മോക്ഷകവാടം

മോക്ഷകവാടം

ബോബി ജോസ് കട്ടികാട്

മാപ്പ് കൊടുത്തും മാപ്പ് അഭ്യര്‍ത്ഥിച്ചുമാണ് നോമ്പിന്‍റെ പൂമുഖത്തിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുന്നത്. ബലിയുടെ മുന്നൊരുക്കമായി യേശു പഠിപ്പിച്ച ഒരേയൊരു കാര്യം അതായിരുന്നു. അനുരഞ്ജനപ്പെടലിനു ശേഷം അതാരംഭിക്കുക.

'ബോര്‍ഹെസിന്‍റെ ലെജന്‍ഡ്' എന്ന തീരെ ചെറിയ കഥ എത്രയാവര്‍ത്തി ഇതിനകം വായിച്ചിട്ടുണ്ടെന്നു ഒരു പിടുത്തവുമില്ല. സഹസ്രാബ്ദങ്ങളുടെ ഇടവേളയില്‍ കാലത്തിന്‍റെ ഏതോ ഒരു ബിന്ദുവില്‍ ആബേലും കായേനും കണ്ടുമുട്ടുകയാണ്. അവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. തീയുടെ വെട്ടത്തില്‍ ആബേലിന്‍റെ നെറ്റിത്തടത്തില്‍ നീലിച്ച പാടുണ്ട്. കല്ലുകൊണ്ടിടിച്ച പാട്.

കായേനു ഭക്ഷണമിറങ്ങുന്നില്ല. ഞാന്‍ നിന്നെ കൊന്നു. ആബേല്‍ പറഞ്ഞു. ഞാന്‍ നിന്നെ കൊന്നതാണോ നീ എന്നെ കൊന്നതാണോ? 'എനിക്കറിയില്ല.' കായേന്‍ ആശ്വാസത്തോടെ മന്ത്രിച്ചു. ഇപ്പോള്‍ എനിക്കറിയാം നീ എന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന്. മറക്കുക എന്നാല്‍ ക്ഷമിക്കുക എന്നര്‍ത്ഥം. ഇനിയാണ് മോക്ഷം. മാപ്പിന്‍റെ സുകൃതമനുഭവിക്കുന്നവരെ കാത്തിരിക്കുന്ന അനുഭൂതി. അവന്‍റെ വശങ്ങളില്‍ രണ്ടു കുറ്റവാളികളുണ്ട്. ജീവിക്കാനര്‍ഹതയില്ല എന്ന് അധികാരം വിധിച്ച മൂന്നു മനുഷ്യര്‍. ഒരാള്‍ കയ്പ്പുകൊണ്ട് കടുത്തു പോവുകയാണ്. എല്ലാത്തിനോടും അമര്‍ഷവും ക്ഷോഭവുമാണ് അയാള്‍ക്ക്. അതിനിടയില്‍ യേശുവിന്‍റെ നിസ്സഹായതയും അയാളുടെ പരിഹാസവിഷയമാവുന്നുണ്ട്. മറ്റൊരാള്‍ കുറേക്കൂടി യാഥാര്‍ത്ഥ്യബോധമുള്ള ആളാണ്. താന്‍ പതിച്ച ഹീനതയുടെ താഴ്വരയെക്കുറിച്ചു അയാള്‍ക്ക് ബോധ്യമുണ്ട്. ഏതൊരു മോക്ഷസഞ്ചാരവും വീണ്ടു വിചാരത്തിന്‍റെ കുമ്പസാരത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. അയാള്‍ അപരനെ തിരുത്തുന്നുണ്ട്. നമുക്ക് സംഭവിച്ച ദുര്യോഗങ്ങള്‍ നമ്മുടെ കര്‍മ്മഫലമാണെന്നു ഗണിച്ചാല്‍ മതി. എന്നാല്‍ അവനോ കുറ്റമില്ലാത്തവന്‍.

അതൊരു കണ്ടെത്തലാണ്. വധിക്കപ്പെടാന്‍ മാത്രം അപരാധിയെന്ന് അക്കാലം കണ്ടെത്തിയ ഗുരുവിന്‍റെ ആന്തരികതയിലേക്ക് ഒരു മിന്നല്‍നോട്ടം. ആ നിഷ്കളങ്കതയിലാണ് തന്‍റെ അധമത്വങ്ങള്‍ക്ക് അയാള്‍ ഒരു പരിഹാരം തേടുന്നത്. നിഷ്കളങ്കര്‍ക്കേ ഭൂമിയുടെ രക്ഷകരാവാനുള്ള അവകാശമുള്ളൂ.

നിന്‍റെ രാജ്യത്തു നീ എന്നെ ഓര്‍ക്കണമേ. ഒരു പ്രാര്‍ത്ഥന എത്ര ലളിതവും ഋജുവുമാകാമെന്ന തിന്‍റെ സാക്ഷ്യമാണിത്. അങ്ങ് എന്നെ ഓര്‍ക്കണമേ എന്ന് മാത്രമാണ് ഏതൊരു പ്രാര്‍ത്ഥനയുടെയും ചുരുക്കെഴുത്ത്. ഞാന്‍ നിന്നെ ഓര്‍ക്കുന്നതു പോലെ നീയുമെന്നെ ഓര്‍ക്കുമെന്ന ധൈര്യമാണ് പ്രാര്‍ത്ഥനയുടെ കാതല്‍. അമിതഭാഷണംകൊണ്ട് ശ്വാസംമുട്ടിക്കുന്ന നമ്മുടെ വര്‍ത്തമാന പ്രാര്‍ത്ഥനാ ശൈലികള്‍ക്ക് ഒരു ശാസനയാണിത്. എന്താണ് പ്രാര്‍ത്ഥന? ഓര്‍മ്മകളുണ്ടായിരിക്കണം എന്ന നിലവിളിയല്ലാതെ.

പറുദീസ ഒരു പുതിയ പദമാണ്. മുന്‍പോ പിന്‍പോ അത് വേദ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടില്ല. പേര്‍ഷ്യന്‍ പശ്ചാത്തലത്തില്‍ നിന്നാണത്. വളച്ചു കെട്ടിയ തോട്ടം എന്നാണ് അര്‍ത്ഥം. സുല്‍ത്താന് ആരോടെങ്കിലും ആഭിമുഖ്യം അനുഭവപ്പെട്ടാല്‍ അയാള്‍ക്ക് കൊടുക്കുന്ന ഒരു ബഹുമതിയാണത്. തോട്ടത്തിലേക്ക് വിളിക്കുക. കൈകോര്‍ത്തു നടക്കുക. ഒരു മരചുവട്ടിലിരുന്നു ഭക്ഷണം കഴിക്കുക. മടങ്ങിപ്പോകുന്ന അയാള്‍ക്ക് ആ ദേശക്കാര്‍ മരിക്കുവോളം വലിയ ആദരവാണ് ഉറപ്പു വരുത്തുന്നത്. ചുരുക്കത്തില്‍ ഇതാണ് പറുദീസ. ആ പ്രഭുവിന്‍റെ കൈയ്ക്ക് പിടിച്ച് ആരണ്യകത്തിലൂടെയുള്ള ജീവിത സഞ്ചാരം. ഒന്നു കൈകോര്‍ത്തു പിടിച്ചാല്‍ മതി പതുക്കെപ്പതുക്കെ കരങ്ങള്‍ മുറുകുന്നത് കാണാം.

ചുരുക്കത്തില്‍ ദൈവവുമൊത്തുള്ള സഞ്ചാരമാണ് മോക്ഷം. ഇതൊരു പരലോക അനുഭവമായി മാത്രം ധരിക്കുന്നതാണ് തെറ്റ്. ഇഹത്തിലെ അനുഭവങ്ങളുടെ നൈരന്തര്യം മാത്രമാണ് പരം. അവയോടൊപ്പം ഇന്ന് സഞ്ചരിക്കാത്തവര്‍ നാളെ മിഴി അടഞ്ഞുകഴിയുമ്പോള്‍ അവനോടു കൂട്ടുപോകുന്നു എന്ന് കരുതുന്നത് തെല്ല് കഷ്ടമല്ലേ? ജീവിതത്തിന്‍റെ പരുപരുത്ത മുള്ളു വിതറിയ വഴികളിലൂടെ ഒരു സഞ്ചാരം ഇനിയും സാധ്യമാണ്. പഴയ നിയമ ശൈലിയില്‍ പകല്‍ മേഘമായും രാത്രി അഗ്നിയായും ആരോ ഒരാള്‍ സദാ നിങ്ങള്‍ക്ക് കൂട്ടുവരുന്നുണ്ട്. ഉത്പത്തിയുടെ ആരംഭം തൊട്ടേ ആ സഞ്ചാരമുണ്ട്. പുരുഷനും സ്ത്രീക്കും നടുവില്‍ അവനെ ചേര്‍ത്തുപിടിച്ചു നടക്കുന്നത് ആരാണെന്നു നോക്കൂ.

ഒന്ന്, സുകൃതങ്ങള്‍ കൊണ്ട് മോക്ഷാനുഭവങ്ങള്‍ നേടിയെന്ന് ഹുങ്ക് പറയുന്ന എല്ലാവരെയും നോക്കി പരിഹാസമില്ലാതെ കരുണയെ യാചിച്ചു കൊണ്ട് ആ നല്ല കള്ളന്‍ നില്‍പ്പുണ്ട്. വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അത് നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്, അത് പ്രവൃത്തിയുടെ ഫലമല്ല, തന്മൂലം ആരും അതിലഹങ്കരിക്കേണ്ടതില്ല എന്ന് പൗലോസ് എഴുതുമ്പോള്‍ നിശ്ചയമായും അയാളുടെ ഓര്‍മ്മ മനസ്സിലുണ്ടായിരിക്കണം.

സ്വന്തം മോക്ഷം ഉറപ്പാക്കാന്‍ വേണ്ടി മാത്രമല്ല അപരന്‍റെ മോക്ഷം ഉറപ്പുവരുത്താനും ഇക്കാലം എന്നെ സഹായിക്കണം. വീടിനെക്കുറിച്ചെഴുതുമ്പോള്‍ ചാവറപ്പിതാവ് 'ആകാശമോക്ഷം കണക്കൊരു വീട്' എന്ന് 'നല്ലപ്പന്‍റെ ചാവരുളില്‍' എഴുതിയത് വായിച്ചിട്ടില്ലേ? ഇത്തിരി മനസ്സു വച്ചാല്‍ ഉറ്റവരുടെ മോക്ഷം ഉറപ്പു വരുത്തുവാന്‍ നമുക്കും ബലമുണ്ട്. ചിലരെ ചേര്‍ത്തുപിടിക്കുമ്പോള്‍, സാരമില്ല എന്ന് പറയുമ്പോള്‍ ഒരു വീട്ടങ്കണം പോലും മോക്ഷകവാടമായി പരിവര്‍ത്തനം ചെയ്യുന്നു. പത്രോസിനോട് യേശു പറഞ്ഞ നലം തികഞ്ഞ ആ കവിത ഓര്‍ക്കുക.

'നിന്‍റെ കൈവെള്ളയില്‍ ഉറ്റവരുടെ മോക്ഷ പ്രാപ്തിക്കു വേണ്ടിയുള്ള താക്കോല്‍ ഞാന്‍ വച്ചിട്ടുണ്ട്.'

കരം തുറന്നു നോക്കുക. കൈരേഖകള്‍ക്കിടയിലൂടെ സ്വര്‍ഗ്ഗത്തിന്‍റെ സ്വര്‍ണ്ണത്താക്കോല്‍ തെളിഞ്ഞു വരുന്നത് കാണുക. നിങ്ങള്‍ തുറക്കുന്ന വാതിലിലൂടെ ഉറ്റവര്‍ ഹര്‍ഷാരവത്തോടെ അതിലേക്ക് പ്രവേശിക്കുന്നത് നിറമിഴികളോടെ കാണുക. തപസ്സ് പിന്നെയും നിര്‍മ്മലമാക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org