മര്‍ക്കോസിന്റെ സുവിശേഷ തനിമ

മര്‍ക്കോസിന്റെ സുവിശേഷ തനിമ

പോള്‍ തേലക്കാട്ട്

നാലു സുവിശേഷങ്ങളില്‍ ഏറ്റവും ഹ്രസ്വവും ഏറ്റവും പൗരാണികവുമായതു മര്‍ക്കോസ് എഴുതിയ സുവിശേഷമാണ്. ഈ ഗ്രന്ഥത്തിനു ഗ്രീക്കു കഥ പറച്ചിലിന്റെ ഘടനയുണ്ട് എന്നു പറയുന്നവരുണ്ട്. അതിലുപരി യേശുവിന്റെ കഥ പറയുന്നതു അധികാര സംഘട്ടനത്തിന്റെ കഥയായിട്ടാണ്. ഏറ്റവും കൂടുതല്‍ പിശാചുബാധയെക്കുറിച്ചുപറയുന്നതും നിരന്തരമായി പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതും ഈ സുവിശേഷത്തിലാണ്. കാരണം രണ്ടു അധികാര വീക്ഷണങ്ങള്‍ തമ്മിലുള്ള സംഘര്‍ ഷമാണ് മുഖ്യപ്രമേയം. ദൈവവും പിശാചും തമ്മിലുള്ള ബലാബലം.
രണ്ടു തരക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. ദൈവത്തിന്റെയും ദൈവുപുത്രനായ യേശുവിന്റെയും കൂടെ നില്ക്കുന്നവരും അവരുടെ പ്രതിയോഗികളും. സുവിശേഷത്തിന്റെ അനുഭവത്തില്‍ മോക്ഷവും രക്ഷ യും പ്രാപിക്കുന്നവര്‍ ചെകുത്താന്റെ പീഡനത്തിന്റെ ഇരകളാണ്. അവര്‍ പുറത്താക്കപ്പെട്ടവരും പീഡിതരും ശാരീരികവും മാനസീകവുമായ രോഗികളുമാണ്. ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പീഡിതര്‍ക്ക് മോചനവും സ്വാത ന്ത്ര്യവും കൊടുക്കുന്ന ദൈവപുത്രന്റെ കഥയാണ് മാര്‍ക്കോസ് പറയുന്നത്. റോമിന്റെ സീസറിന്റെ ആധിപത്യാധികാരവും അതിനോട് ഒത്തു നില്‍ക്കുന്നു. യഹൂദ മതാധികാരവും പിശാചിന്റെ ആധിപത്യമായി വ്യാ ഖ്യാനിക്കപ്പെടുന്നു. ഈ അധികാരത്തിലാണ് മനുഷ്യന്‍ പീഡിപ്പിക്കപ്പെടുന്നതും നിശബ്ദനാക്കപ്പെടുന്നതും പുറത്താക്കപ്പെടുന്നതും.
യേശുവിന്റെ അധികാരം ശുശ്രൂഷയുടേതാണ് പക്ഷെ, അതു മനസ്സിലാക്കാനുള്ള സംഘര്‍ഷത്തിലാണ് യേശുശിഷ്യന്മാര്‍. യഹൂദമതത്തിന്റെ അധികാരികളുടെ തീക്ഷ്ണത വെളിവാകുന്നതു പരിഹാസ്യമായ പൈശാചികതയാണ്. അത് ആളുകളെ പീഡിപ്പിക്കുന്നതും. ഈ പീഡന സാഹചര്യത്തില്‍ സഹിക്കുന്ന ദൈവപുത്രന്റെ പരിഹാസം വാക്കുകള്‍ക്കിടയില്‍ സുവിശേഷത്തില്‍ കേള്‍ക്കാം.
ഏറെ ശ്രദ്ധയും സമഗ്രാധിപത്യത്തിന്റെയും ദൈവവിരുദ്ധമായ പീഡനസാഹചര്യത്തിന്റെ ഏകസ്വാച്ഛാധിപത്യത്തില്‍ യേശുവിന്റെ കഥ ബഹുസ്വരതയിലൂടെയാണ് മുന്നേറുന്നത്. പുറജാതിക്കാരിയായ സീറോ ഫെനീഷ്യന്‍ സ്ത്രീയെ പട്ടിയെന്നു വിളിക്കുന്നു. എങ്കിലും അവള്‍ക്ക് ശബ്ദം കൊടുക്കുന്നു, അവളെ പുറത്താക്കുന്നില്ല. അവളുമായി സംഭാഷണമായിരുന്നു. ആ ഭാഷ ഔദ്യോഗികഭാഷണത്തേയും അതിന്റെ പ്രത്യേയശാസ്ത്രങ്ങളെയും അഴിച്ചുപണിയുന്നു. ആ ഭാഷ ഒരു സൗഹൃദാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അതു ഒരാളുടെയോ ഒരു വീക്ഷണത്തിന്റെ യോ മാത്രമല്ല. അവിടെ പല ഭാഷകളും പല ലോകവീക്ഷണങ്ങളും വ്യവസ്ഥിതികളും ഉള്‍ക്കൊള്ളുന്നു. ഇവിടെ പല സ്വരങ്ങളുടെ ബഹുസ്വരതയിലൂടെയാണ് എഴുത്തുകാരന്റെ ഉദ്ദേശ്യങ്ങള്‍ കഥാപാത്രങ്ങളിലൂടെ ആഖ്യാനവഴി സൃഷ്ടിക്കുന്നത്.
മര്‍ക്കോസിന്റെ സുവിശേഷം ഉതപ്പുകളുടെ സുവിശേഷവുമാണ്. അധികാരത്തെ സ്ഥാനഭ്രഷ്ടമാക്കുന്ന ഭീകരദൃശ്യങ്ങള്‍ മര്‍ക്കോസ് അവതരിപ്പിക്കുന്നുണ്ട്. പങ്കാളിത്തത്തില്‍ നിന്നു പുറത്താക്കപ്പെട്ടവരുടെ സാന്നിധ്യം ഉടനീളമുണ്ട്. മഹാനായ അധികാരി കടന്നു പോകുമ്പോള്‍ സാധാരണക്കാരന്‍ ഭവ്യതയാല്‍ താണുവണങ്ങുമ്പോഴും നിശ്ബദമായി വിഘടിക്കുന്ന ദൃശ്യങ്ങള്‍ ഈ സംഘട്ടനങ്ങളിലൂടെ കഥ പറയുന്നതു ജറുസലേമിലേക്കു ലക്ഷ്യമാക്കിയുള്ള യാത്രയിലാണ്. സാഹസികതയുടെ ഈ യാത്രാവിവരണം ആരംഭിക്കുന്നതു മണല്‍ക്കാട്ടില്‍ നിന്നാണ്. അതു ജറുസലേമിനു പുറത്തുകൂടെ ഗലീലി കടലിന്റെ രണ്ടു വശ ത്തും ചെസ്സാറയ ഫിലിപ്പിയയിലൂടെയാണ് പോകുന്നതും. ഈ കഥ ജറുസേലമിലേക്കുള്ള സ്ഥലകാലങ്ങളിലൂടെ വികസിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നു വേര്‍പ്പെട്ട കണ്ടുമുട്ടലുകളും സംഭവങ്ങളുമായി അതു നീങ്ങുന്നു. ജറുസലേമില്‍ അതു സംഘടന പരമ്പരയായി മാറി ജീവിതം പൂര്‍ത്തീകരിക്കുന്നു. യേശുവിന്റെ കഥ പ്രവാചകരിലൂടെ വെളിവാക്കപ്പെട്ടതും ആ പാരമ്പര്യം പേറുന്നതുമാണ്. അതു ബത്പഗയില്‍ നിന്നും ബഥാനിയയില്‍ നിന്നും മുന്നോട്ടുപോയി, ഗലീലികടലിന്റെ പടിഞ്ഞാറു ഭാഗത്തു പുറജാതിക്കാരുടെ ഇടയിലൂടെ വിലക്കപ്പെട്ടവര്‍ക്കു ദൈവരാജ്യം പങ്കുവച്ചുകൊണ്ട് ദേശീയതയുടെയും വംശീയതയുടെയും മറികടന്നു പേഗന്‍ മതപാരമ്പര്യങ്ങളുുമായി ബന്ധപ്പെട്ടാണ് ദൈവരാജ്യത്തിന്റെ വരവിന്റെ കഥ വിവരിക്കുന്നത്. അവിടെ അതിര്‍വരമ്പുകള്‍ നിരന്തരം ഭേദിക്കുന്നു.
മര്‍ക്കോസിന്റെ സുവിശേഷത്തിലുടനീളം പിശാചുബാധയും അക്രമണവും നിറഞ്ഞു നില്‍ക്കുന്നു. റോമിന്റെ വിദേശാധിപത്യം പിശാചു ബാധയായി പ്രത്യക്ഷമാകുന്നു. അതു അക്രമത്തിന്റെ കടന്നുവരവും പീ ഡനവുമാണ്. ഗരസേനരുടെ നാട്ടിലെ പിശാചുബാധിതന്റെ ശരീരമാണ് പീഡനത്തിനായി ആവസിക്കുന്നത്. ഈ പിശാചുബാധിതന്‍ തന്നെ ആവസിക്കുന്ന പിശാചിന്റെ പേരു പറയുന്നു – ലെഗിയോണ്‍. ഈ പദം റോമന്‍ പട്ടാളത്തിന്റെ സാങ്കേതികപദമാണ്. അതു റോമിന്റെ പട്ടാളാധികാരത്തെയാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ദൈവികത ഭീകരമായ പിശാചു ബാധയെ സ്പര്‍ശിക്കുന്നു ശുദ്ധമാക്കുന്നു. മരിച്ചകുട്ടിയെയും കുഷ്ഠരോഗിയേയും രക്തസ്രാവമുള്ളവളെയും ചുങ്കം പിരിക്കുന്നവരേയും പുറത്താക്കപ്പെട്ട് ഓരങ്ങളില്‍ കഴിയുന്നവരേയും നിശബ്ദനാക്കപ്പെട്ട ഊമനേയും സ്പര്‍ശിക്കുന്നു. തൊട്ടുകൂടായ്മയുടെ നിയമം ലംഘിച്ചുകൊണ്ടാണ് ഈ സ്പര്‍ശനങ്ങള്‍. തൊട്ടവന്‍ അശുദ്ധനായില്ല. തൊടപ്പെട്ടവര്‍ ശുദ്ധരായി, സ്വതന്ത്രരായി. അവര്‍ ജറുസേലേമില്‍ എത്തി. ഭണ്ഡാരത്തില്‍ ചെമ്പു നാണയമിട്ടവള്‍ "തന്റെ ഉപജീവനത്തിന്റെ തുക മുഴുവന്‍" നല്കിയ കഥ പറയുമ്പോള്‍ അതു "വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങിയവരെ ചൊടിപ്പിക്കുന്നു. കുഷ്ഠരോഗിയുടെ വീട്ടില്‍ അതിഥിയായി ചെന്നപ്പോള്‍ വിലക്കു ലംഘിച്ചവന്റെ ശരീരം സുഗന്ധതൈലലേപനം പൂശുന്നത് ചിരിപ്പിക്കുന്ന വിരുദ്ധോക്തിയായി മാറുന്നു. റോമിന്റെയും മതത്തിന്റെയും സംയുക്തമായ അധികാര പൈശാചികത സുവിശേഷമായവനെ ക്രൂശില്‍ തറച്ചു; പരിഹസിച്ചു. അവന്‍ ദൈവദോഷമായി കുരിശില്‍ കിടന്നു. അപരന്റെ ആധികാരികത ഉയിര്‍പ്പിക്കപ്പെട്ടു. വെള്ളവ സ്ത്രം ധരിച്ച യുവാവ് സ്‌നാപകന്റെയും ഏലിയായുടെയും പ്രവാചക പാരമ്പര്യം ഉറപ്പായി പ്രഘോഷിക്കുന്നു. അക്രമത്തിന്റെ പിശാചുബാധയില്‍ ഭീകരമാക്കപ്പെട്ട ശരീരങ്ങളെ തൊട്ട് സുഖമാക്കിയവന്റെ ശരീരം പരിഹാസപാത്രമാക്കി, ഭീകരദൃശ്യമായി കുരിശില്‍ നാട്ടി. സൈനികവും പൈശാചികവുമായ അധികാരത്തിന്റെ ഭീകരദൃശ്യം. കാര്‍ണിവല്‍ ആഘോഷത്തെക്കുറിച്ച് മിഖായേല്‍ ബക്ത്തീന്‍ എഴുതി "ഭീകരദൃശ്യത്തിന്റെ സത്താപരമായ നന്മ. തരം താഴ്ത്തലാണ് – ഉന്നതമായതിനെ, ആത്മീകവും, ആദര്‍ശപരവുമായതിനെ താഴ്ത്തുക." അതായിരുന്നു മനുഷ്യാവതാരം, കുരിശുമരണം ദൈവികത മാംസം ധരിച്ച് ഭീകരമായി – മനുഷ്യന്‍ മാംസം ഉയര്‍ത്തപ്പെടാന്‍, മഹത്വപ്പെടാന്‍, ദൈവത്തിന്റെ കാര്‍ണിവല്‍ ആഘോഷം. "ആധിപത്യം വഹിക്കുന്ന വസ്തുതയില്‍ നിന്നും ഭരണത്തിലിരിക്കുന്ന ക്രമത്തില്‍നിന്നും മോചനം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org