ക്ഷേത്ര ഗണിതത്തിന്റെ ഉത്ഭവം

ക്ഷേത്ര ഗണിതത്തിന്റെ ഉത്ഭവം

പോള്‍ തേലക്കാട്ട്

ശാസ്ത്രചരിത്രത്തില്‍ വളരെ സ്വാധീനം ചെലുത്തിയ ഹുസ്സേലിന്റെ 1936-ല്‍ എഴുതിയ ഗ്രന്ഥമാണു "ക്ഷേത്രഗണിതത്തിന്റെ ഉത്ഭവം." അതിന് 1962-ല്‍ ഡെറിഡ് എഴുതിയ വളരെ പ്രശസ്തവും ദീര്‍ഘവുമായ ആമുഖമുണ്ട്. ഗ്രന്ഥത്തില്‍ ഹുസ്സേല്‍ എഴുതി: "കാലത്തില്‍ മൂല്യമെന്ന ആത്യന്തികതയ്ക്കു നല്കിയ ശീര്‍ഷകമാണു ശാസ്ത്രം. അങ്ങനെ കണ്ടെത്തിയ ഓരോ മൂല്യവും പിന്നീടുള്ള മാനവികതയുടെ മൂല്യശേഖരമാണ്. വ്യക്തമായി അതു സംസ്‌കാരം, വിജ്ഞാനം, ദര്‍ശനം എന്നിവ നിശ്ചയിക്കുന്ന കാര്യമായി മാറുന്നു." ജ്യോമിട്രിയുടെ ഉത്ഭവം എന്തു മൂല്യമാണു ലോകസംസ്‌കാരത്തിനു നല്കിയത്? ഏറ്റവും പ്രധാനം യുക്തി എന്നതു ചരിത്രത്തെ നയിക്കുന്ന സരണിയായി തിരിച്ചറിയുന്നു. ഈ യുക്തിയിലാണ് ആത്യന്തികമായി മാനവഐക്യം സംജാതമാകുന്നത്.
യുക്തിപരമായ ശാസ്ത്രങ്ങളിലൊന്നാണു ഗണിതശാസ്ത്രം. അതില്‍ത്തന്നെ ഇടത്തിന്റെ രൂപങ്ങളുടെ ഗണിതമാണു ജ്യോമിട്രി. അതു ദേശ-കാല മാറ്റമില്ലാതെ എപ്പോഴും ത്രികോണത്തിന്റെയും വൃത്തത്തിന്റെയും ചതുരത്തിന്റെയുമൊക്കെ കണക്കാണ്. ഈ കണക്കിനു ദേശവര്‍ഗങ്ങളോ മതഗോത്രങ്ങളോ വ്യത്യാസമില്ലാത്ത ഒന്നാണ്. ഈ ഗണിതവും അതിന്റെ ഭാഷയും സൃഷ്ടിക്കുന്നതു മുഷ്യന്റെ ഒരു പൊതുചക്രവാളമാണ്. അത് അടയാളബിംബഭാഷയുടെ സാര്‍വത്രീകരണമാണ്. അതു ക്ഷേത്രഗണിതത്തിന്റെ ആഗോളീകരണമാണ്. ഈ ഗണിതശാസ്ത്രം ഉണ്ടാക്കുന്നത് ആഗോളസംവേദനഭാഷയാണ്. ഈ ഗണിതഭാഷ ഘടനകളുടെ ഭാഷയാണ് – ഏതു ക്ഷേത്രവും പള്ളിയും കെട്ടിടവും ഘടനകളും ഭാഷയില്‍ ഉണ്ടാക്കപ്പെടുന്നു. ഈ ഗണിതം ഉണ്ടാക്കുന്നത് ആഗോളസംവേദനഭാഷയാണ്. ക്ഷേത്രഗണിത ഭാഷ സാധിക്കുന്നത് ആഗോളസാര്‍വത്രികതയുടെ സാദ്ധ്യതയാണ്.
അത് ആഗോളീകൃത മനുഷ്യന്റെ സംവേദന ഐക്യമാണ് ഉണ്ടാക്കുന്നത് – അതാകട്ടെ മനുഷ്യന്റെ ഐക്യവും കൂട്ടായ്മയും. ഇവിടെ ഏറ്റവും പ്രധാനം ജ്യോമിട്രി എന്നത് അര്‍ത്ഥഘടനയുടെ ആദര്‍ശവത്കരണവും ആഗോളീകരണവുമാണ്. ഗണിതശാസ്ത്രം മനുഷ്യനെ ദേശഗോത്രങ്ങളും വംശങ്ങളും തീര്‍ക്കുന്ന അതിര്‍ത്തികള്‍ ഭേദിച്ച് എല്ലാ ദേശങ്ങളിലേക്കും യാത്രയാകാനും ദേശാതീതമായ ശാസ്ത്രവീക്ഷണത്തിന്റെ ലോകപൗരന്മാരാക്കാനും പ്രേരകമാകുന്നു. അതൊരു സംഭ്രാതൃത്വത്തിന്റെ ആഗോളചക്രവാളം തീര്‍ക്കുന്നു. "സൗഹൃദത്തിന്റെ ചക്രവാളം ലോകത്തിന്റെ ചക്രവാളം ഉണ്ടാക്കുന്നു. അതു ലോകത്തിന്റെ ഐക്യം സംജാതമാക്കുന്നു" എന്നു ഡറീഡ എഴുതി. മനുഷ്യവംശം ഒരു ഭാഷാ സമൂഹമായി മാറുന്നു. പൊതുസ്ഥലത്തെക്കുറിച്ചുളള ക്ഷേത്രഗണിതം എല്ലാ മനുഷ്യര്‍ക്കും ഒരു പൊതു അടിസ്ഥാനമാണ് എന്നു വിളിച്ചുപറയുന്നു. ചരിത്രത്തിന്റെ അകത്തു നടന്ന വിപ്ലവമായി എഡ്മണ്ട് ഹുസ്സേല്‍ ഇതിനെ വിശേഷിപ്പിച്ചു. നമുക്ക് ഒരേയൊരു ജോമിട്രിയുള്ളതുപോലെ നമുക്ക് ഒരു ലോകമാണ്. ഇതു ഒരു ദാര്‍ശനികതയുടെ മാനവഐക്യവും അര്‍ത്ഥമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org