്റിത്തടം എന്റെ വായനയുടെയും താടിയുടെയും മേല്‍ തൂങ്ങി നില്‍ക്കുന്നു. ആരെങ്കിലും കൃത്യമായി തൂക്കുകട്ട പിടിക്കണമായിരുന്നു." അവന്‍ കരിയെടുത്തു മുഖം, ആ വൈകൃത രൂപം മാറ്റിവരച്ചു. "ഇപ്പോള്‍ കൊള്ളാം. കാണിക്കാന്‍ വയ്ക്കുന്നതിനു മുന്‍പ് മാറ്റി വരക്കേണ്ട മുഖം."

അദ്ദേഹം പിന്നീട് പറയുന്നു "ഞാന്‍ മാര്‍ബിള്‍ കല്ലില്‍ മാലാഖയെ കാണുന്നു. മാലാഖയെ കല്ലില്‍ നിന്നു വിമോചിപ്പിക്കുന്നതു ശില്പവേലയിലാണ്." അരയോപാഗസ്സുകാരന്‍ ദിവന്ന്യാസോസിന്റെ തൂലികനാമത്തില്‍ മാത്രം എഴുതി 5-6 നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച സുറിയാനി സഭയിലെ ഗ്രീക്കു ചിന്തകനും തന്റെ "ദൈവനാമങ്ങള്‍" എന്ന ഗ്രന്ഥത്തില്‍ എഴുതി.

"വെളിച്ചത്തിനു മുകളിലൂടെ ഈ ഇരുട്ടില്‍ നാം എത്തണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കാണാനാവാത്തവനും അറിയാനാവാത്തവനും എല്ലാ ദര്‍ശനങ്ങള്‍ക്കും അറിവിനും അപ്പുറമുള്ളത് അറിയാനും കാണാനും നമുക്ക് കാഴ്ചയും അറിവും ഇല്ലാതാകണം. അങ്ങനെ ശരിക്കും കാണാനും അറിയാനും നമ്മെ അതിലംഘിക്കുന്നവനെ അതിലംഘിക്കാത്തവിധം വാഴ്ത്താന്‍ എല്ലാ അസ്തിത്വങ്ങളും നിഷേധിച്ചു മാത്രമേ സാധ്യമാകൂ. ഒരു രൂപം കടഞ്ഞുണ്ടാക്കുന്ന ശില്പി പോലെ ആകണം നാം. അകത്തു ഒളിഞ്ഞിരിക്കുന്ന രൂപത്തെ ഒളിപ്പിക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റിക്കൊണ്ടും വ്യക്തമാക്കിക്കൊണ്ടും തടസ്സമില്ലാതെ സൗന്ദര്യം ഒളിച്ചിരുന്നു കാണിക്കുന്നു."

ഞാന്‍ എന്ന മനുഷ്യന്‍ ദൈവത്തെ കാണാനും കാണിക്കാനും എന്തു ചെയ്യണം? ദൈവത്തെ ദൈവമെന്ന രീതിയില്‍ കാണാനും കാണിക്കാനും സാധ്യമല്ല. പക്ഷെ, സൃഷ്ടിക്കു സ്രഷ്ടാവിനെ കാണാനാകുമോ? ഞാന്‍ ആത്മാവിലേക്കും വെളിവിലേക്കും എത്തിപ്പെടാന്‍ ഞാനാകുന്ന ഭൗതികതയില്‍ നിന്ന് അവനെ കാണിക്കാന്‍ തടസ്സമാകുന്നതു കൊത്തിമാറ്റുക. എനിക്കുള്ളില്‍ അവന്റെ രൂപം മറഞ്ഞിരിക്കുന്നു. അതു പുറത്തേയ്ക്ക് ദൃശ്യമാക്കാന്‍ തടസ്സമാകുന്നത് എന്നിലെ വൃഥാസ്തൂലതയും വൈകല്യങ്ങളും വൈരുദ്ധ്യങ്ങളുമാണ്. എന്റെ മേലാണ് ക്രമത്തിനു വിധേയമാകുന്ന തലയും കലാകാരന്റെ തൂക്കുകട്ടയുടെ ചരടും പിടിക്കേണ്ടത്. ദൈവപുത്രന്‍ എന്റെ മാംസത്തില്‍ ഒളിഞ്ഞിരിക്കുന്നു, മാര്‍ബിളില്‍ രൂപം ഒളിഞ്ഞിരിക്കുന്നതുപോലെ. എന്നിലെ മാലാഖയെ ഞാന്‍ സ്വതന്ത്രമാക്കി ദൃശ്യമാക്കണം. ഇത് സ്വാതന്ത്ര്യത്തിന്റെ കൊത്തുപണിയാണ്. അതിഭൗതികത ഭൗതികതയില്‍ താണിറങ്ങുന്നു. എഴുതപ്പെടാത്തത് എഴുതപ്പെടുന്നു. അതിഭൗതികമായതു ഭൗതികതലത്തിലേക്ക് ഇറങ്ങി വരുന്നു.

മേരി എന്ന പേരു പറഞ്ഞു ഡയനീഷ്യന്‍ ഒരേ ഒരു പരാമര്‍ശമേ തന്റെ കൃതികളിലുടനീളം നടത്തിയിട്ടുള്ളൂ. അതിങ്ങനെയാണ്: "ആവാച്യമായ ദൈവിക രഹസ്യം രൂപമെടുക്കുന്ന പ്രക്രിയ മേരിയില്‍ ഗബ്രിയേല്‍ ആരംഭം കുറിച്ചു." മേരി ദൈവികമായതിന്റെ യേശുരൂപത്തിന്റെ സംഭവത്തിന്റെ ഇടമായി മേരി. എന്നാല്‍ ഡയനീഷ്യസ് ഒരിടത്തും മേരിയെ ദൈവമാതാവ് എന്നു വിളിക്കുന്നില്ല. ദൈവത്തിനു ഇടം (chora) കൊടുത്ത അവള്‍ ദൈവത്തിന്റെ ദൃശ്യ (spectacle) മായി മാറി എന്നു പറയുന്നു. അവന് അവള്‍ ശരീരം നല്കിയാണ് ദൃശ്യത നല്കിയത്. അദൃശ്യനായവന്‍ ദൃശ്യത അന്വേഷിക്കുന്നു. അതാണ് അവന്റെ വിളി. അതാണ് ഒരു ക്രൈസ്തവന്റെ ദൈവവിളി. ലോകത്തില്‍ ദൈവത്തിനു ദൃശ്യത കൊടുക്കുക, അതു സംഭവിക്കേണ്ടതു മാംസത്തിലാണ്. എന്റെ മാംസത്തെ അഥവാ ശരീരത്തെ അവന്റെ ദൃശ്യതയാക്കുക.

ചരിത്രത്തില്‍ ദൈവം സംഭവിക്കുന്നതു മനുഷ്യമാംസത്തിലാണ്. ദൈവത്തിന്റെ നീതിയും ദൈവത്തിന്റെ സ്‌നേഹവും സംഭവിക്കണം. ദൈവികതയുടെ അസാന്നിദ്ധ്യത്തിന്റെ മുറവിളികള്‍ ഉയരുന്ന ലോകം. ക്രിസ്തുസംഭവത്തിന്റെ പതിപ്പുകള്‍ ഉണ്ടാകണം, ക്രിസ്തു സംഭവത്തിന്റെ ആവര്‍ത്തനത്തിന്റെ മിമിക്രിയല്ല സംഭവിക്കേണ്ടത്. ക്രിസ്തുവിനു ശരീരം നല്കുന്ന മാംസത്തിന്റെ വാസ്തുഭേദ(transubstantiation)ങ്ങള്‍ നടക്കണം. യേശു ചോദിക്കുന്നു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരങ്ങള്‍? എന്റെ മാംസത്തെ അവന്റെ രൂപമാക്കി കൊത്തിയുണ്ടാക്കുക – അവന്റെ ദൃശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org