പൊറുതി


ബോബി ജോസ് കട്ടികാട്

കുരിശിലെ ഏഴു മൊഴികളുടെ സാരാംശത്തെ ഏഴുവാരം നീളുന്ന നോമ്പില്‍ ധ്യാനവിഷയമാക്കുന്ന രീതിയുണ്ട്. ഓരോ വാരത്തിലും ഓരോരോ വിചാരത്തെ കേന്ദ്രമാക്കി ചിന്തയുടേയും പ്രാര്‍ത്ഥനയുടേയും അനുദിനജീവിതത്തിന്‍റേയും ഭ്രമണപഥങ്ങളെ ഏകാഗ്രമാക്കിയാല്‍ അവനോടൊപ്പം ഉയിര്‍ക്കുവാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്.

മാപ്പില്‍നിന്നു തന്നെ ആരംഭിക്കുക. 'പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു പൊറുക്കേണമേ.' ബലി ആരംഭിക്കുവാന്‍ പോവുകയാണ്. ഒരാളോടു പോലും അനിഷ്ടമോ കയ്പ്പോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഏതൊരു അര്‍പ്പണത്തിനും ശത്രു ഇല്ലാതിരിക്കുക എന്നതാണ് പ്രധാനം. എവിടെയോ ഒരാള്‍ നിങ്ങള്‍ക്കെതിരാണെന്നുള്ള തോന്നല്‍ പോലും ജീവിതത്തിന്‍റെ അഭംഗികളെ ത്വരിതപ്പെടുത്തും. അതുകൊണ്ടാണ് 'എല്ലാത്തിനോടും നിരപ്പിലാകുക, അതിനുശേഷം ബലിയര്‍പ്പിക്കുക' എന്നൊക്കെ അവിടുന്ന് അനുശാസിച്ചത്.

ഗാന്ധി ഹിറ്റ്ലറിനെഴുതിയ കത്തുണ്ട്. അഹിംസയുടെ ഇങ്ങേച്ചെരുവില്‍ നിന്ന് ഹിംസയുടെ അങ്ങേയറ്റത്തെ ചെരുവിലേക്കു പോയ ആ ദൂത് "Dear Friend' എന്ന സംബോധനയിലാണ് ആരംഭിക്കുന്നത്. അലങ്കാരത്തിന്‍റെ ഭാഗമായോ, ശീലംകൊണ്ടോ ആയിരുന്നില്ല അത്. "That I address you as a friend is no formality. I own no foes.' ഗാന്ധിക്ക് അതൊരു വ്രതമായിരുന്നു – നിഘണ്ടുവില്‍ 'ശത്രു' എന്ന പദം ഇല്ലാതിരിക്കുക. ഒരു ശത്രു ഉണ്ടായിരിക്കുക എന്നാല്‍ ഏകാഗ്രതയും സമഗ്രതയും ഇല്ലാതിരിക്കുക എന്നതല്ലാതെ വേറെ അര്‍ത്ഥമൊന്നുമില്ല.

ഇതിലും പഴക്കമുള്ള ഒരു ഓര്‍മ്മയുണ്ട്. ഗത്സമന്‍ തോട്ടത്തിലേക്ക് – ഒലിവുചക്ക് എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം, അവിടെയാണ് തിരികല്ലിലെന്ന പോലെ യേശുവിന്‍റെ പ്രാണന്‍ നുറുങ്ങിയത് – പട്ടാളക്കാരുമായി എത്തിയ ഒറ്റുകാരനെ യേശു വിളിച്ചതും അങ്ങനെയായിരുന്നു: 'സ്നേഹിതാ!' എന്തൊരു മുഴക്കമാണ് ആ വിളിക്ക്.

ഹജ്ജിനു പോകും മുന്‍പ് തീര്‍ത്ഥാടകര്‍ ഓര്‍മ്മയിലെത്തുന്ന എല്ലാ അകല്‍ച്ചകള്‍ക്കും പൊറുതിയും നിരപ്പും തേടി അലയുന്നതു കണ്ടിട്ടില്ലേ? വലിയ നോമ്പ് ആരംഭിക്കുന്നതിനു മുന്‍പ് കിഴക്കന്‍ സഭകള്‍ ശുബ്ക്കോനോ -Day of Forgiveness- ആചരിക്കുന്നു. ഒക്കെ, ആരും എതിരല്ലെന്നും ആര്‍ക്കും എതിരല്ലെന്നും അവനവനോടു തന്നെ സാക്ഷ്യപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്. ശത്രു ഒരു അപകടം പിടിച്ച കളിയാണ്. അതൊരാളെ എത്രമാത്രം വള്‍നറബിള്‍ ആക്കും; അതൊരു തോന്നലോ സൂചനയോ ആണെങ്കില്‍പ്പോലും. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടാകണമെന്നു തന്നെയില്ല.

അവിടെയാണ് കൂടോത്രമെന്ന നാടന്‍കലയുടെ പിറവി. 'കൂടെയുള്ളവന്, മറ്റുള്ളവര്‍ക്ക് ദോഷകരമായ രീതിയില്‍ മാന്ത്രികമായ പ്രവൃത്തികള്‍ ചെയ്യുകയാണ് കൂടോത്രം' എന്ന് ശബ്ദ താരാവലി. കുറച്ച് ചെത്തിപ്പൂവു കൊണ്ടോ ഒരു കോഴിത്തല കൊണ്ടോ പന്താടാവുന്നതാണ് നിങ്ങളുടെ ജീവനെങ്കില്‍ അതെന്തൊരു കോമഡിയാണ്. എന്നിട്ടും അതുകൊണ്ട് ചില്ലറ ദോഷങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. 'എവിടെയോ ഒരു അദൃശ്യ ശത്രുവുണ്ട്. അയാള്‍ എന്‍റെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു' ആ ഒരൊറ്റ വിചാരത്തില്‍, ഡോണ്‍ കിഹോത്തയെപ്പോലെ ഇല്ലാത്ത ശത്രുവിനെതിരായി വാള്‍ ചുഴറ്റിച്ചുഴറ്റി ഒടുവില്‍ ഊര്‍ദ്ധ്വന്‍ വലിക്കുക. ശത്രു ഭാവനയില്‍പ്പോലും എത്ര ശക്തനാണ്!

ഏഴാം സ്വര്‍ഗത്തില്‍ നിന്നിറങ്ങി ഓരോ രാവിലും 'ഇനിയുമാര്‍ക്കെങ്കിലും മാപ്പു വേണോ' എന്ന് അന്വേഷിക്കുന്ന അള്ളായേക്കുറിച്ച് ഒരു സൂഫി ഗ്രന്ഥത്തിലാണ് വായിച്ചത്. അത്രമേല്‍ മോഹിപ്പിക്കുന്നുണ്ട് ആ വാക്ക്.

അമ്പതുകളുടെ ആദ്യം വെനീസില്‍ ആല്‍ക്കഹോളിക് എന്ന കാരണം കൊണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു വൈദികനുണ്ടായിരുന്നു. ഒരു ശിക്ഷയും അയാളില്‍ കാര്യമായ വ്യതിയാനം ഉണ്ടാക്കിയില്ല. അങ്ങനെയൊരു സന്ധ്യക്ക് ബാറില്‍ മിന്നിയിരിക്കുമ്പോള്‍ ആരോ വന്ന് തട്ടിവിളിച്ചു: 'പുതിയ മെത്രാന്‍ നിങ്ങളെ കാത്ത് പുറത്തുനില്‍പ്പുണ്ട്.'

കാലു വാരുകയാണെന്നോര്‍ത്ത് അനങ്ങിയില്ല. പിന്നെയും പലരും വന്നത് പറഞ്ഞു. എല്ലാവരും കൂടി ഒത്തുകളിക്കുകയാണെന്നു പറഞ്ഞ് അയാള്‍ വീണ്ടും കോപ്പയിലേക്കു മുങ്ങി. തോളില്‍ കൈ വീണപ്പോഴാണ് ഐസായത്. ശരിക്കും മെത്രാന്‍ തന്നെ – കാര്‍ഡിനല്‍ റോണ്‍കലി.

പുറത്തേക്കു വരാന്‍ പറഞ്ഞു. തല കുനിച്ച് പിന്നാലെ നടക്കുമ്പോള്‍ പണി പാളിയെന്നുതന്നെ കരുതി. ആകെ മുങ്ങിയാല്‍ കുളിരൊന്ന്. മേടയിലേക്ക് അയാളെ കൂട്ടി കസേര നീക്കി ഇരിക്കാന്‍ പറഞ്ഞു. പിന്നെ മുട്ടിന്മേല്‍ നിന്ന് തന്‍റെ കുമ്പസാരം കേള്‍ക്കാന്‍ ദയവുണ്ടാകുമോയെന്നു ചോദിച്ചു.

'എന്‍റെ പിഴ, എന്‍റെ പിഴ!' നെഞ്ചത്തടിച്ചു ചൊല്ലുന്ന ആ ജ്ഞാനവയോധികന്‍റെ മീതെ ചെറുപ്പക്കാരന്‍റെ കണ്ണീര്‍ വീണു. ആശീര്‍വാദം സ്വീകരിച്ച് എഴുന്നേറ്റപ്പോള്‍ അയാളെ തന്നോടു ചേര്‍ത്തുപിടിച്ച് അദ്ദേഹം ഇങ്ങനെ മന്ത്രിച്ചു: 'ഇതിനാണ് മകനേ ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.' നൊടിയിട കൊണ്ട് ഇങ്ങനെയൊക്കെയാണു മനുഷ്യര്‍ കുലീനരാവുന്നത്.

മനുഷ്യര്‍ക്ക് മാപ്പു കൊടുക്കുകയെന്നാല്‍ എല്ലാം ആരംഭിക്കുവാന്‍ പുതുതായി ഒരു ഊഴം കൊടുക്കുക എന്നുതന്നെ സാരം. ഒരാളെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പവഴി അയാള്‍ക്ക് മാപ്പു കൊടുത്തിട്ടില്ല എന്ന ശരീര ഭാഷ നിലനിര്‍ത്തുക തന്നെയാണ്. സാന്‍ഡോര്‍ മാറോയിയുടെ Embers ഒരു അനു ബന്ധവായനയ്ക്ക് നല്ലതാണ്. നിറയെ കുത്തിവരച്ച ചെറിയ കുട്ടികളുടെ സ്ലേറ്റു പോലെയാണ് ജീവിതം. മാപ്പിന്‍റെ മഷിത്തണ്ടു കൊണ്ട് ആരെങ്കിലുമത് തുടച്ചു കൊടുക്കാന്‍ മനസ്സു കാട്ടിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നമുക്ക് ആരംഭിക്കാന്‍ കഴിയുക.

ഉള്ളില്‍ ഒന്നുമില്ലെന്നാണ് എല്ലാവരും അവത പറയുന്നത്. താങ്കളുടെ ഉള്ളില്‍ ഒന്നുമില്ലെന്ന് എനിക്കെങ്ങനെയാണു പിടികിട്ടുന്നത്; ഒന്നു കരം നീട്ടാതെ, ആലിംഗനം ചെയ്യാതെ, ഒരു കാപ്പിക്കു ക്ഷണിക്കാതെ… Celebrate your forgiveness with signs അടയാളങ്ങള്‍കൊണ്ട് ഇനിയും ഘോഷിക്കപ്പെടേണ്ട മാപ്പ്!

വേദപുസ്തകം പറയുന്ന മാപ്പ് രണ്ടു തരത്തിലാണ്; ദൈവം നല്കുന്ന മാപ്പും നമ്മള്‍ അപരന് ഉറപ്പു വരുത്തേണ്ട മാപ്പും. അങ്ങനെയാണ് എല്ലാം resume ചെയ്യേണ്ടത്.

ങാ, ആ കാര്‍ഡിനല്‍ വലിയ മാര്‍പ്പാപ്പയൊക്കെയായി – ജോണ്‍ ഇരുപത്തി മൂന്നാമന്‍. 2014-ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ദൈവത്തേപ്പോലെ മാപ്പു വേണമോയെന്ന് അന്വേഷിച്ച് അലയുന്നവരുടെ കാലം ഇനിയും വരാനിരിക്കുന്നതേയുള്ളു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org