Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> സൃഷ്ടിയുടെ മനോഹാരിത നമ്മളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നു

സൃഷ്ടിയുടെ മനോഹാരിത നമ്മളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നു

ഡോ. കൊച്ചുറാണി ജോസഫ്

വളരെ വിസ്മയകരമായ രീതിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഴിഞ്ഞ ബുധനാഴ്ചയിലെ വിശ്വാസികളുടെ സമൂഹത്തിന്‍റെ കൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍ കടന്നുപോയത്. കാരണം ഇത്തവണ സന്ദര്‍ശകരില്‍ റോണി റോളര്‍ സര്‍ക്കസിലെ അംഗങ്ങളും ഉണ്ടായിരുന്നു. കായികാഭ്യാസപ്രകടനക്കാര്‍, നര്‍ത്തകര്‍, സര്‍ക്കസുകാര്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവരുടെ തകര്‍പ്പന്‍ കലാപ്രകടനങ്ങളും അഭ്യാസങ്ങളും മാര്‍പാപ്പ വളരെയധികം ആസ്വദിച്ചു. അഭ്യാസികള്‍ വായില്‍നിന്ന് തീപന്തം സൃഷ്ടിക്കുന്നതുപോലുള്ള നിരവധി പ്രകടനങ്ങള്‍ കണ്ട് ആ കലാകാരന്മാരെ പാപ്പ ഏറെ പ്രശംസിച്ചു.
നിങ്ങള്‍ വളരെ സുന്ദരമായി കാര്യങ്ങള്‍ ചെയ്യുന്നു. സൃഷ്ടിയുടെ ഈ മനോഹാരിത നിങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നു. കാരണം ഏതൊരു സൃഷ്ടിയും ദൈവത്തിന്‍റെ സമ്മാനമാണ്. അത് ദൈവത്തിന്‍റെ സ്നേഹപൂര്‍വമായ പദ്ധതിയിലൂടെ വെളിപ്പെടുത്തപ്പെടുന്നതാണ്. നമ്മുടെ സന്തോഷത്തിനുവേണ്ടി മാത്രം കഴിവുകള്‍ കൈവശം വക്കുകയും ഉപയോഗിക്കുകയും ചെയ്യരുത്. സൃഷ്ടിയിലുള്ള ആന്തരികമായ ഭാവം പ്രത്യാശാഭരിതവും പരോന്മുഖവുമാവണം. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ നമ്മള്‍ സ്വയം കേന്ദ്രീകൃതമാവുമ്പോള്‍ പാപം ചെയ്യുകയും ദൈവവുമായുള്ള കൂട്ടായ്മ ഭേദിക്കുകയുമാണ് ചെയ്യുന്നത്. അപ്പോള്‍ മനുഷ്യപ്രകൃതിയുടെയും സൃഷ്ടിയുടേയും മൗലികമായ സൗന്ദര്യം കളങ്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് റോമില്‍ താമസിക്കുന്ന നാളുകളില്‍ അവിടെയുള്ള ദരിദ്രര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കുമായി കലാപ്രകടനം കാഴ്ചവയ്ക്കണമെന്നും പാപ്പ കലാകാരന്മാരോട് ആഹ്വാനം ചെയ്തു.
പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് എഴുതിയ ലേഖനം എട്ടാമദ്ധ്യായത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള മതബോധനം പാപ്പ തുടര്‍ന്നത്. സൃഷ്ടപ്രപഞ്ചം മുഴുവന്‍ ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി മാനവരാശിക്കുള്ള ദൈവത്തിന്‍റെ സമ്മാനവും പാപം സൃഷ്ടിയെ മലിനമാക്കലുമാണെന്ന് പൗലോസ്ശ്ലീഹാ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. സൃഷ്ടി നമ്മുടെ കരങ്ങളിലേക്ക് ദൈവം ഏല്‍പിച്ചതാണ്. പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തില്‍ ദൈവത്തോടുള്ള ബന്ധത്തില്‍ വളരുവാനും അവന്‍റെ സ്നേഹത്തിന്‍റെ മുദ്ര തിരിച്ചറിയുവാനും ഫലദായകമായ ഈ സൃഷ്ടികര്‍മത്തില്‍ അനുദിനം പങ്കുചേരുവാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിന്‍റെ അപരിമേയമായ സ്നേഹം പ്രകടിപ്പിക്കുന്നതിനു പകരം സൃഷ്ടി പലപ്പോഴും അഹങ്കാരത്തിന്‍റെ ക്ഷ തങ്ങള്‍ വഹിക്കുന്നു. എന്നാലും ദൈവം നമ്മളെ ഉപേക്ഷിക്കുന്നി ല്ല. സ്വാതന്ത്ര്യത്തിന്‍റെയും രക്ഷയുടേയും പുതിയ ചക്രവാളങ്ങള്‍ നല്‍കുന്നു.
ബൈബിള്‍ ആരംഭിക്കുന്നതുതന്നെ സൃഷ്ടികര്‍മം ചെയ്യുന്ന ദൈവത്തെ അവതരിപ്പിച്ചുകൊണ്ടാണ്. തന്‍റെ പ്രവൃത്തി മനോഹരമാണെന്നും ദൈവം വിലയിരുത്തുന്നു. മനുഷ്യന്‍റെ നിര്‍മൃതിയിലും അതിമനോഹാരിത ദൈവം ദര്‍ശിക്കുന്നു. പുതിയ ആകാശവും ഭൂമിയും നിര്‍മിക്കുന്നതിനെ വെളിപാടുപുസ്തകവും ഓര്‍മിപ്പിക്കുന്നു. നമ്മളുടെ പ്രവൃത്തികള്‍ ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തിലുള്ള പങ്കുചേരലാണ്. അതുകൊണ്ട് ഓരോ പ്രവൃത്തിയും അതിമനോഹരമാക്കണം. വി. ഐറേനിയോസ് പ്രസ്താവിക്കുന്നതുപോലെ സമ്പൂര്‍ണമനുഷ്യനിലാണ് ദൈവത്തിന്‍റെ മഹത്ത്വം കുടികൊള്ളുന്നത്. ലോകത്തില്‍നിന്ന് ഒളിച്ചോടുകയല്ല, ലോകത്തില്‍തന്നെ ഉത്ഥിതനായ ക്രിസ്തുവില്‍ ജീവിതത്തെ വായിക്കുവാനും ലോകത്തെ കൂടുതല്‍ മനോഹരമാക്കാനും പാപ്പായിലൂടെ ദൈവം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു.

Leave a Comment

*
*