സ്വപ്നങ്ങളുടെ പള്ളിക്കൂടം

സ്വപ്നങ്ങളുടെ പള്ളിക്കൂടം

മരിക്കാതിരിക്കാന്‍ ഏതു സ്കൂളില്‍ പോകണം? അതിന് അടുത്തുള്ള സ്കൂള്‍ ഏത്? മരിച്ചവരുടെ സ്കൂളിനു സാമ്യമുള്ളതാണ് അത്. അതാണല്ലോ സ്വപ്നങ്ങളുടെ പള്ളിക്കൂടം. യാത്ര ചെയ്ത് എത്തേണ്ടത് ഇവിടെയാണ്. അതൊരിക്കിലും ബലം പ്രയോഗിച്ചു സ്വന്തമാക്കാനാവില്ല; അതു പണം കൊടുത്തു വാങ്ങാനും പറ്റില്ല.
കുട്ടിക്കാലത്തെ വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും പ്രധാന സങ്കേതമാണു പള്ളിക്കൂടം. അതിലേക്കു പ്രവേശിക്കാന്‍ ഒരു വാതിലുണ്ട് – പുസ്തകം. അതു മറ്റൊരാളുടെ സ്വപ്നമാണല്ലോ. അതു സ്വപ്നവുമായി നമ്മെ കാത്തിരിക്കുന്നു. അപ്പോള്‍ വായനതന്നെ സ്വപ്നം കാണലാണ്. കാവ്യാത്മകമായ എല്ലാ നടപടികളും ഈ പള്ളിക്കൂടത്തിലെ പാഠങ്ങളാണ്.

സ്വപ്നത്തിന്‍റെ പള്ളിക്കൂടത്തില്‍ പോകാന്‍ രാത്രിവരെ നടക്കണം. വെറും ഇരുട്ടിന്‍റെ രാത്രിയല്ല, എന്‍റെ ഉറക്കത്തിന്‍റെ രാത്രി. എന്‍റെ അഹത്തിലൂടെ നടന്നുവേണം അങ്ങോട്ടെത്താന്‍. നഷ്ടപ്പെട്ട പറുദീസ വീണ്ടെടുക്കാത്തത് അലസതയും അസഹിഷ്ണുതയും മൂലമാണ്. പറുദീസ വീണ്ടെടുക്കാന്‍ വേരുകളുടെ സ്കൂളിലൂടെ കടന്നുപോകണം. അതു സെമിത്തേരിയിലൂടെയുള്ള വഴിയിലൂടെയാണ്. അതു ജീവിതത്തിന്‍റെ അതിര്‍ത്തിയില്‍ ചെന്നെത്തുകയാണ്. മനുഷ്യനാകാന്‍ ലോകത്തിന്‍റെ അതിരും അന്ത്യവും അനുഭവിക്കേണ്ടി വരുന്നു. ഇതു വല്ലാത്ത രാത്രിയാണ്. പക്ഷേ, രാത്രിയില്‍ എത്തിയാല്‍ പോരാ അതിഭൗതിക എട്ടുകാലി കടിക്കേണ്ടിവരും. അതിന്‍റെ ഫലമായി ഉണ്ടാകുന്ന ഉറക്കപ്പിച്ചും പേബാധയുമുണ്ടോ, ഇല്ല. അതിന്‍റെ മയക്കം, തളര്‍ച്ച, ക്ഷീണം. അപ്പോഴാണു നന്മതിന്മകളുടെ വൃക്ഷച്ചുവട്ടിലാകുന്നത്; അപകടകരമായി സത്യത്തെ സമീപിക്കുന്നു.

അപ്പോഴാണ് അബോധത്തിന്‍റെ പുസ്തകം തുറക്കുന്നത്. അവിടെ ആകാശത്തിനും ഭൂമിക്കുമിടയില്‍ കോവണി – മാലാഖമാര്‍ കയറുകയും ഇറങ്ങുകയും. ചിന്തിക്കാതെ നടന്നെത്തിയത് എന്നിലെ വിദേശത്താണ്. എനിക്കു ഞാന്‍ നഷ്ടപ്പെടുന്ന ലോകം. തലമുറകളുടെ കോവണിയിലൂടെ രഹസ്യങ്ങളെ സ്വപ്നങ്ങളുടെ ഉദ്യാനത്തില്‍ പ്രവേശിക്കുന്നു. അപ്പോള്‍ സ്വപ്നക്കാരന്‍ മാത്രമേയുളളൂ – ഞാന്‍ ഇല്ല. എന്‍റെ അസ്തിത്വം മാഞ്ഞുപോയി. സ്വപ്നാടകന്‍ ഉണര്‍ന്നു. അതു പ്രവാചകന്‍റെ ഉണര്‍വാണ്. ദൈവം ഇവിടെയാണ്. സ്വപ്നത്തിനുള്ളില്‍ ബോധത്തിന്‍റെ വീടു കാണിച്ചു വിദേശത്തായിരിക്കുന്നവന്‍ എഴുതാന്‍ തുടങ്ങുന്നു. പ്രവാചകന്‍റെ പുസ്തകം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org