ഇലാമപ്പഴങ്ങള്‍ നന്നായ് പഴുത്തിരിക്കുന്നു

ഇലാമപ്പഴങ്ങള്‍ നന്നായ് പഴുത്തിരിക്കുന്നു

ലിറ്റി ചാക്കോ

ഇലാമപ്പഴങ്ങള്‍ നിറയെ കായ്ക്കുന്ന നാടാണ് നമ്മുടേത്. ജനിക്കുമ്പോഴേ അത് പലതുള്ളിയായി നമ്മുടെ ബോധ്യങ്ങളില്‍ വീണു നിറഞ്ഞിരിക്കുന്നു. മതം, സ്ത്രീ, പ്രകൃതി എന്നു വേണ്ടാ, പെട്ടെന്ന് പരിക്കേല്‍ക്കാനിടയുള്ള എന്തിലും ഏറെക്കഴിഞ്ഞും അതിന്റെ വെളുത്ത നീരിന്റെ പാടുകളുണ്ടാവും.

കലാപങ്ങളുണ്ടാകുവാന്‍ അധിക നേരമൊന്നും വേണ്ടെന്നു പലകാലങ്ങളില്‍ പലരീതിയില്‍ കാലം നമ്മോടു പറയാറുണ്ട്. 'ഗുരു' എന്ന സിനിമ അതിമനോഹരമായ് അതു ചിത്രീകരിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കലാപവും പെട്ടെന്നുണ്ടാവുന്നവയല്ല എന്ന് ചുഴിഞ്ഞൊന്നാലോചിച്ചാല്‍ പിടി കിട്ടും. ആദ്യം ഒരു പ്രസ്താവന, പിന്നെയൊരു പിന്തുണ, ഇതുമായി ബന്ധമില്ലാത്ത മറ്റെന്തെങ്കിലും വിഷയത്തില്‍ ഒരു പ്രകോപനം, അങ്ങനെയങ്ങനെ, ആളിക്കത്താന്‍ തുടുത്തുനില്‍ക്കുന്ന കനലിലേക്ക് പൊടുന്നനെ തെറ്റിവീഴുന്നൊരു കൊള്ളിയില്‍ ഒരു തീഗോളം. തീര്‍ന്നു. ശുഭം.

മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. മൂലത്തിലേക്കെത്തുമ്പോള്‍ ഒരു കലാപത്തിന്റെയും കാരണം, അതുവരെ പറഞ്ഞു കേട്ടതാവുകയുമില്ല എന്നതാണ് സത്യം.

ഉദയംപേരൂരില്‍ പണ്ട് മെനെസിസ് അഴിച്ചിട്ട ഫാന്‍സി ഡ്രസ്സുകളില്‍ ചിലതൊക്കെ ഇനിയും കീറിയിട്ടില്ലെന്നാണ് സമീപകാലത്തെ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കീറിയില്ലെന്നതോ പോകട്ടെ, കിട്ടിയവരെല്ലാം അതെടുത്ത് ഇടാനും നിന്നാലോ! കാലം തെറ്റി, ഫാഷന്‍ തെറ്റി അലങ്കോലമായാണതെല്ലാം കിടക്കുന്നതെന്ന് ആരാണവര്‍ക്കൊക്കെയൊന്ന് പറഞ്ഞുകൊടുക്കുക?

മതത്തെ ജനസംഖ്യാപരമായി പോറ്റി വളര്‍ത്തി വലുതാക്കണമെന്ന് ആര്‍ക്കാണ് വാശിയുള്ളത്? അധികാരം വേണ്ടവന്. അധികാരത്തിന്റെ മാദകമായ ലഹരികള്‍ കൊതിക്കുന്നവര്‍ക്ക്. അല്ലാത്തവര്‍ക്ക് വഴിയോരവും സത്രവും മരച്ചുവടും സാമാനങ്ങള്‍. ഈ തൊഴുത്തിലല്ലാത്ത ആടുകളെ അന്വേഷിക്കുന്നതില്‍ തെറ്റു കണ്ടെത്താത്ത ഒരു സമൂഹം മറ്റൊരാളെ അതേ വിഷയത്തില്‍ തിരുത്താന്‍ പോകേണ്ടതുണ്ടോ?

ഒരു പ്രസ്താവന വീണുകിട്ടാന്‍ കാത്തുനില്‍ക്കുന്നുണ്ട് രാഷ്ട്രീയലാക്കുള്ളവര്‍. എത്രവേഗമാണ് ചില കാര്യങ്ങളില്‍ പിന്തുണകള്‍ ഉണ്ടാവുന്നത്! എവിടെ നിന്നെങ്കിലും എന്തെങ്കിലും അനുകൂലമായ നീക്കങ്ങള്‍ നമ്മള്‍ കാത്തിരിക്കുന്ന വിധികളില്‍ ഉണ്ടാകുമോ എന്ന് പ്രതീക്ഷിക്കുന്നതിനാലാണോ ഈ പുതിയ ബാന്ധവങ്ങള്‍? നാര്‍ക്കോട്ടിക് ജിഹാദിന്റെ ഏറ്റവും വലിയ തെളിവായവതരിപ്പിക്കപ്പെടുന്ന വാഗമണ്‍ കേസിലെ റിസോര്‍ട്ടുടമ ക്രിസ്ത്യാനിയാണെന്നുകൂടി വരുമ്പോള്‍ ഈ കൊട്ടിഘോഷിക്കപ്പെടുന്ന വിവാദങ്ങളിലൊക്കെ മതമാണെന്നാണോ വായിക്കേണ്ടത്? അതോ ഈ വ്യാപാരത്തിന് ചുക്കാന്‍ പിടിച്ചത് ഞങ്ങള്‍ തന്നെയാണെന്ന് പ്രഖ്യാപിക്കാനുള്ള ആത്മാര്‍ത്ഥതയോ?

പണ്ടൊരു ബഷീര്‍ വര്‍ഗ്ഗീസിനൊപ്പം കേശവന്റെ വീട്ടില്‍ ചോറുണ്ടപ്പോള്‍ അവര്‍ കൂട്ടുകാരായിരുന്നു, ഇന്നിപ്പോള്‍ അത് മതമൈത്രിയായെന്ന് പണ്ടാരോ പറഞ്ഞതോര്‍ക്കുന്നു.

സമൂഹത്തെയാകെ ആളിക്കത്തിക്കുന്ന പ്രസ്താവനകളും പ്ര കോപനപരമായ പ്രകടനങ്ങളും ക്രൈസ്തവരുടെ ശൈലിയല്ല. അത് പനവേലില്‍ അച്ചന്‍ പറഞ്ഞതുപോലെ സമുദായവാദമാണ്. അതില്‍ ആത്മീയതയില്ല. സ്ത്രീപീഡനങ്ങളും കന്യാസ്ത്രീസമരങ്ങളും നാള്‍ക്കുനാള്‍ ലൈംഗികാപവാദങ്ങളും ഉണ്ടായപ്പോള്‍ മൗനം ഭജിച്ചവരുടെ ഇപ്പോഴത്തെ ഇടപെടലുകളില്‍ പൊതുസമൂഹത്തിനു ശങ്ക തോന്നിയതില്‍ അതിശയമില്ല. ന്യൂനപക്ഷ കമ്മീഷന് മുന്നില്‍ കത്തുകള്‍ തയ്യാറാക്കി നല്‍കി അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിശ്വാസികളെ കൂട്ടു ചേര്‍ത്തവര്‍ കുര്‍ബാനക്രമം ഏകീ കരിക്കുന്നതില്‍ പുരോഹിതരുടെ പോലും പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്നതിലെ ദുരൂഹതയും കത്തോലിക്കരിലുമുണ്ട്.

ഈ ബഹളങ്ങളില്‍ നിന്നെല്ലാം മാറിയൊരുത്തന്‍ പുറത്തു നില്‍പ്പുണ്ട്. അവന്റെ മേല്‍ ചോരപ്പാടുകളും ആണിപ്പഴുതുകളുമുണ്ട്. അവനെയങ്ങ് എഴുതിത്തള്ളി വീണ്ടും കുതിക്കുമ്പോള്‍, ഒരു നിമിഷമോര്‍മ്മിക്കുക.

വ്യഭിചാരിണിയെ കല്ലുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയവനും കച്ചവടക്കാര്‍ക്കു നേരെ ചാട്ടവാറോങ്ങിയവനും അവന്‍ തന്നെയാണ്. കര്‍ത്താവ്! ചില്ലുമേടകളും പട്ടു മെത്തകളും അവനെ ഇന്നും മോഹിപ്പിക്കുന്നില്ല. കൂട്ടുകൂടാന്‍ നേരത്തവന്‍ ഒരു പാതയോരത്തിറങ്ങുന്നുണ്ട്. ഉറങ്ങാന്‍ നേരമാകുമ്പോള്‍ ഒരു കാലിക്കൂട് തേടുകയും.

സാമുദായികമായ ഉദ്‌ബോധനങ്ങളെക്കാള്‍ ബോബിയച്ചന്‍ എഴുതിയ ഒരു പുസ്തകത്തില്‍ ആത്മീയമാവാനും ചുറ്റുപാടുകളില്‍ കര്‍ത്താവിനെ കാണുവാനും നേരുള്ള ജീവിതമാണ് ബലിയെന്നു വിശ്വസിക്കുവാനും ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. അവര്‍ക്കു ചിലപ്പോള്‍ മെനെസിസ് വെട്ടിക്കളഞ്ഞ, അല്മായന്‍ എന്ന വാക്കിനേക്കാള്‍, എണങ്ങന്‍ എന്ന ആ പഴയ പേരില്‍ വിളിക്കപ്പെടുന്നതാവും ഇഷ്ടം. അതിനാല്‍ ഇന്ന് കത്തോലിക്കാസമൂഹത്തിന് വിവേകമാണുണ്ടാവേണ്ടത്.

ഇലാമപ്പഴങ്ങളുടെ മാംസളതയിലാണ് വിഷം. അതിന്റെ മൃദുലതകളെല്ലാം ചുരണ്ടിക്കളയുമ്പോള്‍ ഒരു കടുത്ത കായ് കിട്ടും. അത് പൊട്ടണം. മനസ്സുരുക്കി വീഴ്ത്തണം. അതില്‍ നിന്നുമിറ്റു വീഴുന്ന തുള്ളിയില്‍ വീണ്ടും കാഴ്ചയുടെ പൂരമുണ്ട്.

മതത്തിന്റെ ആടയാഭരണങ്ങളില്‍ അഭിരമിക്കുന്നവന്‍ കാണാതെ പോകുന്ന ഈ സത്തയാണ് ഈശ്വരന്‍.

ശാസ്ത്രം നന്നായി പഠിച്ചു, ബോംബുണ്ടാക്കുന്നവനെ മിടുക്കന്‍ എന്ന് വിളിച്ച നമ്മള്‍, അത് പൊട്ടിക്കാതെ നിര്‍വീര്യമാക്കിക്കളഞ്ഞവനെ വിവേകി എന്നും വിളിക്കുന്നുണ്ടെന്ന് മറക്കരുത്.

തീപ്പെട്ടിത്തുമ്പിലും വെടിമരുന്നുതന്നെയാണ്.

അങ്ങോട്ടുചെന്നു വീഴുന്ന നേരംമതി, അവിടെയുള്ള ബന്ധുക്കള്‍ ഓടിവന്നാശ്ലേഷിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org