Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> സുവിശേഷത്തില്‍ തകിടു വയ്ക്കണമോ?

സുവിശേഷത്തില്‍ തകിടു വയ്ക്കണമോ?

ഫാ. ജോഷി മയ്യാറ്റില്‍

വര്‍ഷങ്ങളായി ഫലപ്രദമായി സംഘടിപ്പിക്കപ്പെടുന്ന കണ്‍വെന്‍ഷന്‍ ഇക്കുറിയും സുന്ദരമായി നടന്നു. ഈ വര്‍ഷം പങ്കെടുത്തവരുടെ എണ്ണം റിക്കാര്‍ഡായിരുന്നെന്നു സംഘാടകര്‍. കേരളത്തിലെ പ്രമുഖ വചനപ്രഘോഷകര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്‍റെ സുവിശേഷമായ യേശു ക്രിസ്തു പ്രഘോഷിക്കപ്പെട്ടു. ഏറെപ്പേരുടെ വിശ്വാസജീവിതം ശക്തിപ്പെട്ടു. അനേകര്‍ക്കു ജീവിതത്തില്‍ പ്രത്യാശ ലഭിച്ചു. ഒത്തിരി കുടുംബങ്ങള്‍ സമാധാനപാതയിലായി. രോഗസൗഖ്യം ലഭിച്ചവരും നിരവധിയാണ്.
ഇതിനിടയില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഏതാനും അമ്മച്ചിമാരോടു സംസാരിക്കാനിടയായി. അവരുടെ മനസ്സില്‍ തങ്ങിയ പ്രഘോഷണത്തെക്കുറിച്ച് ഞാന്‍ അവരോടു ചോദിച്ചു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവരൊന്നടങ്കം പറഞ്ഞത് ഒരു തകിടുകാര്യമായിരുന്നു! സുന്ദരമായ വചനപ്രഘോഷണത്തിനിടയില്‍ ധ്യാനഗുരു സൂചിപ്പിച്ച ചില തകിടുകള്‍! അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ പോയ ചില കുടുംബങ്ങളിലെ തകര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും അശാന്തിക്കും കാരണം ദുര്‍മന്ത്രവാദത്തകിടുകള്‍ ഉള്ളില്‍ത്തിരുകി ബിസിനസ്സ് പങ്കാളികള്‍ സമ്മാനിച്ച തിരുസ്വരൂപങ്ങളായിരുന്നെന്നും അവ മാറ്റിക്കളഞ്ഞതോടെ എല്ലാത്തിനും പരിഹാരമായെന്നും പ്രഘോഷണത്തിനിടെ ആനുഷംഗികമായി പറയുകയായിരുന്നു അദ്ദേഹം. പക്ഷേ, ഞാന്‍ കണ്ട അമ്മച്ചിമാരുടെ മനസ്സില്‍ ആ തകിട് വല്ലാതെ സ്ഥാനം പിടിച്ചുപോയി. തുടര്‍ന്ന്, ഞാന്‍ ധ്യാനഗുരുവിന്‍റെ മറ്റു ചില യുട്യൂബ് പ്രഘോഷണങ്ങള്‍ കേട്ടപ്പോഴും തകിടു വീണ്ടും വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു.
സുവിശേഷപ്രഘോഷണത്തിനിടയിലെ ഇത്തരം തകിടുപരാമര്‍ശങ്ങള്‍ ക്രിസ്തുവിനും സഭയ്ക്കും ഗുണകരമാകുമോ എന്ന് ധ്യാനഗുരുക്കന്മാര്‍ ആത്മാര്‍ത്ഥമായി ആത്മവിമര്‍ശനം നടത്തുന്നതു നന്നായിരിക്കും. പിശാചിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതു രീതിയിലുമുണ്ടാകാം. ദൈവത്തെ മറന്ന് പിശാചിന്‍റെ കുതന്ത്രങ്ങള്‍ക്കു തലവച്ചുകൊടുക്കുന്നവര്‍ക്ക് എന്തും ഏതും ദ്രോഹകരമായി ഭവിക്കുകയും ചെയ്യാം. എന്നാല്‍, ഇത്തരം സ ന്ദര്‍ഭങ്ങളില്‍ “യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ല; ഇസ്രായേലിനു ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല” (സംഖ്യ 23:23) എന്ന തിരുവചനമല്ലേ യഥാര്‍ത്ഥത്തില്‍ പ്രഘോഷിക്കപ്പെടേണ്ടത്? ഉത്ഥിതനായ യേശുക്രിസ്തു തിന്മയുടെ സകലശക്തികളുടെയുംമേല്‍ ആധിപത്യം നേടിയിരിക്കുന്നെന്നും ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നാമും അവിടത്തെ വിജയത്തില്‍ പങ്കാളികളായിരിക്കുന്നെന്നുമല്ലേ പഠിപ്പിക്കേണ്ടത്? ദൈവത്തിന്‍റെ പ്രിയജനമായി നിലനിന്ന് അവിടത്തെ സംരക്ഷണത്തിന്‍കീഴില്‍ വലിയ സ്വാതന്ത്ര്യത്തിലും ആനന്ദത്തിലും വളരാനും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഭാവാത്മകമായ ജീവിതനിലപാടുകള്‍ സ്വീകരിക്കാനും പ്രേഷിതതീക്ഷ്ണതയാല്‍ ജ്വലിക്കുന്ന സാക്ഷികളായി മാറാനുമുള്ള പരിശീലനമല്ലേ വിശ്വാസീസമൂഹത്തിനു ലഭിക്കേണ്ടത്?
തകിടുദുര്‍വിശേഷങ്ങള്‍ അനേകരെ അന്ധവിശ്വാസങ്ങളിലേക്കു നയിക്കും എന്നു പ്രത്യേകം പറയേണ്ടതില്ല. അവ ഭയത്തിന്‍റെയും സംശയത്തിന്‍റെയും ഉത്തരവാദിത്തനിരാസത്തിന്‍റെയും കുറ്റപ്പെടുത്തലിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കും എന്ന കാര്യത്തിലും ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെയാണ് സഭ ഇത്തരം പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരുന്നത്. എത്ര വൈദികരാണ് ഇതേ വിഷയത്തില്‍ സഭാനടപടികള്‍ക്കു വിധേയരായിത്തീര്‍ന്നത്. ചില വൈദികര്‍ക്ക് അത്തരം ചില സുവിദിതമായ കേസുകളില്‍ ഇടപെടാന്‍ സഭാധികാരികള്‍ അനുവാദം നല്കിയിരുന്നതുപോലും കര്‍ശനമായ നിഷ്കര്‍ഷകളോടുകൂടെയായിരുന്നു.
പിശാചുബാധയൊഴിപ്പിക്കല്‍ സഭയില്‍ തുടക്കംമുതല്ക്കേ ഉള്ളതാണ്. അതു വ്യക്തികളുടെ ബാധയാണെന്നതു പ്രത്യേകം ശ്രദ്ധിക്കണം. വസ്തുക്കളില്‍നിന്നും പിശാചിനെ ഒഴിപ്പിക്കുന്ന ഏര്‍പ്പാടായി വെഞ്ചിരിപ്പുകര്‍മത്തെക്കുറിച്ചു ചിലരെല്ലാം ധരിച്ചുവശായിട്ടുണ്ടെന്നതു സത്യമാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അത് ദൈവത്തിനായി പ്രത്യേകം വേര്‍തിരിക്കപ്പെടുന്നതിന്‍റെ പ്രത്യക്ഷ അടയാളംമാത്രമാണ്. ഓരോ വെഞ്ചിരിപ്പും മാമ്മോദീസായുടെ അനുസ്മരണമാണ്. എന്തിലും ഏതിലും പിശാചിനെ കാണുന്ന പ്രവണത സഭാത്മകമല്ല.
പ്രബോധനമേഖലയില്‍ എന്നും സഭാനേതൃത്വം നിസ്തന്ദ്രമായ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. സഭയുടെ പാരമ്പര്യത്തിലില്ലാത്ത പ്രബോധനങ്ങളുമായി ആരിറങ്ങിയാലും, അത് മഹാദ്ഭുതങ്ങളുടെ അകമ്പടിയോടു കൂടെയായാല്‍പോലും, ഇടപെടാന്‍ ആര്‍ജവമുള്ള ഒരു സഭാനേതൃത്വം നമുക്കുണ്ട്. കുറെനാളുകള്‍ക്കുമുമ്പ് ചില ധ്യാനഗുരുക്കന്മാര്‍ പൂര്‍വികന്മാരുടെ ശാപദുര്‍വിശേഷത്തിന്‍റെ വക്താക്കളാകാന്‍ തുടങ്ങിയപ്പോള്‍ സഭാനേതൃത്വം കൃത്യമായി ഇടപെട്ട് വലിയ വിശ്വാസവ്യതിചലനം ഒഴിവാക്കി. സ്പിരിറ്റ് ഇന്‍ ജീസസ്, എമ്പറര്‍ ഇമ്മാനുവല്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അപഭ്രംശം ചൂണ്ടിക്കാട്ടി വിശ്വാസികള്‍ക്കു മാര്‍ഗനിര്‍ദേശം നല്കാനും ഔദ്യോഗികസഭ രംഗത്തിറങ്ങിയത് ഏവരുടെയും മനസ്സിലുണ്ട്. വിശ്വാസസംശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏവരും, പ്രത്യകിച്ച് ധ്യാനഗുരുക്കന്മാര്‍, ജാഗ്രതപുലര്‍ത്തണം.

Leave a Comment

*
*