കല്‍ഭരണികള്‍

കല്‍ഭരണികള്‍

ഫാ. അജോ രാമച്ചനാട്ട്

കാനായും കല്‍ഭരണികളും സമ്മാനിക്കുന്നത് എത്ര ധ്യാനിച്ചാലും മതിവരാത്ത മനോഹരമായ ഒരു വായന തന്നെ.
ആ ആറ് കല്‍ഭരണികളെ ഒന്ന് പുനര്‍വായിക്കുകയാണ്.
ആറ് = അഞ്ച് + ഒന്ന്, ആണ ല്ലോ.
മുറ്റത്ത് നിരന്നിരിക്കുന്ന കല്‍ഭരണികള്‍ എന്താണെന്നോ?
എന്റെ അഞ്ച് ഇന്ദ്രിയങ്ങളും ആറാമത്തേത് എന്റെ മനസ്സും.
ദേ, ആ കല്യാണവീട്.
സീന്‍ അല്പം dark ആണല്ലോ അവിടെ.
വീഞ്ഞ് തീരുകയാണെന്ന് എവിടെ നിന്നോ അടക്കം പറച്ചിലുകള്‍..
നോക്കൂ, വീഞ്ഞ് എന്നത് പഴയനിയമത്തിന്റെ കണ്ണില്‍ വെറും ഒരു പാനീയമല്ല!
വീഞ്ഞ് ഒരു അടയാളമാണ്. പഴയനിയമത്തില്‍ വീഞ്ഞ് അഞ്ച് കാര്യങ്ങളുടെ പ്രതീകമാണ്. എന്തൊക്കെയാണെന്നോ?
1) സന്തോഷത്തിന്റെ,
2) സമാധാനത്തിന്റെ,
3) ഐശ്വര്യത്തിന്റെ,
4) യുദ്ധവിജയത്തിന്റെ,
5) ദൈവസാന്നിധ്യത്തിന്റെ.
ഇവയില്‍ ഏതൊന്നിലും വീഞ്ഞ് ഒഴിച്ചുകൂടാനാകാത്തതായി മാറുകയാണ്.
കൊറോണക്കാലം. നാളുകളായി നമ്മെ വേട്ടയാടുന്ന സാമ്പത്തിക പ്രതിസന്ധി. കടബാധ്യതകള്‍. അസ്വസ്ഥമായ രാഷ്ട്രീയ സാഹചര്യങ്ങള്‍….
വീട്ടിലെ, ബന്ധങ്ങളിലെ, ജോലിസ്ഥലത്തെ ഒക്കെ സന്തോഷം കെട്ടു തുടങ്ങുന്നുവെന്നാണ് പരാതി.
അതൃപ്തി പരന്നുതുടങ്ങുന്നുവെന്നാണ് സങ്കടം.

ജീവിതം അസ്വസ്ഥമാകുമ്പോള്‍ നിന്റെ വെറും ദുര്‍ബലമായ പച്ച മനുഷ്യത്വവുമായി ക്രിസ്തുവിന്റെ മുന്‍പിലേക്ക് നീങ്ങി നില്ക്കണം, തൊടാന്‍ അനുവദിക്കണം.


പരിഹാരം ഒന്നേയുള്ളൂവെന്ന് പരി. മറിയം മൊഴിയുന്നുണ്ട്.
കല്‍ഭരണികളെ (ഇന്ദ്രിയങ്ങളെ) ക്രിസ്തുവിന്റെ മുന്‍പില്‍ നിരത്തിവയ്ക്കുക, അത്രതന്നെ. എന്റെ ചങ്ങാതീ, ഈ പച്ചവെള്ളം അല്ലാതെ മറ്റെന്തുള്ളൂ നമ്മുടെ കൈകളില്‍? പച്ചവെള്ളം എന്തെന്നോ?
പച്ചവെള്ളം എന്റെയും നിന്റെയും ദുര്‍ബലതകള്‍ തന്നെയാണ് എന്റെ മാനുഷികമായ പരിമിതികളും വീഴ്ചകളും തന്നെ.
ക്രിസ്തു തൊടുന്നത് എന്റെ ഇന്ദ്രിയങ്ങളെയാണ്, എന്റെ മനസ്സിനെയാണ്.
പിന്നെ, മധുരമാണ് സുഹൃത്തേ.
ആറ് കല്‍ഭരണികളിലും വാക്കിലും, കേള്‍പ്പിലും, നോട്ടത്തിലും, സാന്നിധ്യത്തിലും, ചിന്തയിലുമെല്ലാം മധുരം കൊണ്ടു നടക്കുന്നവരായി നമ്മള്‍ രൂപാന്തരപ്പെടുകയാണ്!
ജീവിതം അസ്വസ്ഥമാകുമ്പോള്‍ നിന്റെ വെറും ദുര്‍ബലമായ പച്ച മനുഷ്യത്വവുമായി ക്രിസ്തുവിന്റെ മുന്‍പിലേക്ക് നീങ്ങി നില്ക്കണം, തൊടാന്‍ അനുവദിക്കണം.
ആ യൂദബാലന്റെ കയ്യിലെ ചോറ്റുപാത്രത്തിലെ അഞ്ചപ്പത്തെ ക്രിസ്തു തൊട്ടപ്പോള്‍ പിന്നെ അവിടെ നടന്നത് ഊട്ട് പെരുന്നാള്‍ ആയിരുന്നില്ലേ?
ചില ഉത്സവങ്ങള്‍ക്ക് കൊടിയേറാനുണ്ട് !
തെല്ലും ഭംഗിയില്ലാത്ത എന്റെ കല്‍ഭരണികള്‍ക്ക് ഒന്ന് തല ഉയര്‍ത്തി നില്‍ക്കാനുണ്ട്!
അവന്‍ ഒന്ന് വന്നോട്ടെ..
മധുരമാകുമെല്ലാം !
സ്‌നേഹപൂര്‍വം….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org