അരയൊപാഗസ്സിലെ പ്രസംഗം

അരയൊപാഗസ്സിലെ പ്രസംഗം

പോള്‍ തേലക്കാട്ട്

ആഥന്‍സിലെ ജനാധിപത്യത്തിന്റെ യോഗം ചേരുന്ന ഉയര്‍ന്ന ഒരു സ്ഥലമായിരുന്നു അരെയോപാഗസ്സ്. ജനാധിപത്യത്തിന്റെ കോടതിയിലും അതിന്റെ നടത്തിപ്പിന്റെ വേദിയിലും പൗലോസ് ചെല്ലുമ്പോള്‍ കണ്ടതു ധാരാളം വിഗ്രഹ ങ്ങളാണ്. അവിടെ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും സ്റ്റോയിക് എപ്പിക്കൂറിയന്‍ ചിന്തകരുണ്ടായിരുന്നു എന്നു വ്യക്തമാണ്. അവരോടാണ് പൗലോസ് പ്രസംഗി ക്കുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും. പുതിയ കാര്യങ്ങളില്‍ താത്പര്യമുള്ള വരാണ് വിവാദക്കാര്‍.
പല സംസ്‌ക്കാരങ്ങളുടെയും മതങ്ങളുടെയും മധ്യത്തില്‍ ജീവിക്കുന്ന ക്രൈസ്തവസമൂഹം വളരെ ശ്രദ്ധിക്കേണ്ട ഒരു പ്രസംഗമാണ് നടപടി പുസ്തകത്തില്‍ (17) പറയുന്നത്. ആ പ്രസംഗാവസാനം അരയൊപാഗസ്സിലെ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പൗലോസിനോട് കൂടിച്ചേര്‍ന്നത്. അതില്‍ ഒരു പേരാണ് അരയോപാഗസ്സുകാരന്‍ ഡയനീഷ്യസ്. ഈ പേരില്‍ പുസ്തകങ്ങള്‍ എഴുതിയ വ്യക്തി യവന ചിന്തയേയും ക്രൈസ്തവചിന്തയേയും ബന്ധിപ്പിക്കുന്നു. എഴുത്തുകാരന്‍ നെയോ-പ്ലേറ്റോണിക് ചിന്തകനായിരുന്ന പ്രൊക്കുളസിനെ നിരന്തരം ഉദ്ധരിക്കുന്നവനും. ഈ പേര് സഭാചരിത്രത്തില്‍ വളരെ പ്രസിദ്ധമാണ്. പല ഗ്രന്ഥങ്ങളും ഈ പേരിലുണ്ട്. ഈ പ്ലേറ്റോണിക് ചിന്തയുമായി നല്ല പരിചയമുള്ള ഈ വ്യക്തി അഞ്ചാം നൂറ്റാണ്ടില്‍ സിറിയയില്‍ ജീവിച്ച ക്രൈസ്തവനായ, സന്യാസിയാണ് എന്നു കുരുതുന്നു. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരു വെളിപ്പെടുത്തുന്നില്ല. പൗലോസിനെ അനുകരിക്കുന്ന ഒരു ചിന്തകനാണ്.
പൗലോസ് അരയോപാഗസ്സില്‍ കണ്ടതു അജ്ഞാതദേവന്റെ ബലിപീഠമാണ്. ആ ബലിപീഠവും അവരുടെ വിശ്വാസവും ദൈവീകതയിലേക്കുള്ള ആദ്യ പടിയായി പൗലോസ് വ്യാഖ്യാനിക്കുന്നു. എല്ലാ ദേശങ്ങളും ദൈവത്തെ അറിഞ്ഞു. പക്ഷെ യഹൂദരൊഴികെ എല്ലാവരും വിഡ്ഢികളായി മാറി എന്ന് പൗലോസ് കരുതുന്നു. അവരുടെ ദൈവിക അറിവിന്റെ ആരംഭത്തിന്റെ വ്യക്തമായ സൂചനയായി ഈ ബലിപീഠത്തെ കാണുന്നു. ആഥന്‍ സും ജറുസലേമുമായി എന്തു ബന്ധമെന്ന് തെര്‍ത്തുല്യന്‍ ചോദിച്ചതിന്റെ മറുപടിയാണ് പൗലോസിന്റെ പ്രസംഗം.
പൗലോസ് ആ നാട്ടുകാരെ ഉദ്ധരിക്കുന്ന പ്രസംഗത്തില്‍ നാം "അവിടുന്നില്‍ ജീവിക്കുന്നു, ചരിക്കുന്നു, നിലനില്‍ക്കുന്നു" എന്ന പൗലോസിന്റെ പ്ര യോഗം പിത്തഗോറസിന്റെയാ ണ്. അതുതന്നെ പ്ലേറ്റോയും എപ്പിത്തേറ്റസും പറഞ്ഞിട്ടുണ്ട്. "നാം അവിടുത്തെ സന്താനങ്ങളാണ്" എന്നു നിങ്ങളുടെ കവികള്‍ പറഞ്ഞിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. ഈ ഉദ്ധരണിയുടെ കവി ആറാത്തൂ സ് ആണ്. "മനുഷ്യന്റെ ഭാവനയും ശില്പവിദ്യയും ചേര്‍ന്ന സ്വര്‍ണ്ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്നു വിചാരിക്കരുത്." എ ന്നതു യൂറിപിഡിസിന്റെ വാക്കുകളാണ്, അതുസ്വേനോയും പറഞ്ഞിട്ടുണ്ട്.
ആഥന്‍സുകാരുടെ മതപര വും കാവ്യാത്മകതയും താത്വികവുമായ പദപ്രയോഗങ്ങളും വ്യക്തികളെയും പൗലോസ് ഉദ്ധരിക്കുന്നു. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പൗലോസ് അവരുടെ പുരാണ വിശ്വാസത്തെ സൂചിപ്പിക്കുകയും അവരുടെ വിശ്വാസത്തിന്റെ ആരംഭ അടിസ്ഥാനമായി അതു അംഗീകരിക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിന്റെ കാര്യത്തിലാണ് പൗലോസിന്റെ പ്രസംഗം അസ്വീകാര്യമായി മാറിയത്.
അഞ്ചാം നൂറ്റാണ്ടിലെ സന്യാസി അരെയോപാഗസ്സിലെ ഡയനീഷ്യസിന്റെ തൂലികാനാമത്തില്‍ എഴുതുമ്പോള്‍ അവിടെ നെയോ-പ്ലെറ്റോണിക് അക്കാദമിയുണ്ട്. അതിന്റെ മുഖ്യ താത്വികന്‍ പ്രൊക്കുളസ് ആയിരുന്നു. അദ്ദേഹം പ്ലേറ്റോയുടെ വ്യാഖ്യാതാവായിരുന്നു. ഈ സിറിയന്‍ സന്ന്യാസി സുറിയാനി സംസ്‌കാരത്തില്‍ പൗലോസിനെ അനുകരിച്ച ക്രൈസ്തവനും നെയോ-പ്ലെറ്റോണിക് ചിന്തകനുമായിരുന്നു. ബല്‍ത്താസ്സര്‍ എഴുതി: 'ഡയനീഷ്യസ് ഒന്നും കടമെടുത്തിട്ടില്ല, കാരണം അതിന്റെ ഉടമസ്ഥന്‍ തന്നെ കടമെടുത്തതു തിരിച്ചുകൊടുക്കുകയായിരുന്നു.' പൗലോസിനെ അനുകരിച്ച ഈ അജ്ഞാത എഴുത്തുകാരന്‍ പേഗന്‍ തത്ത്വജ്ഞാനത്തെ ക്രിസ്തുവിലുള്ള വെളിപാടുമായി ബന്ധിക്കുകയായിരുന്നു. ക്രിസ്തുവിനെ സ്വീകരിക്കുമ്പോള്‍ പ്ലേറ്റോയെയും പ്രൊക്കുളസിനെയും ഉപേക്ഷിക്കേണ്ടതില്ല എന്നു വ്യക്തം. ഗ്രീക്കു തത്ത്വചിന്ത ദൈവികത അറിയുന്നതില്‍ ശരിയായ പാതയിലായിരുന്നു എന്നതാണ് പ്രധാനം. ഗ്രീക്കു ചിന്തയില്‍ പ്രത്യേകിച്ചും നെയോ പ്ലെറ്റോണിക് ചിന്തയില്‍ ദൈവം എല്ലാത്തരം പറച്ചിലിനും എല്ലാ നിഷേധങ്ങള്‍ക്കും അതീതനുമാണ്. "ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നു" (ഗല. 2:20) എന്ന പൗലോസിന്റെ വാക്കുകള്‍ നിഷേധത്തിന്റെയുമാണ്. ലോകത്തിലുള്ള എല്ലാം ദൈവത്തില്‍ നിഷേധിക്കുന്നു. ഇതു ദൈവകാര്യത്തില്‍ മാത്രമല്ല, മനുഷ്യന്റെ കാര്യത്തിലും. അഗാധമായ ഇരുട്ടില്‍ മനുഷ്യനെ അറിയുന്നതു ദൈവത്തെ അറിയലാണ്. ക്രിസ്തുവില്‍ ജീവിക്കുമ്പോള്‍ സ്വന്തം അഹം ഇല്ലാതാകുന്നു. പക്ഷെ, സുബോധം പോയിട്ടില്ല. ബോധത്തില്‍ പോളുമില്ല സാവൂളുമില്ല. അത് എന്നാല്‍ വേറെ ആരുമല്ല. ബാക്കി ആരുണ്ട്? പേരില്ലാത്തവന്‍. നിര്‍ഗുണ ബ്രഹ്മത്തിന്റെ മതസംസ്‌കാരത്തിലാണ് നാം. ഈ നാടിന്റെ സംസ്‌കാരം മനസ്സിലാക്കി അതില്‍നിന്നു ക്രിസ്തുവിനെ പ്രഘോഷിക്കാത്തവന്‍ മതമണ്ഡലത്തിലല്ല. ക്രിസ്തുവിലാണ് അതിന്റെ അടിസ്ഥാനങ്ങള്‍ എന്ന് അറിയുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org